മുംബൈ: ആരാധനാലയങ്ങളിലൂടെ ഉച്ചഭാഷിണികൾ ഉപയോഗിച്ച് നടത്തുന്ന ശബ്ദശല്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ബോളിവുഡ് ഗായകൻ സോനു നിഗം തനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച മൗലവിയെ കളിയാക്കിക്കൊണ്ട് സ്വന്തം തലമുണ്ഡനം ചെയ്തു. ഇന്നു രാവിലെയാണ് ഗായകൻ മൊട്ടയടിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണിയിലൂടെയുള്ള പ്രാർത്ഥനകൾക്കും ബാങ്കുവിളികൾക്കും ആരാധനാ നിർദ്ദേശങ്ങൾക്കും എതിരെ ഗായകൻ സോനു നിഗം കഴിഞ്ഞദിവസം രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ എന്നിങ്ങനെ എവിടെയായാലും ഉച്ചഭാഷണികളിലൂടെയല്ല ആരാധന നടത്തേണ്ടതെന്നും ഇത്തരം രീതികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം അല്ലാതിരുന്നിട്ടും ബാങ്ക് വിളി കേട്ട് ഉണരേണ്ടി വരുന്നത് മതവിശ്വാസം അടിച്ചേൽപ്പിക്കുന്നതാണെന്ന സോനുവിന്റെ ട്വീറ്റ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സോനുവിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു. സോനുവിന്റെ തല മൊട്ടയടിച്ച് കഴുത്തിൽ ചെരുപ്പ് മാലയണിഞ്ഞ് രാജ്യം മുഴുവൻ ചുറ്റിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ നൽകുമെന്നായിരുന്നു ഒരു മൗലവിയുടെ പ്രഖ്യാപനം. ഇതിനെ കളിയാക്കിക്കൊണ്ടാണ് ഇന്ന് സോനു തല മൊട്ടയടിച്ചത്.

ആരാധനാലയങ്ങളിലെ ഉച്ചഭാക്ഷിണികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പശ്ചിമ ബംഗാളിലെ മുസ്ലിം മതപണ്ഡിതൻ പുറപ്പെടുവിച്ച ഫത്വയ്ക്കെതിരെ അതേ നാണയത്തിൽ പ്രതികരിക്കുകയായിരുന്നു ബോളിവുഡ് ഗായകൻ. ഫത്‌വയ്ക്ക് മറുപടിയെന്നോണം പത്ത് ലക്ഷം രൂപ തയ്യാറാക്കി വെക്കാൻ മൗലവിയോട് ആവശ്യപ്പെട്ട ശേഷം ഗായകൻ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ തല മൊട്ടയടിച്ചു. ബുധനാഴ്‌ച്ച സ്വന്തം വീട്ടിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബാങ്ക് വിളിക്കെതിരായ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഗായകൻ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ വിഷയം വീണ്ടും വലിയ ചർച്ചയായി.

ഉച്ചഭാഷണികളില്ലാതിരുന്ന കാലത്തു വിശ്വാസം നിലനിന്നിരുന്നില്ലേ എന്ന ചോദ്യവും സോനു നിഗം ഉന്നയിച്ചു. മുസ്‌ലിം അല്ലാതിരുന്നിട്ടും പുലർച്ചെ ഉണരുന്നത് ബാങ്കുവിളി കേട്ടാണെന്നും ഇന്ത്യയിലെ ഈ നിർബന്ധിത മതാരാധന എന്ന് അവസാനിക്കും എന്നുമാണ് അടുത്ത ട്വീറ്റ് ഉണ്ടായത്. അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ, വീണ്ടും ട്വീറ്റുമായെത്തി.

ഇസ്‌ലാംമതത്തിന്റെ ആദ്യകാലത്തു വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണു ശേഷമല്ലേ മൈക്ക് വച്ചുള്ള പ്രാർത്ഥനകൾ കേൾക്കേണ്ടി വരുന്നതെന്നുമായിരുന്നു ട്വീറ്റ്. ഇതോടെ എതിർത്തും അനുകൂലിച്ചുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ കൊഴുത്തു. ഇതിന് പിന്നാലെ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെയുള്ള അതൃപ്തിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സോനു നിഗം വ്യക്തമാക്കുകയും ചെയ്തു.

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലർച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു. എന്നാണീ നിർബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കേണ്ടിവരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ആദ്യ ട്വീറ്റ്. മത അനുയായി അല്ലാത്ത ഒരാളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണർത്തുന്ന ക്ഷേത്രങ്ങളോടോ ഗുരുദ്വാരകളോടോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.