- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനുള്ളത്; നിരപരാധിത്വം കാലം തെളിയിക്കും'; മുന്നോട്ടുള്ള യാത്ര തുടരുമെന്ന് നടൻ സോനു സൂദ്
ന്യൂഡൽഹി: ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ ആദ്യ പ്രതികരണവുമായി ബോളിവുഡ് നടൻ സോനു സൂദ്. തന്റെ ഫൗണ്ടേഷന്റെ പേരിലുള്ള ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനുമുള്ളതാണ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുദിവസമായി അതിഥികളെ (ആദായ നികുതി വകുപ്പ്) വരവേൽക്കുന്നതിൽ തിരക്കിലായിരുന്നുവെന്നും നടൻ ട്വിറ്ററിൽ കുറിച്ചു.
'ഓരോ ഇന്ത്യക്കാരന്റെയും നല്ല മനസ്സുകൊണ്ട് അതികഠിനമായ പാത പോലും എളുപ്പമായി തോന്നാം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ വിശദീകരണം ട്വിറ്ററിൽ കുറിച്ചത്. ' എന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനും കാത്തിരിക്കുന്നു. ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ ലഭിക്കുന്ന സംഭാവനകൾ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു.'- സോനു പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി തിരിക്കലായിരുന്നുവെന്നും നിങ്ങളെ സേവിക്കാനായി താൻ തിരിച്ചെത്തിയെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. തന്റെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സോനുവിന്റെ ട്വീറ്റിനെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ശക്തനായെന്നും ദശലക്ഷം ഇന്ത്യക്കാർക്ക് താങ്കൾ ഹീറോയാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കുറിച്ചത്.
സോനു സൂദ്, 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറയുന്നു.
സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ സജീവമാണു സോനു സൂദ്. എന്നാൽ, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേൽവിലാസം നൽകിയത്.
കോവിഡ് മഹാമാരി സമയത്തും ലോക്ഡൗണിലും 48കാരനായ സോനു സൂദിന്റെ പ്രവർത്തനങ്ങൾക്ക് വൻ ജനപ്രീതി നേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താരം ആം ആദ്മി പാർട്ടിയുമായി കൈകോർക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് ആദായനികുതി വകുപ്പ് സോനു സൂദിന്റെ വസതിയിലും ഓഫിസുകളിലും റെയ്ഡ് നടത്തിയത്. 20 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ഐ.ടി വകുപ്പ് അറിയിച്ചു. കൂടാതെ ചാരിറ്റി ഫൗണ്ടേഷന് ലഭിച്ച തുക ചെലവാക്കിയില്ലെന്നുമാണ് സോനുവിനെതിരെ ഉന്നയിച്ച ആരോപണം.
എന്നാൽ, ആദായനികുതി വകുപ്പിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തുകയായിരുന്നു സോനു സൂദ്. 'കഥയിലെ നിങ്ങളുടെ വശം എപ്പോഴും പറയേണ്ടതില്ല, സമയം വരും' എന്ന തലക്കെട്ടോടെയാണ് സോനുവിന്റെ വാക്കുകൾ ആരംഭിക്കുന്നത്.
സോനു സൂദിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ലഖ്നോ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്