കൊച്ചി: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് വ്യാഴാഴ്ച ലോഡ്‌സിൽ തുടക്കമാകാനിരിക്കെ കാര്യങ്ങൾ ഇന്ത്യയ്ക്ക് അൽപം കടുത്തതാകുമെന്ന വിലയിരുത്തലുമായി കേരള ക്രിക്കറ്റ് ടീം മുൻ നായകൻ സോണി ചെറുവത്തൂർ. വെറും രണ്ടു വിജയങ്ങൾ മാത്രമാണ് ഇതുവരെ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച മൈതാനങ്ങളിൽ ഒന്നായ ലോഡ്‌സിൽ ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടുള്ളത്.

ട്രെന്റ് ബ്രിഡ്ജിലെതിന് സമാനമായി പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റാണ് ലോഡ്‌സിലും ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പേസർമാരെ ഉപയോഗിച്ച് ഇന്ത്യൻ ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നതെന്നും സോണി ചെറുവത്തൂർ വിലയിരുത്തി.



സോണി ചെറുവത്തൂരിന്റെ വാക്കുകൾ: ട്രെന്റ് ബ്രിഡ്ജിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായിട്ടായിരിക്കണം ടീം ഇന്ത്യ ലോഡ്‌സിലേക്ക് എത്തുന്നത്. ലോഡ്‌സിൽ കാര്യങ്ങൾ അൽപം കടുത്തതാകും ടീം ഇന്ത്യയ്ക്ക് എന്നതിൽ യാതൊരു സംശയവുമില്ല.

അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് അനുകൂലമെന്ന് അവർ വിശ്വസിക്കുന്ന രീതിയിലാണ് ലോഡ്‌സിലെ പിച്ച് ഒരുക്കിയിട്ടുള്ളതെന്ന് ആദ്യ ചിത്രങ്ങൾ പുറത്തുവരുമ്പോൾ തോന്നും. വളരെ മികച്ച രീതിയിൽ ഗ്രാസ് കവറിങ്ങ് ( പുല്ലു നിറഞ്ഞ) ഒരു വിക്കറ്റാണ് ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ നേരിടാൻ ഇംഗ്ലണ്ട് തയ്യാറാക്കിയിരിക്കുന്നത്.

ട്രെന്റ് ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ബോളർമാർ അൽപം നിരാശപ്പെടുത്തിയെങ്കിൽ പോലും പേസ് ബൗളിങ് തന്നെയാണ് ഇന്ത്യക്ക് എതിരെയുള്ള മികച്ച ആയുധമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതർ വിശ്വസിക്കുന്നുണ്ടാകും. മൊയിൻ അലി എന്ന ഓഫ് സ്പിന്നിങ് ഓൾറൗണ്ടറെ, ഇന്ത്യക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് പോലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് മാറി നിൽക്കുകയാണ് മൊയിൻ അലി. എന്നാൽ 100 എന്നുള്ള ആ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി, ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൊയിൻ അലി ഇംഗ്ലണ്ട് നിരയിലേക്ക് എത്തുന്നത്. ആദ്യ ടെസ്റ്റിൽ ഒരു മുൻനിര സ്പിന്നറെ ടീമിൽ കളിപ്പിക്കാതിരുന്ന ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ലോഡ്‌സിലേക്ക് എത്തുമ്പോൾ അവരുടെ സ്‌ക്വാഡിലേക്ക് മൊയിൻ അലിയെ ഉൾപ്പെടുത്തിയത് എന്തെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ് ഈ വിക്കറ്റിൽ നിന്നും കിട്ടുമോ എന്ന് കരുതിയാണ് എന്ന് എനിക്ക് തോന്നുന്നില്ല.

കാരണം ബെൻ സ്‌റ്റോക്‌സിനെപ്പോലുള്ള ക്രിസ് വോക്‌സിനെപ്പോലുള്ള ഓൾറൗണ്ടർമാരുടെ ഒരു അഭാവമായിരിക്കണം മൊയിൻ അലിയെ പരിഗണിക്കാൻ ഇംഗ്ലണ്ട് തയ്യാറായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമായിരുന്നു എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം ഇന്നിങ്‌സിൽ ചേതേശ്വർ പുജാരയും ഒരു നല്ല ആറ്റിറ്റിയൂഡ് കാണിച്ചപ്പോൾ ബാറ്റിങ് ലൈനപ്പിൽ കാര്യമായ ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മായങ്ക് അഗർവാൾ ഫിറ്റായിട്ടുണ്ട്. കളിക്കാൻ തയ്യാറായിട്ടുണ്ട് എന്നത് ശുഭ ലക്ഷണമാണ് ടീം ഇന്ത്യക്ക്. എന്നാൽ ബൗളിങ് ഡിപ്പാർട്ട്‌മെന്റിൽ നാല് ഫാസ്റ്റ് ബൗളർമാരും രവീന്ദ്ര ജഡേജയുമാണ് കഴിഞ്ഞ കളിയിൽ ഇന്ത്യയുടെ ബോളിങ് യൂണിറ്റിൽ ഉണ്ടായിരുന്നത്. അതിൽ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. രവിചന്ദർ അശ്വിനെപ്പോലുള്ള ഒരു മികച്ച സ്പിന്നറെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള ഒരു തീരുമാനമാകില്ല.

ഇന്ത്യയുടെ ഒരു ടീം ലൈനപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്നതാണ് ആദ്യ ടെസ്റ്റിന് ശേഷമുള്ള വിരാട് കോലിയുടെ പ്രതികരണത്തിൽ നിന്നും മനസിലാകുന്നത്. എന്നാൽ വിവി എസ് ലക്ഷ്മണിനെപ്പോലെയുള്ള മുൻ താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ഷാർദ്ദൂൽ ഠാക്കൂറിന് പകരം അശ്വിനെക്കൂടി ഉൾപ്പെടുത്താനുള്ള സാധ്യത, അല്ലെങ്കിൽ അത് നല്ലതാണ് എന്നുള്ള നിരീക്ഷണമാണ് വിവി എസ് ലക്ഷ്മനെപ്പോലുള്ള വിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനം രണ്ടാം ടെസ്റ്റിലും ആവർത്തിക്കുകയാണെന്നുണ്ടെങ്കിൽ, ഇത്തവണ മഴ വില്ലനാകില്ല എന്നു നമുക്ക് പ്രതീക്ഷിക്കാം.