- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം പൊടിച്ച് രാസവസ്തുക്കളിൽ കലർത്തി കടത്താൻ വിരുതുള്ള മാസറ്റർ ബ്രെയിൻ; ശരീരത്തിൽ ലോഹം ഒളിപ്പിക്കുന്നതിലും അഗ്രഗണ്യൻ; സ്വന്തമായി സ്വർണ്ണ ശുദ്ധീകരണ ശാല അടക്കമുള്ള വമ്പൻ സംവിധാനങ്ങൾ; സൂഫിയാൻ കൊടുവള്ളിയിലെ വമ്പൻ സ്രാവ്; വാവാടുകാരൻ മാസ്റ്റർ ട്രെയിനർ
കോഴിക്കോട്: സ്വർണ്ണ കടത്തിൽ കണ്ണൂർ ലോബിയുമായി തട്ടിക്കുമ്പോൾ കൊടുവള്ളി സംഘം എല്ലാ അർത്ഥിലും സ്വയം പര്യാപ്തർ. സ്വന്തമായി സ്വർണശുദ്ധീകരണ കേന്ദ്രമുൾപ്പെടെയുള്ള എല്ലാ സംവിധാനവും ഇവർക്കുണ്ട്. വൻകിട സ്വർണ്ണാഭരണ ശാലകൾക്കുള്ളതു പോലുള്ള അത്യാധുനിക സംവിധാനങ്ങൾ. മലബാറിലെ കടത്തിനെ നിയന്ത്രിച്ചിരുന്നതുകൊടുവള്ളി ലോബിയാണ്. ഇതിനെ തകർക്കാൻ കണ്ണൂർ മാഫിയ എത്തിയതാണ് രാമനാട്ടുകരയിലെ അപകടമുണ്ടാക്കിയത്.
വാവാട് സ്വദേശി സൂഫിയാൻ ഈ രംഗത്തെ പ്രധാനിയും മാസ്റ്റർ ട്രെയിനറുമാണ്. സ്വർണക്കടത്തിന് ശാസ്ത്രീയരീതികൾ അവലംബിച്ചതായിരുന്നു പ്രത്യേകത. സ്വർണം പൊടിച്ച് രാസവസ്തുക്കളിൽ കലർത്തിയടക്കം കടത്തിക്കൊണ്ടുവന്നത് സൂഫിയാന്റെ ആസൂത്രണ മികവാണ്. സ്വർണം ശരീരത്തിൽ എവിടെയൊക്കെ, എങ്ങനെയൊക്കെ ഒളിപ്പിക്കാം, കടത്തിക്കൊണ്ടുവരുമ്പോൾ കാരിയർമാരടക്കം എന്തെല്ലാം ശ്രദ്ധിക്കണം എന്നെല്ലാം കൃത്യമായി അറിയുന്ന സൂഫിയാൻ ഇക്കാര്യത്തിൽ പലർക്കും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനാൽ മാസ്റ്റർ ട്രെയിനറായും അറിയപ്പെടുന്നു.
കൊടുവള്ളിയിൽ രാഷ്ട്രീയക്കാർ അടക്കമുള്ള പ്രമുഖർ കടത്തിന് പിന്നിലുണ്ട്. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ കർട്ടിന് പിന്നിലാണ് ഇന്ന് അവരെല്ലാം. എല്ലാം നിന്ത്രിക്കുന്നത് സൂഫിയാന്റെ നേതൃത്വത്തിലുള്ള സ്വർണക്കടത്ത് സംഘവും. സൂഫിയാനും സ്വന്തമായി സ്വർണ്ണ ശുദ്ധീകരണ ശാലയുണ്ട്. മുക്കം നീലേശ്വരം നൂഞ്ഞിക്കരയിലെ ഈ സ്വർണം ശുദ്ധീകരണ കേന്ദ്രം 2018 ഓഗസ്റ്റിലാണ് ഡിആർഐ കണ്ടെത്തിയത്. 570 കിലോ സ്വർണം ശുദ്ധീകരിച്ചു നൽകിയതിന്റെ രേഖകൾ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു.
സ്വർണം ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾ, സ്വർണം കടത്തുന്ന ഉൾവസ്ത്രങ്ങൾ, രണ്ടരലക്ഷം രൂപയുടെ സ്വർണമിശ്രിതം എന്നിവയും 2018ൽ കണ്ടെടുത്തിരുന്നു. സൂഫിയാനെ ഇതിന് 2 മാസത്തിനു ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഡിആർഐ പിടികൂടി. റിമാൻഡിലായെങ്കിലും ഒരു മാസത്തിനു ശേഷം ജാമ്യം ലഭിച്ച സൂഫിയാൻ ദുബായിലേക്കു കടന്നു. 2019 ഫെബ്രുവരിയിൽ കേസിൽ സൂഫിയാൻ ഉൾപ്പെടെ 5 പേർക്കെതിരെ കൊഫെപോസ ചുമത്തി.
3 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ദുബായിലേക്കു കടന്ന സൂഫിയാൻ ഉൾപ്പെടെ 2 പേരെ പിടികൂടാനായില്ല. 2018 ൽ ദുബായിലേക്കു കടന്ന സൂഫിയാൻ 2020 ഫെബ്രുവരിയിൽ നേപ്പാൾ അതിർത്തി വഴിയാണു നാട്ടിലെത്തി. 3 മാസമായി വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഡിആർഐ സംഘം 2020 മേയിൽ പിടികൂടി. കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയതോടെ ഈ വർഷം ജനുവരിയിലാണ് സൂഫിയാൻ നാട്ടിലെത്തിയത്. ബെംഗളൂരു വിമാനത്താവളം വഴി 12 കിലോ സ്വർണം കടത്തിയ കേസിലും പ്രതിയാണ്.
ദുബായ്, ഖത്തർ, ബഹ്‌റൈൻ, ഷാർജ എന്നിവിടങ്ങളിൽനിന്ന് കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോയമ്പത്തൂർ, ബംഗളൂരു, ലഖ്‌നോ, മുംബൈ, അഹ്‌മദാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി സ്ത്രീകളെയടക്കം കാരിയർമാരാക്കി സ്വർണം കടത്തിയിട്ടുണ്ട് സൂഫിയാൻ. രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ ഇയാൾ വാർത്തകൾ വന്നതോടെ ഒളിവിൽ പോവുകയായിരുന്നു. കേസിൽ സഹോദരൻ ഫിജാസിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ലക്ഷ്യമിട്ടത് സൂഫിയാനെക്കൂടിയായിരുന്നു.
ഇയാളുടെ മറ്റൊരു സഹോദരൻ ജസീർ കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് ഓമശ്ശേരി സ്വദേശി അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ആ സംഘത്തിൽ ഫിജാസിനൊപ്പം ഇപ്പോൾ പിടിയിലായ പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബുമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ