കൊച്ചി: യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യു ട്ഊബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കർശന നിലപാട് എടുക്കാൻ സർക്കാർ. കേസിൽ ഹൈക്കോടതി പരാതിക്കാരിയെ കക്ഷി ചേർത്തു. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയ പരാമർശം നടത്തുകയും ചെയ്തു എന്നാണ് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലുള്ളത്.

ക്രൈം പത്രാധിപർ നന്ദകുമാറിനെതിരേ പരാതി നൽകിയതിനെ തുടർന്നായിരുന്നു സൂരജ് പാലാക്കാരൻ യു ട്യൂബ് വഴി യുവതിയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുക്കുന്നത്. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. അതിശക്തമായ നിലപാട് ഈ കേസിൽ പ്രോസിക്യൂഷൻ എടുക്കും. ഇരയ്‌ക്കൊപ്പം നിൽക്കാനാണ് തീരുമാനം. പാലാക്കാരന് ജാമ്യം കിട്ടിയാൽ അത് ക്രൈം നന്ദകുമാർ കേസിനേയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

അതിനിടെ പാലാക്കാരൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇത് പാലാക്കാരൻ നിഷേധിക്കുന്നുമുണ്ട്. എസ് സി എസ് ടി വകുപ്പു പ്രകാരം കേസെടുത്തതു കൊണ്ടാണ് ക്രൈം നന്ദകുമാറിന് ജയിലിൽ കിടക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പാലാക്കാരനും വിനയാകാനാണ് സാധ്യത.യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് പാലാക്കാരൻ എന്ന സൂരജ് വി. സുകുമാറിനെതിരേയാണ് എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ടി.പി. നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാർ വ്യക്തമാക്കി.

ജൂൺ ഇരുപത്തൊന്നിനാണ് ഇയാൾ യുട്യൂബ് ചാനലിൽ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമർശങ്ങളുള്ള വീഡിയോ അപ്ലോഡ് ചെയ്തത്. നാലുലക്ഷത്തിലധികംപേർ വീഡിയോ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നും വീഡിയോയിൽ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകൾപ്രകാരം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് ജൂൺ 17ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് ഇയാൾ യുവതിയെ മോശമായി ചിത്രീകരിച്ചത്. നന്ദകുമാർ റിമാൻഡിലാണ്.