തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി അറിയിച്ചു. അദ്ദേഹം ചൊവ്വാഴ്ച പത്രിക നൽകും. ഒഴിവുള്ള സീറ്റിലേക്ക് ഇതോടെ മത്സരം ഉറപ്പായി.

കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

ഈ മാസം 29-നാണ് ഉപതെരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണ് പോളിങ്.