തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്ന എൽഡിസി റാങ്ക് ലിസ്റ്റ്, കാലാവധി അവസാനിക്കാറായ ലാസ്റ്റ് ഗ്രേഡ്, ഡ്രൈവർ എൽഡിവി, ഹയർ സെക്കന്ററി ജൂനിയർ ഉൾപ്പെടെയുള്ള ലിസ്റ്റുകളുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകണമെന്ന് കെപിസിസി വൈസ് പ്രസിഡൻറ് ഡോ . ശൂരനാട് രാജശേഖരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും കുറച്ച് നിയമന ശിപാർശ നടന്ന റാങ്ക് ലിസ്റ്റുകൾ ആണ് ഇപ്പോഴുള്ളതെന്നും കോവിഡിനെ തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തോളം നഷ്ടപ്പെട്ടിട്ടും, പുതിയ ലിസ്റ്റ് പ്രസിദ്ധീകരണ നടപടികൾ എങ്ങുമെത്താതിരുന്നിട്ടും നിയമന ശുപാർശ തീരെ കുറഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാത്തത് സ്വന്തക്കാരെ കരാർ, ദിവസ വേതന , പിൻവാതിൽ നിയമനങ്ങൾ വഴി കുടിയിരുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് നിരവധി വർഷം പഠിച്ച് പിഎസ് സി വഴി ജോലി തേടുന്ന ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും പ്രായപരിധി കഴിയാറായവരും ഇനിയൊരു പിഎസ് സി നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്തവരുമാകയാൽ ഉദ്യോഗാർത്ഥികളോട് മനുഷ്യത്യപരമായ സമീപനം സ്വീകരിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകുവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ യൂണിവേഴ്സിറ്റികളിൽ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നികത്താൻ നടപടി സ്വീകരിക്കണമെന്നും വിരമിക്കുന്നതുമൂലം ഈ വർഷം ഉണ്ടാകുന്ന ഒഴിവുകൾ മുൻകൂറായി കണക്കാക്കി നിലവിലുള്ള ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടും റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തൽ സന്ദർശിക്കുമെന്നും അവരോടൊപ്പം ചേർന്ന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ശൂരനാട് രാജശേഖരൻ അറിയിച്ചു.