കൊല്ലം: വി എസ്. അച്ചുതാനന്ദനെ മുന്നിൽ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതിനു ശേഷം വി.എസിനെ മൂലയ്ക്കിരുത്തി പിൻവാതിലൂടെ മുഖ്യമന്ത്രി ആയ പിണറായി വിജയനിൽ നിന്ന് അഴിമതിയല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ.

കര മുതൽ കടൽ വരെ അഴിമതി നടത്തിയ പിണറായി ഭരണകാലത്തിലേക്ക് , പ്രതിപക്ഷനേതാവ് തെളിവ് സഹിതം പൊക്കിയ അഴിമതികളിലൂടെ ഞാൻ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നു. അഴിമതികൾ വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ച സംഭവങ്ങൾ -എന്ന വിശദീകരണവുമായി 15 വിവാദങ്ങളാണ് ശൂരനാട് ചർച്ചയാക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റിന്റെ പോസ്റ്റ് വൈറലാകുകയാണ്.

ശൂരനാട് രാജശേഖരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കര മുതൽ കടലു വരെ അഴിമതി നടത്തി പിണറായി സർക്കാർ കേരള ചരിത്രത്തിൽ ഇടം നേടുകയാണ്. വി എസ്. അച്ചുതാനന്ദനെ മുന്നിൽ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതിനു ശേഷം വി.എസിനെ മൂലയ്ക്കിരുത്തി പിൻവാതിലൂടെ മുഖ്യമന്ത്രി ആയ പിണറായി വിജയനിൽ നിന്ന് അഴിമതിയല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. മന്ത്രിയായ ആദ്യ തവണ തന്നെ 374 കോടിയുടെ ലാവ്‌ലിൻ തട്ടിപ്പുമായി ഭരണം ആരംഭിച്ച പിണറായി കേരളത്തിന്റെ ഒന്നാം നമ്പർ കസേര കിട്ടിയപ്പോൾ ചെയ്തു കൂട്ടിയ അഴിമതികൾ കരയും കടന്ന് കടലിലേക്കായി .

അഴിമതി എന്ന ആവശ്യവുമായി വ്യവസായ നയവും മദ്യ നയവും ഫിഷറീസ് നയവും സർക്കാർ കൊണ്ടുവന്നപ്പോൾ ഇതെല്ലാം സൂഷ്മമായി നിരിക്ഷിച്ച് അപ്പുറത്ത് ഒരാൾ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരിക്കുന്ന കാര്യം ഓരോ തവണയും പിണറായി മറന്നു. കരയും ഇപ്പോൾ കടലും അഴിമതി നടത്താൻ ഉപയോഗിച്ച പിണറായിയെ മണിച്ചിത്ര താഴിട്ട് പൂട്ടി കേരളത്തിലെ ജനങ്ങളെ രക്ഷിച്ച പ്രതിപക്ഷ നേതാവിനെ ഞാൻ അഭിനന്ദിക്കുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ അമേരിക്കൻ കമ്പനിക്ക് അടിയറ വെക്കാൻ കോപ്പുകൂട്ടിയ പിണറായിക്കും മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മക്കും ഇ.പി ജയരാജനും കാലം മാപ്പ് നൽകില്ല.

2018 ൽ ആരംഭിച്ച കടൽ കൊള്ള 2021 ഫെബ്രുവരി ആയപ്പോഴേക്കും പൂർണ്ണമായി. ഈ കടൽ കൊള്ള പുറത്ത് വന്നില്ലായിരുന്നെങ്കിൽ പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ നാളത്തെ ജീവിതം എന്താകുമായിരുന്നു ? ഓഖി ദുരന്തത്തിൽ കടലിന്റെ മക്കളുടെ രോഷം അറിഞ്ഞ് ശംഖുമുഖം കടപ്പുറത്ത് നിന്ന് ഓടി കാറിൽ കേറി രക്ഷപ്പെട്ട പിണറായിയുടെ മുഖം എനിക്കോർമ വരുന്നു. കേരളം ദൈവത്തിന്റെ നാടാണ്, ഇവിടുത്തെ ജനങ്ങൾ ദൈവ വിശ്വാസികളും ആണ്. ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ള സങ്കേതക്കാരുടെ നാടാക്കി മാറ്റിയ പിണറായിയോട് ജനങ്ങൾ പൊറുക്കില്ല . കര മുതൽ കടൽ വരെ അഴിമതി നടത്തിയ പിണറായി ഭരണകാലത്തിലേക്ക് , പ്രതിപക്ഷനേതാവ് തെളിവ് സഹിതം പൊക്കിയ അഴിമതികളിലൂടെ ഞാൻ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നു. അഴിമതികൾ വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ച സംഭവങ്ങൾ ;

1. മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നീയമനം - മന്ത്രി രാജിവച്ചു
2. ബ്രൂവറി ഡിസ്റ്റലറി അനുവദിക്കൽ
3. മന്ത്രി ജലീലിന്റെ മാർക്ക് ദാനം
4. മന്ത്രി ജലീലിന്റെ ബന്ധു നീയമനം
5. ജനങ്ങളുടെ ആരോഗ്യ ഡേറ്റ സ്പ്രിങ്‌ളർ കമ്പനിക്ക് കൈമാറിയത്.
6. പമ്പ മണൽ കൊള്ള.
7. ബെവ്‌കോ ആപ്പ്
8. കോവിഡ് കാലത്തെ കറന്റ് ചാർജ് വർധിപ്പിക്കൽ
9. വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അഴിമതി
10. പിൻവാതിൽ നീയമനങ്ങൾക്കായി സംവിധായകൻ കമലിന്റെ ശുപാർശ കത്ത്.
11. 6000 കോടിയുടെ ഇ-ബസ് അഴിമതി
12. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയേറ്റിൽ ഓഫിസ് അനുവദിച്ചത്.
13. കെ - ഫോണിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസി
14.പ്രളയകാലത്തെകെ.പി.എം ജി കൺസൾട്ടൻസി .
15.കേരളത്തിന്റെ മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുന്ന അമേരിക്കൻ കമ്പനിയുമായുള്ള 5239 കോടിയുടെ കരാർ അടിയന്തിരമായി ഗവൺമെന്റ് റദ്ദ് ചെയ്യണം. പ്രതിപക്ഷ നേതാവ് ഉയർത്തി കൊണ്ട് വന്ന ആഴകടൽ കൊള്ളയും സർക്കാരിന് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പിൻവലിക്കേണ്ടി വരും.

സ്വർണ്ണകടത്ത്, റിവേഴ്‌സ് ഹവാല ഇടപാടുകൾ, പിൻവാതിൽ നീയ മനങ്ങൾ, കെ. ഫോൺ , കെ.എസ്. ഇ.ബി ട്രാൻസ് ഗ്രിഡ് അഴിമതി, കിഫ് ബി അഴിമതി , സെക്രട്ടേറിയേറ്റിലെ തീ പിടുത്തം തുടങ്ങിയ ഒട്ടനവധി അഴിമതികൾ അടുത്ത യു.ഡി.എഫ് സർക്കാർ അന്വേഷിക്കും. അഴിമതിക്കാരുടെ ഉറക്കം ജയിലിൽ ആയിരിക്കുക തന്നെ ചെയ്യും.