കൊല്ലം: കടലിന്റെ മക്കളുടെ അന്നം മുടക്കാൻ കടൽ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിനെതിരെ കൊല്ലം രൂപത ഇറക്കിയ ഇടയ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരിയാണന്നും കെപിസിസി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരൻ.

കൊല്ലം ലാറ്റിൻ രൂപതയുടെ അഭിവന്ദ്യ പിതാവ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പ്രസ്തുത വിഷയം നന്നായി പഠിച്ച് ഇറക്കിയ ഇടയ ലേഖനത്തിനെതിരെ മുഖ്യമന്ത്രി ഉറഞ്ഞ് തുള്ളുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ ഉറഞ്ഞ് തുള്ളൽ ക്ലിഫ് ഹൗസിൽ മതി, മുല്ലശ്ശേരി പിതാവിനോട് വേണ്ട. അറിവിന്റെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമാണ് മുല്ലശ്ശേരി പിതാവ്. ജാതി മത ഭേദമില്ലാതെ കൊല്ലം ജനത ബഹുമാനിക്കുന്ന മുല്ലശ്ശേരി പിതാവിനെതിരെയുള്ള പിണറായിയുടെ പ്രതികരണം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല

പ്രതിപക്ഷ നേതാവ് ഈ വിഷയം പുറത്തുകൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ 5239 കോടിയുടെ ആഴ കടൽ കൊള്ള നടക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വൻകൊള്ളയായിരുന്നു ആഴ കടൽ കൊള്ള എന്ന് തെളിവ് സഹിതം പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസാണ് ഈ കൊള്ളക്ക് ചുക്കാൻ പിടിച്ചത്. . കടൽ പോലും വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രി എന്നാവും പിണറായി കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്-ശൂരനാട് പറഞ്ഞു.