തിരുവനന്തപുരം: സിൽവർ ലൈനിൽ മുഖ്യമന്ത്രിയോട് ആറു ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയേ അടങ്ങു എന്ന വാശിയിൽ നിൽക്കുകയാണല്ലോ നമ്മുടെ മുഖ്യമന്ത്രി അങ്ങേക്ക് മറുപടിയുണ്ടോ ഈ ആറു ചോദ്യങ്ങൾക്കെന്ന ചർച്ചയാണ് ശൂരനാട് ഉയർന്നത്.

ശുരനാട് രാജശേഖരന്റെ പോസ്റ്റ് ചുവടെ

സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയേ അടങ്ങു എന്ന വാശിയിൽ നിൽക്കുകയാണല്ലോ നമ്മുടെ മുഖ്യമന്ത്രി അങ്ങേക്ക് മറുപടിയുണ്ടോ ഈ ആറു ചോദ്യങ്ങൾക്ക്

1.സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടിക്ക് വിയോജിപ്പും എതിർപ്പുമുള്ളതുമായ അതിവേഗ റെയിൽ പദ്ധതി ( ബുള്ളറ്റ് ട്രെയിൻ) കേരളത്തിൽ സെമി അതിവേഗ റെയിൽപ്പാതയായി നടപ്പാക്കുന്നതിന് പാർട്ടി കേന്ദ്ര കമ്മറ്റി അംഗീകാരം നൽകിയിട്ടുണ്ടോ?
2. അതിവേഗ റെയിൽപ്പാത രാജ്യത്തിന് ആവശ്യമില്ലെന്നും ,മറ്റൊരു വെള്ളാനയാണെന്നുമുള്ള പാർട്ടി തീരുമാനം നില നിൽക്കെ എന്തിനാണ് ഒരു ലക്ഷം കോടി മുടക്കി
കേരളത്തിൽ നടപ്പാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത്?
3.വൻ തോതിൽ കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും, പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ദോഷകരമായ രാജ്യത്തെ ' ആദ്യ അതിവേഗ റെയിൽ പദ്ധതിയായ മുംബൈ - അഹമ്മദബാദ് പദ്ധതിക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര കമ്മറ്റിയുടെ അനുവാദത്തോടെ പാർട്ടിയുടെ മഹാരാഷ്ട്ര ഘടകം സമരം നടത്തുന്നതിനോട് മുഖമന്ത്രി പിണറായി വിജയന്റെ നിലപാടെന്താണ് ? 4. കേവലം ഒരു പറ്റം സമ്പന്നരുടെ ആഡംബര യാത്രയ്ക്കായാണ് അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതെന്ന പാർട്ടി നിലപാടിനോട് താങ്കൾ യോജിക്കുന്നുണ്ടോ? കേരളത്തിലും സമ്പന്നർക്കു വേണ്ടിയല്ലേ അതീ വേഗ പാത നിർമ്മിക്കുന്നത്?
5. രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പരിസ്ഥിതി നിലവിൽ ഇല്ലെന്നും , പകരം സാധാരണക്കാർക്കായി നിലവിലുള്ള റെയിൽവേ പദ്ധതികൾ വികസിപ്പിക്കണമെന്നും രാജ്യസഭയിൽ പ്രസംഗിച്ച മുൻ എംപിയും ധനമന്ത്രിയുമായ കെ.എൻ ബാലഗോപാലിനോട് വിശദീകരണം തേടുമോ ?
6. കെട്ടിച്ചമച്ച സാധ്യത പഠന റിപ്പോർട്ടാണെന്നാണ് സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്ര എം വിഎ തലവനായ അലേക് കുമാർ വർമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം?