തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണന്ന് പറഞ്ഞ് ഭരണം തുടങ്ങിയ ക്യാപ്റ്റൻ പിണറായി വിജയൻ , ഭരണം അവസാനിപ്പിക്കുമ്പോൾ സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നത് 5.50 ലക്ഷം ഫയലുകളാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. വിവിധ വകുപ്പുകളിൽ കെട്ടി കിടക്കുന്ന 2 ലക്ഷം ഫയലുകൾക്ക് പുറമേ മുഖ്യമന്ത്രിയുടെ ജന സാന്ത്വനം പദ്ധതിയിൽ ലഭിച്ച 3, 48, 600 അപേക്ഷകൾ സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്ക് ബദലായി എൽ.ഡി.എഫ് സർക്കാർ 5- 10 - 16 ൽ ആവിഷ്‌കരിച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ജന സാന്ത്വനം പദ്ധതി.

സമൂഹത്തിൽ പാർശ്വ വർക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ പേരിലുള്ള ഒരു പദ്ധതിയായിട്ടായിരുന്നു തുടക്കം. വിവിധ ജില്ലകളിൽ നിന്ന് സഹായത്തിനായി 3, 48, 650 അപേക്ഷകരുടെ അപേക്ഷകളാണ് സഹായം അഭ്യർത്ഥിച്ച് സെക്രട്ടേറിയേറ്റ് ധനകാര്യവകുപ്പിൽ എത്തിയത്. അപേക്ഷകൾ നൽകാനുള്ള ഉന്തിലും തള്ളിലും പെട്ട് 3 വർഷം മുമ്പ് കാട്ടാക്കട സ്വദേശി മരിച്ചത് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഞാനോർക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

തിരുവനന്തപുരം - 200050, കൊല്ലം - 12758, പത്തനംതിട്ട- 7326, ആലപ്പുഴ - 42353, കോട്ടയം - 1446, ഇടുക്കി - ക 4119, എറണാകുളം - 176, തൃശൂർ - 336, പാലക്കാട് - 1164, മലപ്പുറം -61700, കോഴിക്കോട് - 849, കണ്ണൂർ - 209, വയനാട് - 5987, കാസർഗോഡ് - 177 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള അപേക്ഷകളുടെ എണ്ണം. സ്വീകരിച്ച അപേക്ഷകൾ ഫയലുകളായി മാറിയെന്നല്ലാതെ ഈ പദ്ധതി പ്രകാരം ആർക്കും ഒരു സഹായവും നൽകിയില്ല. ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ എം.എൽ എ മാർ നീയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും ഉടൻ സഹായം നൽകും എന്ന പതിവ് പല്ലവി മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഓരോ ഫയലും ഓരോ ജീവിതമാണന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാരെ ആഹ്വാനം ചെയ്തു കൊണ്ട് ഭരണം തുടങ്ങിയ പിണറായി വിജയന് തന്റെ പേരിൽ തുടങ്ങിയ പദ്ധതിയിൽ അപേക്ഷിച്ച 3, 48, 650 അപേക്ഷകളിൽ തീർപ്പ് കൽപിക്കാൻ സാധിക്കാത്തത് ഭരണപരമായ ഏറ്റവും വലിയ വീഴ്ചയാണ്. അഴിമതി നടത്താനുള്ള ഉൽസാഹത്തിൽ പാവപ്പെട്ട ജനങ്ങളുടെ അപേക്ഷകൾ ഓർക്കാൻ മുഖ്യന് സമയം ലഭിച്ചു കാണാത്തതാണ് സെക്രട്ടേറിയേറ്റ് ഫയൽ കൂമ്പാരമാകാൻ കാരണമെന്നും ശൂരനാട് പറഞ്ഞു