- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവർ നഷ്ടപ്പെട്ട് കടം കേറി എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരാണ് മരിച്ചവരുടെ കുടുംബങ്ങളിൽ ഏറിയ ഭാഗവും; കോവിഡ് നഷ്ടപരിഹാരം അഞ്ചു ലക്ഷമാക്കണമെന്ന് ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ.
50000 പോരാ, കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നൽകണം. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്ന് നൽകണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം കടുത്ത അനീതിയാണ്. 50000 രൂപ നഷ്ടപരിഹാരം എന്നത് മാറ്റി പകരം 5 ലക്ഷം രൂപ എങ്കിലും ഈ കുടുംബങ്ങൾക്ക് നൽകണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണമടയുന്നവർക്ക് സംസ്ഥാനം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് മരണമടയുന്നവർക്കും സമാനമായ നഷ്ടപരിഹാരം ഉണ്ട്.ഔദ്യോഗിക കണക്കനുസരിച്ച് 4.46 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. റിപ്പോർട്ട് ചെയ്യാത്ത കോവിഡ് മരണങ്ങൾ ധാരാളം ഉണ്ടന്നാണ് പല പഠനങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്-കോൺഗ്രസ് നേതാവ് പറഞ്ഞു.
കേരളത്തിലാകട്ടെ, സർക്കാർ കണക്കനുസരിച്ച് കോവിഡ് മരണം 24,039 ആയി. ഇതും യത്ഥാർത്ഥ കണക്കല്ല. കോവിഡ് മരണങ്ങൾ ഒളിപ്പിച്ചു വക്കലായിരുന്നു മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ പ്രധാന ജോലി. പ്രതിപക്ഷവും മാധ്യമങ്ങളും സംസ്ഥാന സർക്കാർ ഒളിപ്പിച്ചു വച്ച കോവിഡ് മരണങ്ങൾ തെളിവ് സഹിതം പുറത്തുകൊണ്ട് വന്നിരുന്നു. നിത്യവൃത്തിക്ക് പോകാൻ സാധിക്കാതെ സാമ്പത്തികമായി തകർന്ന് തരിപ്പണമായ ജനങ്ങളുടെ കണ്ണീരൊപ്പാൻ, ചേർത്ത് പിടിക്കാൻ , സംരക്ഷിക്കാൻ ബാധ്യതയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകൾ മിക്കപ്പോഴും കാഴ്ചക്കാരന്റെ റോളിലായിരുന്നു. രണ്ട് കൂട്ടരും കോടി കണക്കിന് രൂപയുടെ കോവിഡ് പാക്കേജുകൾ പ്രഖ്യാപിച്ചു. പലതും കടലാസിൽ ഒതുങ്ങി. ഇക്കാലയളവിലും ജനങ്ങളിൽ നിന്ന് കിട്ടാനുള്ള ഓരോ നികുതികളും സർക്കാർ കൃത്യമായി പിരിച്ചെടുത്തു.
ഇക്കാര്യത്തിൽ പുര കത്തുമ്പോൾ വാഴ വെട്ടുന്ന ശൈലിയിലായിരുന്നു സർക്കാർ. ജനങ്ങൾക്ക് ആശ്വാസം നൽകാനായി കൊടുത്ത ഭക്ഷ്യ കിറ്റിലെ ശർക്കരയുടെയും പപ്പടത്തിന്റെയും തുണിസഞ്ചിയുടെയും പേരിൽ കോടി കണക്കിന് രൂപയുടെ അഴിമതി നടത്തി. ജോലിയില്ലാത്തതിനെ തുടർന്ന് ലോൺ തുക അടക്കാൻ സാധിക്കാതെ വിഷമിച്ചിരുന്ന ജനങ്ങളെ തേടിയെത്തിയത് ജപ്തി നോട്ടിസുകളായിരുന്നു. തങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിച്ച പണം കിട്ടാൻ വട്ടിപലിശക്കാർ വീടുകൾ തോറും കയറിയിറങ്ങി ജനങ്ങളെ ഭീഷണി പെടുത്താൻ തുടങ്ങി. ഇക്കാലയളവിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ 12 ഓളം പേരും മറ്റ് പല ആളുകളും ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തു. 2 വർഷത്തോളം നിശ്ചലമായ ജീവിതം നയിച്ച ജനങ്ങൾ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. കോവിഡിനോടൊപ്പം ജീവിക്കാൻ ജനം തയ്യാറെടുത്ത് കഴിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കണം.
മറ്റ് ദുരന്തങ്ങളെപ്പോലെ കോവിഡിനെയും ദുരന്തമായി പ്രഖ്യാപിക്കണം. ഉറ്റവർ നഷ്ടപ്പെട്ട് കടം കേറി എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരാണ് മരിച്ചവരുടെ കുടുംബങ്ങളിൽ ഏറിയ ഭാഗവും . അർഹതപ്പെട്ട കുടുംബങ്ങൾക്ക് കോവിഡ് മരണത്തെ തുടർന്നുള്ള നഷ്ടപരിഹാരമായി കുറഞ്ഞത് 5ലക്ഷം രൂപ എങ്കിലും നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം-ശൂരനാട് വിശദീകരിക്കുന്നു.