തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി നിൽക്കുമ്പോൾ 22000 ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം നൽകാനുള്ള പണം ധനകാര്യ വകുപ്പ് അനുവദിക്കണമെന്നും കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.

ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 22000 പേരെ സർക്കാർ പിരിച്ചു വിടുകയാണ്. കോവിഡ് മഹാമാരിയിൽ നമ്മളെ സേവിച്ചവർ ആണ് ഇവർ. 6 മാസം കൂടി ഇവരുടെ സേവനം വേണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ധനകാര്യ വകുപ്പ് തള്ളി കളഞ്ഞിരിക്കുകയാണ്. ഇവർക്ക് ശമ്പളം കൊടുക്കാൻ ധനവകുപ്പിന്റെ കയ്യിൽ പണം ഇല്ല എന്ന നിലപാടിൽ ആണ് മന്ത്രി ബാലഗോപാൽ . കോവിഡ് ചികിൽസയിൽ ഏറ്റവും ഫലപ്രദമായി സേവനമനുഷ്ടിച്ച ഈ ആരോഗ്യ പ്രവർത്തകരെ കോവിഡ് മഹാമാരി നീയന്ത്രണ വിധേയമാക്കുന്നതിന് മുൻപ് പിരിച്ചു വിടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോവിഡ് ചികിൽസക്ക് എത്തുന്ന ജനങ്ങളെയാണ്.

കോവിഡ് പൂർണമായും തുടച്ചു നീക്കുന്നതുവരെ ഇവരുടെ സേവനം ജനങ്ങൾക്ക് ആവശ്യമാണ്. ഹെലികോപ്റ്ററും അകമ്പടി വാഹനങ്ങളും വാങ്ങിക്കാൻ ധനകാര്യവകുപ്പിന്റെ കയ്യിൽ പണം ഉണ്ട്. അനാവശ്യ കാര്യങ്ങൾക്ക് പണം അനുവദിക്കുന്ന ധനകാര്യവകുപ്പ് ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾക്ക് പണം അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പൂർണ്ണ പരാജയമാണന്നും ഡോ. ശൂരനാട് ആരോപിച്ചു.