- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
രണ്ടു ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കാൻ വേണ്ടി മുന്നിട്ടിറങ്ങുന്നത് കമ്മീഷൻ ലക്ഷ്യമിട്ടു മാത്രം; സംസ്ഥാനത്തെ പിണറായി നയിക്കുന്നത് ലങ്കയുടെ പാതയിൽ; കേരളത്തെ ശ്രീലങ്കയാക്കാൻ പ്രതിപക്ഷം അനുവദിക്കില്ല; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
പിണറായി വിജയൻ സർക്കാർ ഒരു വർഷം തികയുമ്പോൾ സംസ്ഥാനം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സംസ്ഥാന ചരിത്രത്തിലാദ്യായി സാമ്പത്തിക വർഷം തുടങ്ങിയ മാസം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. 25 ലക്ഷത്തിനു മേലിലുള്ള ഒരു ബില്ലുകളും ട്രഷറിയിൽനിന്ന് മാറുന്നില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ സാധ്യതയുണ്ട് എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് സാക്ഷാൽ ധനകാര്യമന്ത്രിയാണ്. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഈ മാസം ഇതുവരെ ശമ്പളം കൊടുക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല.
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിന്റേതല്ലന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കണ്ടുപിടിത്തം. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ ഒരു ദിവസം താമസിച്ചപ്പോൾ സമരം നടത്തിയവരാണ് ഇന്നു ശമ്പളംപോലും നൽകാൻ മടിക്കുന്നത് എന്നതാണ് വിരോധാഭാസം. തെരഞ്ഞെടുപ്പിനു മുമ്പ് 11 തവണ ഭക്ഷ്യക്ക്ിറ്റ് കൊടുത്ത മുഖ്യമന്ത്രിയും കൂട്ടരും ഈ ഒരു വർഷത്തിനിടയിൽ ഭക്ഷ്യക്കിറ്റ് നൽകിയത് 2 തവണ മാത്രമാണ്.
ഇന്ധനവില കുതിച്ചുയരുമ്പോഴും അധിക നികുതി കുറയ്ക്കാൻ തയ്യാറാകാത്ത രാജ്യത്തിലെ ഏക സംസ്ഥാനമാണ് കേരളം. 2750 കോടി രൂപയാണ് അധിക നികുതിയായി സർക്കാരിന് ലഭിച്ചത്. പെട്രോളിയം സെസ് ഇനത്തിൽ കിഫ്ബിക്ക് ലഭിച്ചത് 3000 കോടി രൂപയും. ഒരു ലിറ്റർ പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് 1 രൂപ വീതമാണ് കിഫ്ബിക്ക് ലഭിക്കുന്നത്. മുൻ യു.ഡി.എഫ്. സർക്കാർ 6 തവണയാണ് അധിക നികുതി വേണ്ടന്ന് വെച്ചത്. ഒരു കാരണവശാലും നികുതി കുറയ്ക്കില്ല എന്ന നിലപാടാണ് പിണറായി സർക്കാർ എടുത്തത്. പാചകവാതകവില 1000 രൂപയ്ക്ക് മുകളിൽ ഉയർന്നുകഴിഞ്ഞു.
5 ശതമാനം നികുതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാചകവാതക വിലയിൽനിന്നും ഈടാക്കുന്നത്. വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, ഭൂമിയുടെ ന്യായവില, ബസ് ചാർജ്ജ് തുടങ്ങി സർവ്വതിനും ഈ ഒരു വർഷത്തിനിടയിൽ വില വർദ്ധിപ്പിച്ചു. കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് ജനങ്ങൾ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോഴാണ് അവരെ നേരിട്ട് ബാധിക്കുന്ന എല്ലാ കാര്യങ്ങൾക്കും സർക്കാർ വില വർദ്ധിപ്പിച്ചിരിക്കുന്നത്. കോവിഡ് മരണങ്ങൾ മറച്ചുവച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സർക്കാരിന് പ്രതിപക്ഷ ഇടപെടലിനെത്തുടർന്നും സുപ്രീംകോടതി വിധിയെത്തുടർന്നും യഥാർത്ഥ കോവിഡ് മരണങ്ങൾ പുറത്തുവിടേണ്ടിവന്നു.
രാജ്യത്ത് തന്നെ കോവിഡ് മരണങ്ങളിൽ ഒന്നാം സ്ഥാനത്തായി നമ്മുടെ സംസ്ഥാനം. കോവിഡ് പർച്ചേഴ്സുകളിൽപോലും വ്യാപക അഴിമതികൾ കണ്ടെത്തി. ഈ കേസ് ഇപ്പോൾ ലോകായുക്തയുടെ പരിഗണനയിലാണ്. സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്തവരാണ് പ്രവാസികൾ. കോവിഡ് മൂലം വിദേശത്ത്വച്ച് മരണപ്പെട്ട പ്രവാസികളുടെ കണക്ക് പോലും ഇതുവരെ സർക്കാരിന്റെ കൈവശമില്ല. ഇത് പ്രവാസി സമൂഹത്തോട് പിണറായി സർക്കാർ കാണിച്ച അവഹേളനമാണ്.
ഈ ഒരു വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് നടന്നത് 10 രാഷ്ട്രീയ കൊലപാതകങ്ങളാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗ്ഗീയ കക്ഷികളുമായി ഒത്തുത്തീർപ്പുണ്ടാക്കിയ മുഖ്യമന്ത്രിക്ക് അവർ നടത്തുന്ന കൊലപാതകങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ 3 വർഷത്തിനിടയിൽ 1065 കൊലപാതകങ്ങൾ സംസ്ഥാനത്തുണ്ടായി. സംഘടിത ആക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപ്പെട്ടത് 83 പേരാണ്. ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേർ ഇക്കാലയളവിൽ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ജയിലിൽനിന്നും പുറത്തിങ്ങിയ 2 പേർ പ്രതികളായി നടത്തിയത് രണ്ട് കൊലപാതകങ്ങളാണ്.
കെ റെയിൽ കുറ്റികൾക്ക് കാവൽ നിൽക്കുന്നതല്ല പൊലീസിന്റെ ജോലി എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം 28 വകുപ്പുകളുടെ ഭാരിച്ച ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കാണ്. ജനങ്ങൾക്ക് സുരക്ഷ കൊടുക്കാതെ സ്വന്തം സുരക്ഷയുടെ കാര്യത്തിൽമാത്രം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. നാളിതുവരെ ഒരു മുഖ്യമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത സുരക്ഷയാണ് പിണറായിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം സർക്കാർ ഖജനാവിൽനിന്നും ചെലവഴിക്കുന്നത് 2 കോടിയോളം രൂപയാണ്.
നികുതി പിരിവിലെ കെടുകാര്യസ്ഥത
2011 മുതൽ 2016 വരെ അധികാരത്തിലിരുന്ന യു.ഡി.എഫ്. സർക്കാരിന് അഞ്ചു വർഷംകൊണ്ട് പ്രതീക്ഷിച്ച റവന്യു വരുമാനത്തേക്കാൾ കുറവ് വന്നത് 30000 കോടി രൂപയാണ്. 2016 മെയിൽ അധികാരത്തിലേറിയപ്പോൾ പിണറായി സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആദ്യം ചെയ്തത് ധവളപത്രം ഇറക്കുകയായിരുന്നു. അഞ്ച് വർഷംകൊണ്ട് 30,000 കോടിരൂപ യു.ഡി.എഫ്. സർക്കാരിന് പിരിക്കാൻ സാധിക്കാത്തത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടാണെന്നും നികുതി വകുപ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നുമായിരുന്നു ധവളപത്രത്തിലെ ഐസക്കിന്റെ കണ്ടുപിടിത്തം.
2011 മുതൽ 2016 വരെ യു.ഡി.എഫ്. സർക്കാർ നികുതി പിരിവിൽ വീഴ്ച വരുത്തിയത് 30000 കോടി രൂപയാണെങ്കിൽ 2016 മുതൽ 2021 വരെയുള്ള പിണറായി സർക്കാർ വരുത്തിയത് 72608.54 കോടി രൂപയാണ്. ഐസക്കിന്റെ പാത തന്നെയാണ് പിൻഗാമി ബാലഗോപാലും പിന്തുടരുന്നതെന്നാണ് നികുതി പിരിവിൽനിന്നുള്ള ഈ സാമ്പത്തിക വർഷത്തെ വരുമാനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഐസക് അഞ്ച് വർഷം കൊണ്ട് 72608.54 കോടിയാണ് നികുതി പിരിവിൽ വീഴ്ച വരുത്തിയതെങ്കിൽ ബാലഗോപാൽ ആദ്യവർഷം തന്നെ നികുതി പിരിവിലെ വീഴ്ച 30000 കോടിയാക്കി. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്തുവാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുവാനും സർക്കാരിന് കഴിയാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിന്റെ പ്രധാനകാരണം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജി.എസ്.ടി. വരുമാന വളർച്ചാ നിരക്കിൽ 27 -ാം സ്ഥാനത്താണ് കേരളം. ശരാശരി 14 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നയിടത്ത് 9 ശതമാനം മാത്രമാണ് കേരളത്തിന്റെ ജി.എസ്.ടി.വളർച്ചാ നിരക്ക്. ജി.എസ്.ടി. നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിക്കുകയാണ്. ഇത് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കും.
സംസ്ഥാനം കടക്കെണിയിലേയ്ക്ക്
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത നാല് ലക്ഷം കോടി കവിഞ്ഞു. ആളോഹരികടം ഒന്നേകാൽ ലക്ഷം രൂപയായി. ധനകാര്യമാനേജ്മെന്റിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് നികുതി പിരിവിലെ കെടുകാര്യസ്ഥത മാത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇത് കൂടാതെയാണ് കിഫ്ബി വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാദ്ധ്യത. അഞ്ച് വർഷംകൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പദ്ധതി എന്ന് പറഞ്ഞ് തുടങ്ങിയ കിഫ്ബിയിൽ ആറു വർഷം കൊണ്ട് ആകെ നടന്നത് 17000 കോടിയുടെ പ്രവർത്തികൾ മാത്രം. കിഫ്ബിയുടെ ബാദ്ധ്യത കൂടിയാകുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 5 ലക്ഷംകോടിക്ക് മുകളിൽ ആകും.
സിൽവർ ലൈൻ പദ്ധതി
അധികാരത്തിലേറിയതോടെ 2 ലക്ഷം കോടിക്കു മുകളിൽ ചെലവു വരുന്ന സിൽവർലൈൻ പദ്ധതി എന്തുവില കൊടുത്തും നടപ്പാക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും തുനിഞ്ഞിറങ്ങിരിക്കുന്നത്. സംസ്ഥാന ധനകാര്യവകുപ്പ് സിൽവർ ലൈൻ ഡി.പി.ആർ. പരിശോധിച്ചിട്ടുപോലുമില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിചെലവാകുന്ന തുക, എങ്ങനെ സമാഹരിക്കും., എങ്ങനെ തിരിച്ചുകൊടുക്കും. ഇതിനൊന്നും സർക്കാരിന് മറുപടിയില്ല. പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും പ്രതിഷേധത്തെത്തുടർന്ന് സിൽവർ ലൈൻ അടയാള കല്ലിടൽ നിർത്തിവച്ച് പകരം ജി.പി.എസ്. സർവ്വേയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് സർക്കാർ.
ശമ്പളം പോലും മുടങ്ങിയേക്കാവുന്ന അവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനം 2 ലക്ഷം കോടിയുടെ കെ. റെയിൽ പദ്ധതി നടപ്പാക്കാൻവേണ്ടി മുന്നിട്ടിറങ്ങുന്നത് കമ്മീഷൻ ലക്ഷ്യമിട്ടുകൊണ്ടുമാത്രമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി സിൽവർ ലൈൻ മാറി. സംസ്ഥാനത്ത് ഒരു തീപ്പെട്ടി കമ്പനിപോലും പുതുതായി തുടങ്ങാൻ കഴിയാത്ത സർക്കാരാണ് കോടികൾ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന സിൽവർ ലൈനിന് പച്ചക്കൊടി കാട്ടുന്നത്.
സംസ്ഥാനത്തെ പിണറായി നയിക്കുന്നത് രാജപക്സെ ശ്രീലങ്കയെ നയിച്ചതിന് സമാനമാണ്. രാജപ്കസെയുടെ വിധി തന്നെയാകും മുഖ്യമന്ത്രി പിണറായി വിജയനെയും കാത്തിരിക്കുന്നത്. കേരളത്തെ ലങ്കയാക്കാനുള്ള പിണറായിയുടെ ശ്രമത്തെ ജനങ്ങളെ മുന്നിൽനിർത്തി പ്രതിപക്ഷം പ്രതിരോധിക്കും. അതിന്റെ ആദ്യവിജയമാണ് സിൽവർ ലൈൻ കല്ലിടലിൽനിന്നും സർക്കാർ പിന്മാറേണ്ടിവന്നത്.
(കോൺഗ്രസിലെ മുതിർന്ന നേതാവാണ് ലേഖകനായ ശൂരനാട് രാജശേഖരൻ)