- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി; ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു; സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും പറഞ്ഞു; പിന്നെ മകളെ കാണാനില്ല; പാലായിലെ പഠനത്തിലും സംശയം; മറ്റൊരു ജസ്നയായി ആലത്തൂരിലെ സൂര്യ കൃഷ്ണയും
ആലത്തൂർ: ഒന്നരമാസം മുമ്പ് കാണാതായ സൂര്യ കൃഷ്ണയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ പൊലീസിന് യാതൊരു തുമ്പും ഇക്കാര്യത്തിൽ ഇല്ല. പമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് കാത്തിരിക്കുകയാണ് പൊലീസ്. കേരളത്തെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ജെസ്നയുടെ തിരോധാനം പോലെയാണ് ഈ സംഭവവും.
പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്. തമിഴ്നാട്ടിൽ സൂര്യ കൃഷ്ണയുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഗോവയിൽ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോവയിലും അന്വേഷണസംഘം എത്തി.
പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എപ്ലസ് നേടിയ സൂര്യ കൃഷ്ണ പാലായിലെ പരിശീനകേന്ദ്രത്തിൽനിന്ന് മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയിരുന്നു. പാലക്കാട് മെഴ്സി കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്. പാലായിൽ ആരെല്ലാമായി സൂര്യ അടുപ്പത്തിലായിരുന്നുവെന്ന് ആർക്കും അറിയില്ല. ഈ വഴിയിലാണ് ഇപ്പോൾ അന്വേഷണം.
സ്വന്തം മൊബൈൽ ഫോണും എ.ടി.എം. കാർഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായിട്ടാണ് സൂര്യ വീടുവിട്ടിറങ്ങിയത്. സുഹൃത്തുക്കളോടും അയൽവാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് തന്നെ സൂര്യയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടിൽ നിന്നിറങ്ങിയത്. അച്ഛൻ രാധാകൃഷ്ണൻ ബുക്ക്സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി.
മകൾ ഇറങ്ങിയ കാര്യം അറിയിച്ചു. 15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചു വന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതി നൽകി. ഓൺലൈൻ പഠനത്തിനായി സൂര്യയ്ക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹോദരനും കൂടി ഒരു മൊബൈൽ ആയിരുന്നു ഉണ്ടായിരുന്നത്.
ഏറെ നേരം സൂര്യ ഫോണിൽ ചിലവഴിക്കുന്നതും പതിവായിരുന്നു. ഡോക്ടറാവാൻ ആഗ്രഹിച്ച സൂര്യക്ക് പൈലറ്റ്, ട്രാവലർ എന്നീ മോഹങ്ങളും മനസിൽ കടന്നുകൂടിയിരുന്നു. ട്രാവലറാവാൻ കൊതിച്ച സൂര്യയുടെ മനസുടക്കിയ സ്ഥലം ഗോവയായിരുന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ സൂര്യ പങ്കുവയ്ക്കുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്.
ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. ദേഷ്യത്തോടെ അവൾ ഇറങ്ങി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്.
അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു. ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30ന് പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ അവൾ കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും രാധാകൃഷ്ണനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. യാത്രയ്ക്കു പണം പോലും കൈയിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
മറുനാടന് മലയാളി ബ്യൂറോ