തിരുവനന്തപുരം: യേശുവിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളൊക്കെ തനിമയോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ നിശബ്ദതയായിരുന്നു എങ്ങും. യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിർപ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ടു. സൂര്യ കൃഷ്ണമൂർത്തിയെന്ന പ്രതിഭയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. സൂര്യാ കൃഷ്ണമൂർത്തിയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നെന്ന പ്രശംസയുമായി 'എന്റെ രക്ഷകൻ അരങ്ങേറി. സ്റ്റേജ്ഷോയുടെ രംഗാവിഷ്‌കാരവും സംവിധാനവും സൂര്യ കൃഷ്ണമൂർത്തി നിർവഹിച്ചപ്പോൾ വി. മധുസൂദനൻ നായരുടെ വരികൾക്ക് രമേശ് നാരായണനാണ് സംഗീതം നൽകിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ ഷോ എന്ന പ്രചാരണം ശരിവയ്ക്കുന്നതായിരുന്നു 'എന്റെ രക്ഷ്‌കന്റെ അവതരണം. കാഴ്ചയുടെ പുത്തൻ അനുഭവങ്ങളാണ് തിരുവനന്തപുരത്തെ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ നടന്ന രണ്ടു മണിക്കൂർ നീണ്ട ബൈബിൾ സ്റ്റേജ് ഷോ കാണികൾക്ക് സമ്മാനിച്ചത്. യേശുവായി അരങ്ങിലെത്തിയ പേരൂർക്കട സ്വദേശി പ്രതീഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.നൂറ്റമ്പതോളം കലാകാരന്മാരും 50 മൃഗങ്ങളുമടക്കം ബ്രഹത്തായ കാൻവാസിലാണ് സ്റ്റേജ് ഷോ ഒരുക്കിയത്. യേശുവിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളൊക്കെ തനിമയോടെ അവതരിപ്പിക്കപ്പെട്ടു.

ഹേറേദോസിന്റെ വധഭീഷണി ഭയന്ന് ബത്ലഹേമിൽ നിന്നുള്ള പലായനം, യേശുവിനെ പിശാച് പരീക്ഷിക്കുന്നത്, ഓശാന ഘോഷയാത്ര, കുരിശുവഹിച്ചു കൊണ്ടുള്ള യാത്ര എന്നിവയുടെയൊക്കെ അവതരണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജിനൊപ്പം സ്റ്റേജിലേക്കുള്ള റാമ്പും ഉപയോഗപ്പെടുത്തിയായിരുന്നു ഷോ അവതരിപ്പിച്ചത്. ബിഷപ്പുമാരും വൈദികരും സിസ്റ്റർമാരുമടക്കം നിറഞ്ഞ സദസിൽ വൈകിട്ട് ഏഴരയോടെയാണ് സ്റ്റേജ് ഷോയുടെ പ്രദർശനം തുടങ്ങിയത്. അതിനു മുമ്പ് എന്റെ രക്ഷകന്റെ നിർമ്മിതാക്കളെ ആദരിച്ചു. ബിഷപ്പുമാരായ ഡോ.സൂസപാക്യം, സാമുവൽ മാർ ഐറേനിയോസ്, മാർ ജോർജ് കോച്ചേരി തുടങ്ങിയവർ നിർമ്മതാക്കൾക്ക് മെമെൻോ സമ്മാനിച്ചു.

ഇനി 21,23 തീയതികളിൽ സൂര്യയുടെ അംഗങ്ങൾക്കുവേണ്ടി 'എന്റെ രക്ഷകൻ' പ്രദർശിപ്പിക്കും. 24ന് മാർ ക്രിസോസ്റ്റത്തിനുള്ള ആദരമായി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ക്ഷണിക്കപ്പെട്ട സദസിനുവേണ്ടിയും ഷോ അവതരിപ്പിക്കും. ചങ്ങനാശ്ശേരി സർഗക്ഷേത്രയും മാർ ക്രിസോസ്റ്റം വേൾഡ് പീസ് ഫൗണ്ടേഷനും സൂര്യയുമായി ചേർന്നാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.

ഒരു മാസം രണ്ടു സ്ഥലങ്ങളിൽ മൂന്നു വീതം പ്രദർശനങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നതെന്ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, സൂര്യ കൃഷ്ണമൂർത്തി എന്നിവർ അറിയിച്ചു. അഞ്ചുവർഷംകൊണ്ടു 100 സ്ഥലങ്ങളിൽ അവതരണം നടത്തും. അടുത്ത മാസം ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയത്തും എറണാകുളത്തും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലുമായിരിക്കും അവതരണം.