തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിക്കുമ്പോൾ ചർച്ചയാകുന്നതും പ്രണയ പക.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. കൊലപാതകി അരുണിന്റെ ക്രൂരതയിൽ അസ്തമിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. അതിക്രൂരമായാണ് സൂര്യഗായത്രിയെ ഇയാൾ നേരിട്ടത്. വഞ്ചിയൂർ, ആര്യനാട്, പേരൂർക്കട സ്റ്റേഷനുകളിൽ അരുണിനെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണ് അരുൺ.

അരുണിന്റെ ആക്രമത്തിൽ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലർച്ചയോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. 

ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുൺ അക്രമിച്ചിരുന്നു. ഇവർ ചികിൽസയിലാണ്. സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്. നെടുമങ്ങാട് ലോട്ടറി കച്ചവടം ഇവർ നടത്തിയിരുന്നു. ഇവിടെ വച്ചാണ് സൂര്യഗായത്രിയുമായി അരുൺ പരിചയപ്പെടുന്നത്. ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നുവങ്കിലും പിന്നീട് തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തർക്കമുണ്ടായി. ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൂര്യഗായത്രിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് നിലവിളി ഉയർന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു.

മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി മർദിച്ചു. സൂര്യയുടെ തലമുതൽ കാൽ വരെ പതിനേഴ് ഇടങ്ങളിലാണ് അരുൺ കുത്തിയത്. തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. അയൽക്കാരുടെ നിലവിളി ഉയർന്നതോടെ അരുൺ ഓടി സമീപത്തെ വീട്ടിലെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

അയൽക്കാരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അരുൺ, സൂര്യഗായത്രിയുടെ അച്ഛനേയും അമ്മയേയും പോലും വകവരുത്തുമായിരുന്നുവെന്നതാണ് വസ്തുത. അത്രയും ക്രൂര മനസ്സുമായാണ് ഇയാൾ സൂര്യഗായത്രിയുടെ വീട്ടിൽ എത്തിയത്.