തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ സൂര്യഗായത്രിയെ (20)യെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് മാതാപിതാക്കൾ. അരുൺ മുൻപ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛൻ ശിവാദാസനും അമ്മ വത്സലയും പറയുന്നു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുൺ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. നാല് മാസം മുൻപാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടർന്നതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. മുമ്പ് വാഹനം തടഞ്ഞുനിർത്തി അരുൺ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുത്തേറ്റു മരിച്ച സൂര്യഗായത്രിയുടെ അമ്മ വെളിപ്പെടുത്തി.

മരിച്ച യുവതിയും പ്രതി അരുണുമായി നാലുവർഷത്തോളമായി പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയായ അരുൺ ഏതാനും ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണെന്ന് പൊലീസും സമ്മതിക്കുന്നു. വിവാഹാഭ്യർത്ഥന നിഷേധിച്ചതിനെ തുടർന്ന് നാലു വർഷം മുമ്പ് പെൺകുട്ടിയുടെ മൊബൈൽഫോണും സ്വർണാഭരണങ്ങളും കവർന്നിട്ടുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി അരുണിനെതിരെ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

സൂര്യഗായത്രി ഒരു വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും, ഇപ്പോൾ ഭർത്താവുമായി അകന്ന് മാതാപിതാക്കൾക്കൊപ്പമാണ് ജീവിച്ചിരുന്നത്. നാലുവർഷം മുമ്പുണ്ടായ സംഭവങ്ങൾക്ക് ശേഷം കഴിഞ്ഞദിവസമാണ് അരുണിനെ കാണുന്നതെന്നും വൽസല പറയുന്നു. എന്നാൽ പ്രതി അരുണും സൂര്യഗായത്രിയും തമ്മിൽ ഫോൺ മുഖേന ബന്ധം പുലർത്തിയിരുന്നോ എന്നും, സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലുള്ള സൂര്യഗായത്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നു സംസ്‌കരിക്കും. പ്രതി അരുൺ പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അരുണിനെ വീണ്ടും ചോദ്യം ചെയ്യും. ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളിൽ ഒളിച്ചിരുന്ന അരുണിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുൺ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരിൽ ഇടിക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തലമുതൽ പാദം വരെ നിരവധി മുറിവകളുമായി സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയായിരുന്നു അരുൺ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അടുക്കള വാതിലിലൂടെ അകത്തേക്ക് കടന്ന അരുൺ സൂര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ അമ്മയ്ക്കും പരിക്കേറ്റു. അച്ഛൻ ശിവദാസനേയും അരുൺ മർദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സമീപത്തെ ഒരു വീടിന്റെ ടെറസിൽ ഒളിച്ച പ്രതിയെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.