സാംസ്‌കാരിക കേരളം കണ്ട ഏറ്റവും നീചമായ പ്രസ്താവനകളിൽ ഒന്നാണ് ഇന്നലെ മുൻ ഹൈക്കോടതി ജഡ്ജി ആർ ബസന്ത് നടത്തിയ സൂര്യ നെല്ലി പെൺകുട്ടിയെ ആക്ഷേപിച്ചു കൊണ്ടുള്ള പ്രസ്താവന. അത് ആത്മാഭിമാനമുള്ള കേരളീയ സമൂഹം എങ്ങനെ എടുത്തു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇതുവരെ കേട്ട പ്രതികരണങ്ങൾ എല്ലാം തന്നെ. അതിൽ ഏറ്റവും കഠിനമായത് ജനകീയ നേതാവായ വിഎസ് നടത്തിയ കരണത്തടി പ്രയോഗം ആയിരുന്നു. വാസ്തവത്തിൽ അതു തന്നെയാണ് ബസന്ത് എന്ന നരാധമനും അർഹിക്കുന്നത്. എന്നാൽ ഇവിടെ നിയമവാഴ്ച്ച നടന്നു കാണണം എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് അത്തരം ഒരു ആഗ്രഹം ഞങ്ങൾ പ്രകടിപ്പിക്കുന്നില്ല എന്നു മാത്രം.

സൂര്യനെല്ലി പെൺകുട്ടിക്കെതിരെ നടക്കുന്ന അതിഭീതിതമായ വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് മാത്രമാണ് ഇതെന്നു പറയുന്നതായിരിക്കും ഉചിതം. ഈ വിഷയത്തെക്കുറിച്ച് ഞങ്ങളുടെ കഴിഞ്ഞ എഡിറ്റോറിയൽ സൂചിപ്പിച്ചതുപോലെയുള്ള പതിവിൽ നിന്നു വ്യത്യസ്ഥമായി പരാതി കൊടുക്കാനും നിയമ യുദ്ധം നടത്താനും ഇറങ്ങി പുറപ്പെട്ട പെൺകുട്ടിയെ അപഹാസ്യ ആക്കാൻ പൊലീസും ചില വലിയ പത്രങ്ങളും തുടക്കം മുതലേ ശ്രമിച്ചിരുന്നു എന്നതു വ്യക്തമാണ്. കേസ് അനേ്വഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് കൊണ്ടു നടന്ന് പെൺകുട്ടിയെ സമൂഹത്തെ കൊണ്ട് മാനഭംഗപ്പെടുത്തിയതായിരുന്നു അതിന്റെ ഏറ്റവും നീചമായ ഉദാഹരണം. ആ നീചമായ സാമൂഹ്യ ബലാൽസംഗത്തിന്റെ അവസാനത്തെ വ്യക്തിയാണ് ബസന്ത്.

ബസന്ത് ആയിരുന്നു ഈ കേസിൽ വിധി പറഞ്ഞ ജഡ്ജിമാരിൽ ഒരാൾ എന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്. ഇത്രയും വൃത്തികെട്ട ഒരു മാനസികാവസ്ഥയുള്ള ആൾ ഇങ്ങനെ ഒരു വിധി പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്തുകൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ ഒരു വിധി പറഞ്ഞത് എന്നതിനുള്ള മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ബസന്തിന്റെ ഇന്നലത്തെ പ്രസ്താവന.

വാസ്തവത്തിൽ നമ്മുടെ സമൂഹത്തിൽ ഗുരുതരമായി വ്യാപിച്ചിരിക്കുന്ന ഒരു രോഗത്തിന്റെ ശരി പ്രതിഫലനം തന്നെയാണ് ബസന്തിന്റെ വായിൽ നിന്നും കേട്ടത്. സൂര്യനെല്ലി കേസിൽ മാത്രമല്ല, ഏത് പീഡന കേസ് വന്നാലും സംശയ ദൃഷ്ടിയോടെ പെണ്ണിനെ നോക്കുകയും അവൾ ഒരു വേശ്യ ആയിരുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ കൂടിവരികയാണ്. സൂര്യനെല്ലി കേസിൽ ഇത്തരക്കാർ പ്രചരിപ്പിക്കുന്ന പല കഥകളും ഒറ്റ നോട്ടത്തിൽ വിശ്വാസ യോഗ്യമായി തോന്നാം. എന്തുകൊണ്ട് ഈ പെൺകുട്ടി ഒരിക്കൽ പോലും ബഹളം വച്ചില്ലെന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും ഒക്കെയുള്ള ചോദ്യങ്ങളാണ് ഇങ്ങനെ ഉയർന്നത്. ഈ ചോദ്യം ഇക്കൂട്ടർ വ്യാപകമായി പ്രചരിപ്പിക്കുകയും കൂടുതൽ വിശ്വാസ യോഗ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

പെൺകുട്ടി ആദ്യഘട്ടത്തിൽ സഹകരിച്ചു എന്നും രക്ഷപ്പെടാൻ അവൾ ശ്രമിച്ചിരുന്നില്ല എന്നും ഒരു വാദത്തിന് വേണ്ടി അംഗീകരിക്കാമെന്ന് വയ്ക്കുക. അങ്ങനെ ആണെങ്കിൽ തന്നെ പതിനാറ് തികയാത്ത ഒരു പെൺകുട്ടിയോട് ഈ നരാധമന്മാർ ചെയ്തതിന് ന്യായീകരണം ആകുമോ? സാംസ്‌കാരികമായി ഉന്നത നിലയിൽ ഉള്ള രാജ്യങ്ങളിൽ ഒന്നിലും അത്തരം ഒരു ചർച്ച പോലും അനുവദിക്കാറില്ല. കാരണം ശരിതെറ്റുകൾ തിരിച്ചറിയാനുള്ള പ്രായം ഇവർക്കില്ല എന്നതാണ് നിഗമനം. അതുകൊണ്ടു തന്നെ ഒരു മിഠായിക്കു വേണ്ടിയോ മറ്റേതെങ്കിലും ചെറിയ കാര്യങ്ങൾക്കു വേണ്ടിയോ ഒക്കെ പെൺകുട്ടികൾ ചിലപ്പോൾ പ്രലോഭനത്തിൽ വീണുപോകാം. ഇത്തരം പ്രലേഭനങ്ങളിൽ വീഴാതെ അവരെ നേരേ ചൊവ്വേ നോക്കേണ്ടവർ പെൺകുട്ടിയെ തുടർച്ചയായി ദുരുപയോഗം ചെയ്യുകയും ആവശ്യത്തിനു ശേഷം ഉപേക്ഷിക്കുകയും ചെയ്തതിന് സമ്മതപ്രകാരമാണ് ചെയ്തത് എന്നു പറുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.

സിനിമാഭിനയവും പ്രണയവും ഒക്കെ ഈ പെൺകുട്ടിയെ ദുരന്തത്തിലേക്കുള്ള വഴിയിൽ എത്തിച്ചു എന്ന് പ്രോസിക്യൂഷൻ തന്നെ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ പെൺകുട്ടി മോശക്കാരിയാണോ എന്നു ചികയാൻ ശ്രമിക്കുന്നത് തന്നെ കടുത്ത സ്ത്രീവിരുദ്ധതയിൽ നിന്നും ഉണ്ടാകുന്ന വികാരമാണ്. സമ്മത പ്രകാരമോ അല്ലാതെയോ ആകട്ടെ ഈ ദുഷ്ടത അവർ പ്രവർത്തിച്ചെങ്കിൽ അവരെ ശിക്ഷിക്കുക തന്നെ വേണം. ഇത്തരം നരാധമന്മാരെ വെറുതേ വിടുകയും അവരെ ന്യായീകരിച്ച് രംഗത്ത് വരികയുംചെയ്ത ജസ്റ്റിസ് ബസന്ത് തികച്ചും സ്ത്രീവിരുദ്ധനും വൃത്തികെട്ടവനും ആണെന്ന് തെളിയിച്ചിരിക്കുകയാണ്.

ഈ പെൺകുട്ടിയെ പീഡിപ്പിച്ച 41 നരാധമന്മാരെക്കാളും ഈ പെൺകുട്ടിയെ ആക്ഷേപപാത്രമാക്കി മാറ്റിയ നിയമ വിധാനത്തേക്കാളും പൊലീസിനെക്കാളും ഒക്കെ കടുത്ത തെറ്റാണ് ജസ്റ്റിസ് ബസന്ത് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കകയും ഇയാളെ ഉടൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്താലേ നിയമ സംവിധാനങ്ങളോട് സാധാരണക്കാരന് ബഹുമാനം ഉണ്ടാകൂ. അല്ലെങ്കിൽ ഇത്തരം അധമന്മാർ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. തെറ്റായ ഒരു വിധി നടത്തി എന്നു മാത്രമല്ല, ഇത് ന്യായീകരിക്കാനായി ഉന്നത നീതിപീഠത്തെ ആക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ് ജസ്റ്റിസ് ബസന്ത്. അതുകൊണ്ട് തന്നെ കോടതി അലക്ഷ്യത്തിന് ഇയാൾക്കെതിരെ കേസ് എടുക്കണം.

പ്രിയപ്പെട്ട സഹോദരീ ഈ സമൂഹത്തിൽ കാൻസർ പോലെ പടർന്നിരിക്കുന്ന ഒരു മഹാരോഗത്തെ ഇല്ലാതാക്കാൻ നീ നടത്തുന്ന പോരാട്ടത്തിന് കണ്ണീരോടെ ഞങ്ങൾ പിന്തുണ നൽകുന്നു. നിന്റെ ത്യാഗം ഈ നാടിനെ കൂടുതൽ നല്ലതാക്കി മാറ്റും. അതിനിടയിൽ ചാടി വരുന്ന ഇത്തരം അധമന്മാരെ നീ പരിഗണിക്കേണ്ട. നീ കാരയാതെ മുമ്പോട്ട് പോകുക. സാംസ്‌കാരിക കേരളം നിന്റെ ഒപ്പമുണ്ട്. നീ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ഞങ്ങൾ നിന്നോട് ക്ഷമ ചോദിക്കുന്നു. അല്ലാതെ മറ്റൊന്നും ചെയ്യാൻ ഞങ്ങൾക്ക് നിവൃത്തിയില്ല.