ബെംഗളൂരു:തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനുകൂല്യങ്ങളുടെ കാര്യത്തിൽ പ്രജകൾക്ക് ഒരു കുറവും അനുഭവപ്പെടരുതെന്ന് ഭരണാധികാരികൾക്ക് നിർബന്ധമുണ്ട്. കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന് ഏതായാലും ഇക്കാര്യത്തിൽ പിന്നോക്കം പോകാനാവില്ല. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് ഡി.വി.സദാനന്ദ ഗൗഡ സർക്കാർ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 22 ശതമാനം ശമ്പള വർദ്ധനവാണ് നടപ്പാക്കിയതെങ്കിൽ, ഈ വട്ടം അത് 24 മുതൽ 30 ശതമാനം വരെയാക്കാനാണ് സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം.

സംസ്ഥാനത്തെ 6.2 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 24 മുതൽ 30 ശതമാനം വരെ ശമ്പള വർദ്ധനവും നിലവിൽ കിട്ടുന്ന അവധികൾക്കൊപ്പം ഒരു ശനിയാഴ്ച അവധി കൂടി അധികമായി നൽകാനും ആലോചിക്കുന്നു. അടുത്ത മാസത്തെ ബജറ്റിൽ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ശമ്പള വർദ്ധനവിനേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി ഉടൻ റിപ്പോർട്ട് നൽകും.നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കർണാടകാ സർക്കാർ നൽകി വരുന്നത് ആഴ്ചയിൽ ഒരു ദിവസവും രണ്ടാം ശനിയാഴ്ചയുമാണ് അവധിയായി നൽകുന്നത്. ഇതിനൊപ്പം ഒരു നാലാം ശനിയാഴ്ച അവധി കൂടി പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്. ശമ്പളവും പെൻഷനുകളും വർദ്ധിപ്പിക്കണമെന്നുള്ള ജീവനക്കാരുടെ സംഘടനകളുടെ ആവശ്യത്തോട് ഇക്കാര്യം പഠിക്കാൻ കഴിഞ്ഞ ബജറ്റിൽ ഐഎഎസ് ഉദ്യോഗസ്ഥൻ എം ആർ ശ്രീനിവാസൻ തലവനായുള്ള കമ്മറ്റിയെ നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോർട്ടുകൾ അനുസരിച്ചായിരക്കും കാര്യങ്ങൾ. ജനുവരി 31 ന് ശേഷം മുഖ്യമന്ത്രി പറയുന്ന തീയതിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ശ്രീനിവാസ മൂർത്തി പറഞ്ഞിരിക്കുന്നത്. അതേസമയം 30 മുതൽ 35 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.