റിയാദ്: തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ എംബസിയിൽവെച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട വിവാദം അടങ്ങുന്നതിന് മുന്നെ സൗദി അറേബ്യക്കെതിരെ മറ്റൊരു ആരോപണം കൂടി ഉയർന്നു. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സൗദി സർക്കാരിനെ വിമർശിച്ച മറ്റൊരു മാധ്യമപ്രവർത്തകനെക്കൂടി സൗദി ചാരന്മാർ പിടികൂടി വധിച്ചുവെന്നാണ് ആരോപണം. ഖഷോഗി വധത്തിന് ഒരുമാസം കഴിഞ്ഞപ്പോഴാണ് ഈ കൊലപാതകം നടന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നു.

തുർക്കി ബിൻ അബ്ദുൽ അസീസ് അൽ-ജാസർ എന്ന മാധ്യമപ്രവർത്തകനെ സൗദി അധികൃതർ ജയിലിനുള്ളിൽ കൊലപ്പെടുത്തിയെന്നാണ് പുതിയ ആരോപണം. മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുകൊണ്ട് ദ് ന്യൂ ഖലീജ് എന്ന വെബ്‌സൈറ്റാണ് ആദ്യം ഈ വാർത്ത പുറത്തുവിട്ടത്. സൗദി അറേബ്യൻ രാജകുടുംബത്തിലുള്ളവരും ഉന്നതോദ്യോഗസ്ഥരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ കാഷ്‌കുൽ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ അൽ-ജാസർ പ്രതികരിച്ചിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

മാർച്ചിൽ ദുബായിലെത്തിയ സൗദി ചാരന്മാർ ട്വിറ്റർ ആസ്ഥാനത്തുനിന്ന് കാഷ്‌കുൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിക്കുകയും അൽ-ജാസറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ പുറംലോകം കാണിച്ചിട്ടില്ല. ഖഷോഗിയുടെ കൊലപാതകത്തെത്തുടർന്ന് തരംതാഴ്‌ത്തപ്പെട്ട ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സൗദ് അൽ ഖാത്തനി തന്നെയാണ് അൽ-ജാസറിനെയും ദുബായിൽനി്ന്ന് അറസ്റ്റ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉറ്റ അനുയായിയാണ് സൗദ് അൽ ഖാത്തനി.

ഖഷോഗി വധത്തിനെതിരേ അന്താരാഷ്ട്രതലത്തിൽ ഇത്രയേറെ പ്രതിഷേധമുയർന്നതിനിടെയാണ് മറ്റൊരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയെന്ന ആരോപണമുയർന്നിരിക്കുന്നത്. ഖഷോഗി സംഭവത്തിൽ തുടക്കത്തിൽ സൗദിക്കെതിരേ കർശന നിലപാടെടുത്ത പാശ്ചാത്യ രാജ്യങ്ങൾ ഈ സംഭവത്തോടെ അറബ് രാജ്യത്തോട് കൂടുതൽ അകലുമെന്നാണ് കരുതന്നത്.

ഖഷോഗി വധക്കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടെ, സൗദി അധികൃതർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തുർക്കി ആരോപിച്ചു. ഖഷോഗിയെ വധിച്ച ഇസ്താംബുളിലെ എംബസിയിലെ സിസിടിവികൾ തകരാറിലാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി അവർ കണ്ടെത്തി. കൊലപാതകത്തിന്റെ വിവരങ്ങൾ മറച്ചുവെക്കുന്നതിനാണ് സൗദിയുടെ ശ്രമമെന്നും തുർക്കി ആരോപിക്കുന്നു. കൊലപാതകം നടന്ന ഒക്ടോബർ രണ്ടിനാണ് ക്യാമറ കേടാക്കിയിരിക്കുന്നതെന്നാണ് കണ്ടെത്തയിട്ടുള്ളത്.

എംബസി സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് പുറത്തുള്ള പൊലീസ് സെക്യൂരിറ്റി ബൂത്തിലെ വീഡിയോ സംവിധാനവും തകരാറിലാക്കാനുള്ള ശ്രമം നടന്നതായും തുർക്കി ആരോപിച്ചു. ഒക്ടോബർ ആറിന് പുലർച്ചെ ഒരുമണിക്ക് സെക്യൂരിറ്റി ബൂത്തിലെത്തിയ എംബസി ഉദ്യോഗസ്ഥൻ വീഡിയോ സംവിധാനം തകർക്കാൻ ശ്രമിച്ചതായാണ് തുർക്കിയിലെ സർക്കാർ അനുകൂല പ്രസിദ്ധീകരണമായ സാബ ദിനപത്രത്തിന്റെ ആരോപണം.