റിയാദ്: സൗദിയിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. ഹൂതി വിമതർ തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈലാണ് സൗദി വ്യോമസേന തകർത്തത്.

തെക്കുപടിഞ്ഞാറൻ നഗരമായ ജസൻ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് മിസൈലെത്തിയത്. ജനവാസകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദി അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസവും വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതർ തൊടുത്ത ഏഴു മിസൈലുകൾ സൗദി വ്യോമസേന തകർത്തിരുന്നു. ഈ ആക്രമണത്തിൽ മിസൈലുകളിലൊന്നു വീടിനു മുകളിൽ തകർന്നുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് എത്തിയത്.

സൗദിയുടെ തെക്കൻനഗരങ്ങളായ നജ്‌റാൻ, ജിസാൻ, ഖമീസ് മുഷൈത് എന്നിവയെ ലക്ഷ്യമിട്ടും തുടർന്ന് ആക്രമണമുണ്ടായി. യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യം മൂന്നുവർഷമായി സൈനിക നടപടി തുടരുകയാണ്.