ജിദ്ദ: സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സൗദിയിലെ എംബസികൾ, കോൺസുലേറ്റുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്.

ഇഖാമ നിയമ ലംഘകർ, അതിർത്തി നിയമം ലംഘിച്ചവർ, ഹുറൂബ് ആക്കപ്പെട്ടവർ, ഹജ്ജ് - ഉംറ വീസ കാലാവധി കഴിഞ്ഞവർ, സന്ദർശന വിസ കാലാവധി അവസാനിച്ചവർ, വിസ നമ്പറില്ലാത്തവർ എന്നിവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.

റജബ് ഒന്നു മുതൽ (മാർച്ച് 29) റമദാൻ അവസാനം ജൂൺ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് കാലയളവ്. ഇവർക്ക് പിഴ , ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. നാട്ടിലേക്ക് പൊകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏർപ്പെടുത്തില്ല.