- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു; വി മുരളീധരനും നോർക്ക റൂട്ട്സും കോൺസുലേറ്റുമായി ബന്ധപ്പെട്ടു; വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും നജ്റാനിൽ; പരിക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയും ഇന്ത്യൻ ഉദ്യോഗസ്ഥർ വിലയിരുത്തും
കൊച്ചി: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരായ അശ്വതി വിജയന്റെയും ഷിൻസി ഫിലിപ്പിന്റെയും മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ ഇടപെടൽ തുടങ്ങിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.
വി മുരളീധരന്റെ നിർദേശത്തെ തുടർന്ന് ജിദ്ദയിലെ കോൺസുൽ ജനറൽ നടപടികൾ വേഗത്തിലാക്കാൻ ഇടപെട്ടിട്ടുണ്ട്. സൗദി വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺസുൽ ജനറൽ ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും നജ്റാനിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നിലവിൽ നജ്റാനിലെ പ്രധാന ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയടക്കമുള്ള കാര്യങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുമെന്നും വി മുരളീധരൻ അറിയിച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും അപകടത്തെ തുടർന്ന് ബന്ധപ്പെട്ടെന്നും തുടർ നടപടികൾ ത്വരിതഗതിയിൽ നടക്കുകയാണെന്നും നോർക്ക റൂട്ട്സും അറിയിച്ചിട്ടുണ്ട്. ഇന്നലെ(ശനിയാഴ്ച) സൗദി അറേബ്യയിലെ തെക്കൻ അതിർത്തി പട്ടണമായ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികൾക്ക് പരിക്കേറ്റിരുന്നു. സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ