റിയാദ്: സൗദി രാജകുമാരി അമീറ അൽ-തവീലിന്റെ വിവാഹം അതീവ രഹസ്യമായി പാരീസിലെ ആഡംബരഹോട്ടലായ ചട്ട്യൂ ഡി വൗക്സ്-ലെ-വികോംടെയിൽ വച്ച് നടന്നു. കോടീശ്വരനായ ഖലീഫ ബിൻ ബുട്ടി അൽ-മുഹൈരിയാണ് അമീറയെ മിന്ന് കെട്ടിയിരിക്കുന്നത്. ആഡംബര കവിഞ്ഞൊഴുകിയ പ്രസ്തുത ചടങ്ങിൽ അമേരിക്കൻ അഭിനേത്രിയായ ഒപ്റാഹ് വിൻഫ്രെ മുതൽ ഗായ്ലെ കിങ് വരെയുള്ള നിരവധി സെലിബ്രിറ്റികളാണ് അണിനിരന്നിരുന്നത്. അതീവ രഹസ്യമായി നടത്തിയ വിവാഹം പുറംലോകം അറിഞ്ഞത് പത്ത് ലക്ഷം ഡോളർ വിലയുള്ള ആഭരണം മോഷണം പോയതിനെ തുടർന്നായിരുന്നു.

34 കാരിയായ അമീറയുടെയും 39 കാരനായ ഖലീഫയുടെയും വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനായിരുന്നു അരങ്ങേറിയിരുന്നത്. തന്റെ പത്ത് ലക്ഷം ഡോളർ വിലയുള്ള ആഭരണം മോഷണം പോയെന്ന് വെളിപ്പെടുത്തി ഒരു രാജകുമാരി രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. അമീറയുടെ ആഭരണം തന്നെയാണ് മോഷണം പോയതെന്നും അഭ്യൂഹമുണ്ട്. അമീറ 2008ൽ അൽ-വഹീദ് ബിൻ തലാലിന്റെ നാലാമത്തെ ഭാര്യയായിത്തീർന്നിരുന്നുവെങ്കിലും ആ ബന്ധം അഞ്ച് വർഷം മാത്രമേ നിലനിന്നിരുന്നുള്ളൂ. തുടർന്ന് 2013ൽ ഇവർ വേർപിരിയുകയായിരുന്നു.

ഇപ്പോൾ അമീറയെ വിവാഹം കഴിച്ചിരിക്കുന്ന ഖലീഫയ്ക്ക് രണ്ട് ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായ കെബിബിഒയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഒരു രാജകുമാരിയെന്ന തിന് പുറമെ വർഷങ്ങളായി മനുഷ്യസ്നേഹപരമായ ചാരിറ്റി പ്രവർത്തനങ്ങളും അമീറ നടത്തി വരുന്നുണ്ട്. ഇതിന് അവർക്കൊപ്പം പ്രവർത്തിക്കുന്ന നിരവധി യുഎൻ ഒഫീഷ്യലുകളും വിവാഹത്തിന് എത്തിയിരുന്നു. ചടങ്ങിൽ വച്ച് ആഭരണം കളവ് പോയ കേസിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.

വിവാഹശേഷം തിങ്കളാഴ്ചയാണ് കളവ് നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിറ്റ്സ് പാരീസിലെ സ്യൂട്ടിൽ നിന്നാണ് ആഭരണം മോഷണം പോയിരിക്കുന്നത്. ഇതിനെക്കുറിച്ച് റിറ്റ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമീറയുടെ പുതിയ വിവാഹത്തെക്കുറിച്ച് സൗദി അറേബ്യൻ മിനിസ്ട്രി ഓഫ് മീഡിയ പ്രതികരിച്ചിട്ടില്ല. ഈ സമ്മർ ആദ്യമായിരുന്നു വിവാഹത്തിനുള്ള അതിഥികൾക്ക് ക്ഷണക്കത്ത് അയച്ചിരുന്നത്. വിവാഹം അതിരഹസ്യമാക്കി നടത്തിയതിനാൽ ഫോട്ടോയെടുക്കുന്നതിന് പോലും നിരോധനമേർപ്പെടുത്തിയിരുന്നു.