റിയാദ്: സൗദിയിലെ പണച്ചാക്കുകളുടെ മക്കളുടെ അത്യാഢംബര ജീവിതത്തിന്റെ അസൂയപ്പെടുത്തുന്ന കഥകൾ പതിവായി മാധ്യമങ്ങളിൽ വരുന്ന കാര്യമാണ്. മിഡിൽ ഈസ്റ്റിലെ കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനായി അവർ തങ്ങളുടെ സൂപ്പർ കാറുകളുമായി യുകെയിൽ അടിപൊളി ജീവിതത്തിനായി കുറച്ച് മാസങ്ങൾ എത്തുന്നത് എന്നും കൊട്ടിഘോഷിക്കപ്പെടാറുമുണ്ട്.

എന്നാൽ അവരുടെ ആഡംബര ജീവിതത്തിന്റെ മറ്റ് ചില കാഴ്ചകൾ കൂടി ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇവരിൽ പലരും തങ്ങളുടെ വീട്ടിൽ ഓമനമൃഗങ്ങളായി വളർത്തുന്ന പുള്ളിപ്പുലികളെയും കടുവകളെയും ചിമ്പാൻസികളെയുമാണെന്നാണ് റിപ്പോർട്ട്. വളർത്തു മൃഗങ്ങളെ ഇവർ ടൂറ്കൊണ്ടു പോകുന്നതാകട്ടെ പ്രൈവറ്റ് ജെറ്റിലുമാണത്രെ....ഇത്തരത്തിൽ സൗദി സമ്പന്നരുടെ മക്കളുടെ അടിപൊളി ജീവിതം സായിപ്പന്മാരെ അസൂയപ്പെടുത്തുകയാണ്.

ഇത്തരത്തിൽ ഹിംസ്ര ജന്തുക്കളെ വളർത്തുന്ന ഒരു സൗദി ധനികസന്തതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് ഇപ്പോൾ വൈറലാവുകയാണ്. താൻ വളർത്തുന്ന അപകടകാരികളായ മൃഗങ്ങളുടെ ചിത്രങ്ങൾക്ക് പുറമെ തന്റെ കൈവശമുള്ള ശക്തിയേറിയ ആയുധങ്ങളുടെ ചിത്രങ്ങളും ഈ ഇൻസ്റ്റാഗ്രാം യൂസർ പുറത്ത് വിട്ടിരിക്കുന്നു. ഈ വർഷം ആദ്യം ഒരു റെഡ്ഇറ്റ് യൂസർ സൗദി രാജകുമാരന്റെ വിമാനത്തിൽ 80 ഫാൽക്കൻ പക്ഷികളെ കൊണ്ട് പോകുന്ന ചിത്രം പുറത്ത് വിട്ടിരുന്നു.

പറക്കാതിരിക്കാൻ അവയുടെ ചിറകുകൾ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. മിഡിൽ ഈസ്റ്റേൺ എയർലൈൻസുകളിൽ ഇത്തരത്തിൽ പക്ഷികളെ കൊണ്ട് പോകാൻ അനുവദിക്കുന്നത് സർവസാധാരണമാണ്. ഖത്തർഎയർവേസ് ആറ് പക്ഷികളെ വരെ ഇത്തരത്തിൽ എക്കണോമി ക്ലാസിൽ കൊണ്ട് പോകാൻ അനുവദിക്കാറുണ്ട്. എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നതിന് അനുസരിച്ച് ഓരോ പക്ഷിക്കും 90 പൗണ്ട് മുതൽ 500 പൗണ്ട് വരെയാണ് ചാർജീടാക്കുന്നത്. ആഡംബരകാറുകളിൽ റൈഫിളുകളുമായി ചുറ്റിയടിക്കുന്നത് സൗദിയിലെ ധനികപുത്രന്മാരുടെ ഇഷ്ടവിനോദമാണ്.