റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സ്വാതന്ത്ര്യം കുറവുള്ള രാജ്യമാണ് സൗദി അറേബ്യ. പർദ്ദ ധരിക്കാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദം പോലുമില്ല. അങ്ങനെയുള്ള നാട്ടിൽ ശിരോവസ്ത്രമില്ലാതെ ചിത്രമെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്താൽ എങ്ങനെയിരിക്കും. സംഭവം വിവാദമാകുമെന്നത് ഉറപ്പാണ്. ഇക്കാരണം കൊണ്ട് സൗദിയിൽ യുവതി അറസ്റ്റിലായി.

ശിരോവസ്ത്രമില്ലാതെ റിയാദിലെ തിരുവിലൂടെ നടന്നതിന് ഈ സ്ത്രീ ഈയിടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സദാചാര വിരുദ്ധമായി പ്രവർത്തിച്ചുവെന്നു കാട്ടിയാണ് ഈ സ്ത്രീയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വക്താവ് ഫവാസ് അൽ മെയ്മാൻ പറഞ്ഞു. ഈ സ്ത്രീയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ വിവാദമുണ്ടാക്കിയ മലാക് അൽ ഷെഹ്‌റിയാണ് ഇതെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം തിരിച്ചറിഞ്ഞ് ആളുകൾ പറയുന്നു.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മലാക് അൽ ഷെഹ്‌റിയെ കൊന്നു കളയണമെന്നാവശ്യപ്പെട്ടാണ് വൻ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടക്കുന്നത്. ഒരു പോസ്റ്റ് യുവതിയെ കൊന്നുകളയുകയോ അല്ലെങ്കിൽ നായ്ക്കൾക്ക് യുവതിയെ വലിച്ചെറിഞ്ഞു കൊടുക്കുകയോ ഭരണകൂടം ചെയ്യണമെന്നാണ്.

ഞങ്ങൾ ആവശ്യപ്പെടുന്നു വിമത മാലാഖ അൽ ഷെഹ്രിയെ തടവിലാക്കുക എന്ന പേരിൽ ഹാഷ്ടാഗ് പ്രചരണവും വിമർശകർ ആരംഭിച്ചിരുന്നു. അതേ സമയം യുവതിയെ പിന്തുണച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗതെത്തി. സ്ത്രീകൾക്കെതിരായ വിവേചന തടവറകൾ അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്നാണ് ഒരാളുടെ പ്രതികരണം. ധീരയാണ് യുവതിയെന്നും നിരവധി പേർ വിശേഷിപ്പിച്ചു. അതേസമയം സംഭവം പാശ്ചാത്യ മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിട്ടുണ്ട്.  സൗദി അറേബ്യ വിരുദ്ധരായവർ സ്ത്രീവിരുദ്ധമാണ് സൗദിയെന്ന് ആരോപിച്ച് മറുപ്രചരണവും നടത്തുന്നുണ്ട്.