മെൽബൺ: 38കാരിയായ സൗദി സ്വദേശിനി മനാൽ അൽ-ഷരീഫ് ഇപ്പോൾ ഏറെ സന്തോഷവതിയാണ്. സ്വദേശമായ സൗദി വിട്ട് ഓസ്ട്രേലിയയിൽ താമസിക്കാൻ തുടങ്ങിയത് മുതലാണ് അവർ സന്തോഷിക്കാൻ തുടങ്ങിയിരിക്കുന്നത്. സൗദിയിലായിരുന്നപ്പോൾ അനുഭവിക്കാത്ത വ്യക്തിസ്വാതന്ത്ര്യമാണ് ഇപ്പോൾ കൈവന്നിരിക്കുന്ന ആ സന്തോഷത്തിന്റെ കാരണം. മാതൃരാജ്യമായ സൗദിയെക്കുറിച്ചോർക്കുന്നത് തന്നെ മനാലിന് ഇന്ന് നരകസമാനമാണ്. കാരണം സ്വയം കാറോടിച്ച വീഡിയോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ട് ലോകത്തിന്റെ കൈയടി നേടിയതിന് ഈ വനിതയെ സൗദി അറേബ്യ തടവിൽ ഇട്ട് നരകിപ്പിച്ചിരുന്നു.

ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം പിറന്ന നാടിനെ ഉപേക്ഷിച്ച് ഇവർ ഓസ്ട്രേലിയിലേക്ക് ചേക്കേറുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനാവില്ലെങ്കിലും ഇവിടെ അനുഭവിച്ച് കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശേഷങ്ങൾ എത്ര വിവരിച്ചാലും ഇവർക്ക് മതിയാവുന്നില്ല. കടുത്ത മുസ്ലിം മതനിയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സൗദിയിൽ സ്ത്രീകൾ കാറോടിക്കുന്നത് പോലും ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. നിലവിൽ സിഡ്നിയിലാണ് മനാൽ കഴിയുന്നത്. 2011 മേയിൽ സ്വയം കാറോടിച്ച് സൗദിയിലെ ഖോബർ തെരുവുകളിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ യൂട്യൂബിലിട്ടതിന്റെ പേരിലായിരുന്നു സൗദി ഇവരെ തടവിലിട്ടത്.

ഇത്തരത്തിൽ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് സൗദി. എന്നാൽ തന്റെ ജീവിത്തത്തെ ഇത്തരത്തിൽ തുടർന്നും നിയന്ത്രിക്കാൻ വിട്ട് കൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മനാൽ സൗദി വിട്ട് പോരുകയായിരുന്നു. മനാലിനെതിരായ ശിക്ഷാനടപടിയിൽ സൗദിക്കെതിരെ ആഗോളവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. കാറോടിച്ചതിന് സൗദിയിൽ വച്ച് തനിക്ക് 11 കാരനായ മകനെയും ജോലിയും വീടും നഷ്ടപ്പെട്ടുവെന്ന ദുരന്ത സത്യം മനാൽ വെളിപ്പെടുത്തുന്നു. താൻ വെല്ലുവിളി നിറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ജീവിതത്തിൽ ചെയ്തിട്ടുണ്ടെന്നും അതിനാലാണ് പിടിയിലാകുമെന്നുറപ്പായിട്ടും ഡ്രൈവ് ചെയ്യാൻ തയ്യാറായതെന്നും ഇവർ പറയുന്നു.

താൻ ജയിലിൽ ആയിരുന്നപ്പോൾ ആശുപത്രിയിലായ മകനൊപ്പം തനിക്ക് ചെലവഴിക്കാനായില്ലല്ലോ എന്ന ദുഃഖം മാത്രമാണ് അലട്ടിയിരുന്നതെന്നും മനാൽ വെളിപ്പെടുത്തുന്നു. സ്ത്രീകൾക്ക് സൗദിയിലുള്ള ഡ്രൈവിങ് നിരോധനത്തിനെതിരെ 20 വർഷങ്ങൾക്ക് മുമ്പായിരുന്നു ആദ്യത്തെ ഔദ്യോഗിക പ്രതിഷേധം അരങ്ങേറിയിരുന്നത്. അന്ന് 47 സ്ത്രീകളായിരുന്നു നിയമത്തെ വെല്ലുവിളിച്ച് വണ്ടിയോടിച്ചിരുന്നത്. എന്നാൽ അവരെല്ലാം തടവിലാവുകയും ചെയ്തിരുന്നു. അതിന് ശേഷം ഇത്തരത്തിലുള്ള ഒരു വെല്ലുവിളി നടത്തിയത് മനാലായിരുന്നു. തന്നെ ക്രിമിനലുകൾക്കൊപ്പമായിരുന്നു തടവിലിട്ടതെന്നും ഇവർ ഓർക്കുന്നു.

കാറോടിക്കുന്ന വീഡിയോ അന്ന് യൂട്യൂബിലിട്ട് 24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തിലധികം പേരായിരുന്നു കണ്ടിരുന്നത്. സൗദിയിലും ഇത് തരംഗമായിരുന്നു. തുടർന്ന് തനിക്കും കുടുംബത്തിനും വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺകാളുകളെത്തുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാറില്ല. അവരെ നിയമപരമായി മുതിർന്നവരായി കണക്കാക്കുന്നുമില്ല. ഇവിടെ ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീക്ക് പോലും കാര്യങ്ങൾ ചെയ്യാൻ പുരുഷന്റെ തുണ തേടണമെന്നത് നിർബന്ധമുള്ള കാര്യമാണെന്ന് മനാൽ വിവരിക്കുന്നു.തന്റെ ദുരനുഭവങ്ങൾ ഡെയറിങ് ടു ഡ്രൈവ് എന്ന പേരിൽ മനാൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

നിലവിൽ കുടുംബത്തിനൊപ്പം ഓസ്ട്രേലിയിൽ പിആർ നേടി ജീവിക്കുകയാണ് മനാൽ. തന്റെ രണ്ടാമത്തെ ഭർത്താവിനും ഇളയമകൻ ഡാനിയേൽ ഹംസയ്ക്കുമൊപ്പമാണ് ഇവിടെ കഴിയുന്നത്. തന്റെ 11 കാരനായ അർധ സഹോദരനും സൗദിയിൽ കഴിയുന്ന കുട്ടിയുമായ അബൗദിയെ ഡാനിയേൽ ഇതു വരെ കണ്ടിട്ടില്ല. ഓസ്ട്രേലിയയിൽ ജീവിതം സുഖകരമാണെന്നും ഇവിടെ മനുഷ്യൻ നിർമ്മിച്ച ബുദ്ധിമുട്ടുകൾ തന്നെ നിയന്ത്രിക്കുന്നില്ലെന്നും മനാൽ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു. തനിക്ക് ഈ ആഴ്ച ഓസ്ട്രേലിയൻ ഡ്രൈവിങ് ലൈസൻസ് ലഭിച്ചുവെന്നും മനാൽ പറയുന്നു. മറിച്ച് ഈ 2017ലും സൗദിയിൽ വനിതകളെ അടിമകൾക്ക് സമാനമായാണ് കണക്കാക്കുന്നതെന്നും ഈ സ്ത്രീ വെളിപ്പെടുത്തുന്നു.