ജിദ്ദ: സൗദി അറേബ്യ ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായതിനു ശേഷം സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഇപ്പോൾ ഇതാ ആ അലയൊലി  സ്‌റ്റേഡിയത്തിലും എത്തിയിരിക്കുകയാണ്.

ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം സൗദി പ്രീമിയർ ലീഗ് മത്സരത്തിൽ അൽ അഹ്ലി ക്ലബ്ബും അൽ ബാറ്റിൻ ക്ലബ്ബും തമ്മിലുള്ള പോരാട്ടം കാണാനായി നിരവധി സൗദി സ്ത്രീകളാണ് എത്തിയത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ കാണുന്നതിലുള്ള നിരോധനം സൗദി ഭരണകൂടം നീക്കിയതോടെ വനിതകൾക്ക് മത്സരം വീക്ഷിക്കാൻ അവസരമൊരുങ്ങിയത്.

ജിദ്ദ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്കിലും ഈസ്റ്റ് ബ്ലോക്കിലും പ്രത്യേക കവാടത്തിലൂടെയായിരുന്നു സ്ത്രീകൾക്ക് പ്രവേശനം. ഈ കവാടങ്ങളുടെ ചുമതലയും സ്ത്രീകൾക്കായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിൽ ആദ്യമായി സ്ത്രീകളെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്.

ഒറ്റയ്ക്കും കുടുംബത്തോടൊപ്പവുമെല്ലാം സ്ത്രീകൾ എത്തി. മുൻകൂട്ടി ബുക്ക് ചെയ്താണ് മിക്കവരും മത്സരം വീക്ഷിച്ചത്. സ്റ്റേഡിയത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കാൻ ഗ്ലാസ് പാനലുകളുണ്ടായിരുന്നു.വളരെ ആവേശത്തോടെ ടീമുകളെ സ്ത്രീകൾ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശി ആയതിനു ശേഷമാണ് സൗദിയിൽ ഇത്തരത്തിലുള്ള ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. നേരത്തെ, പുരുഷന്മാർക്ക് മാത്രം പ്രവേശനം നൽകിയിരുന്ന സ്റ്റേഡിയങ്ങളാണ് ഇപ്പോൾ സ്ത്രീകൾക്കായും തുറന്നു കൊടുക്കുന്നത്.

അതേസമയം ടീമുകളുടെ ജഴ്സിയുടെ നിറത്തിലുള്ള അബായകൾ പുറത്തിറക്കാൻ ചില ക്ലബ്ബുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് സ്ത്രീകൾക്കും രാജ്യത്തിനും അഭിമാന നിമിഷമാണെന്ന് നിരവധി സ്ത്രീകൾ പ്രതികരിച്ചു.വനിതകൾക്ക് വേണ്ടി പ്രത്യേകമായ ഇരപ്പിടങ്ങളും പ്രാർത്ഥന മുറിയും വിശ്രമ സ്ഥലവും പാർക്കിങ് സൗകര്യങ്ങളും സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്നു.

ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയം, റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ദമാമിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സ്റ്റേഡിയങ്ങളിൽ നിന്നുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റ് സ്റ്റേഡിയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകാനാണ് നീക്കം. സൗദി വനിതകൾക്ക് സ്പോർട്സ് കോളേജ്, ഫുട്ബോൾ ക്ലബ്ബുകൾ തുടങ്ങിയവ ആരംഭിക്കാനും നീക്കമുണ്ട്.

സൗദി സ്ത്രീകൾക്ക് കാറോടിക്കാനും സിനിമ കാണാൻ തീയേറ്ററിൽ പോകാനും അനുമതി നൽകിയതിന്റെ തുടർച്ചയാണിത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് മാ്ര്രതമായുള്ള കാർ ഷോറൂമും തുറന്നിരുന്നു.ലോകത്തിൽ വനിതകൾക്ക് ഡ്രൈവിങ് നിരോധിച്ചിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി.