ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയർ ശിക്ഷ വിധിച്ചിട്ടും ഇനിയും നടപ്പാലികാതെ മുന്നോട്ടുപോകുകയാണ്. ഇതിനിടെ ഗോവിന്ദച്ചാമി ജയിലിൽ ബിരിയാണിയും കഴിച്ച് തടിച്ചു കൊഴുക്കുകുയും ചെയ്യുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതി ശിക്ഷ റദ്ദാക്കണമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണിപ്പോൾ. സൗമ്യവധക്കേസിൽ ഹൈക്കോടതി ശരിവച്ച വധശിക്ഷയ്‌ക്കെതിരെ മുഖ്യപ്രതി ഗോവിന്ദച്ചാമി നൽകിയ അപ്പീലിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി.

സൗമ്യയുടേത് അപകടമരണമാണെന്നും പ്രതിക്ക് കൊലയുമായി ബന്ധമില്ലെന്നും ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂർ വാദിച്ചു. സൗമ്യയെ പീഡിപ്പിച്ചത് ഒറ്റക്കൈയൻ ആണെന്ന മരണമൊഴി ഗോവിന്ദച്ചാമിയെ പ്രതിയാക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം വാദിച്ചു. ഒറ്റക്കൈയൻ എന്ന് ആരോ പറഞ്ഞപ്പോൾ ഗോവിന്ദച്ചാമിയെ പ്രതി ചേർക്കുകായിരുന്നു എന്നാണ് ആളൂരിന്റെ വാദം.

കേസ് ഈമാസംഏഴിന് വീണ്ടും പരിഗണിക്കും. അതിനുമുമ്പ് പ്രധാന വാദങ്ങൾ എഴുതി നൽകാൻ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. 2011 ഒക്ടോബർ 31ന് തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2013 ഡിസംബർ 17ന് ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു. ഇതേതുടർന്ന് ഇയാൾ സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു.

ഈ കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കുകയണ് അഡ്വ. ആളൂർ. ജിഷ വധക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനു വേണ്ടി ഹാജരാകാൻ തയ്യാറാണെന്ന് പറഞ്ഞും അഡ്വ. ബി.എ. ആളൂർ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ആളൂരിന്റെ വാദങ്ങളെ സുപ്രീംകോടതി മുഖവിലയ്‌ക്കെടുക്കുമോ എന്നകാര്യമാണ് ഇനി അറിയേണ്ടത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ സംസ്ഥാന ആഭ്യന്തരവകുപ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് കേസിൽ വാദം തുടങ്ങിയത്. ഷൊറണൂർ മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ 2011 ഫെബ്രുവരി ഒന്നിന് പ്രതി ഗോവിന്ദച്ചാമി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും താഴേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഫെബ്രവരി ആറിന് ആശുപത്രിയിൽ വച്ച് സൗമ്യ മരണപ്പെടുകയായിരുന്നു.