ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ട്. കേസ് പരിഗണിക്കുമ്പോൾ തന്റെ വാദം കേൾക്കണമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ മാനഭംഗത്തിനു വിചാരണക്കോടതി നൽകിയ ജീവപര്യന്തം നിലനിർത്തിയിരുന്നു. കൂടാതെ ഏഴുവർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.
പുനഃപരിശോധനാ ഹർജി നൽകുമെന്നു സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. വിധിയിൽ നിയമപരമായും വസ്തുതാപരമായും പിഴവുകളുണ്ടെന്നു സുപ്രീംകോടതിയിൽ ബോധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോത്തഗിയായിരിക്കും സുപ്രീംകോടതിയിൽ ഹാജരാകുക. ഗോവിന്ദച്ചാമിക്കെതിരെയുള്ള കൊലക്കുറ്റവും വധശിക്ഷയും പുനഃസ്ഥാപിച്ചു കിട്ടുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞിരുന്നു.