- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യ വധക്കേസിലെ തിരിച്ചടിയുടെ ക്ഷീണം തീർക്കാൻ സർക്കാർ നീക്കം; സുപ്രീംകോടതി അഭിഭാഷകരുമായി ചർച്ച നടത്താൻ എ കെ ബാലൻ ഡൽഹിയിലേക്ക്; തെറ്റുതിരുത്തൽ ഹർജിയും പരിഗണനയിലെന്ന് എജി
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ജനരോഷം ശക്തമായിരിക്കവേ വിധിയിൽ പുനപരിശോധനാ ഹർജിയുടെ സാധ്യത തേടി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. സുപ്രീം കോടതി അഭിഭാഷകരെ നിയമിച്ച് കേസിൽ തെറ്റുതിരുത്തൽ ഹർജി നൽകാനാണ് സർക്കാർ ശ്രമം. ഇതിനായുള്ള ചർച്ചകൾക്കായി മന്ത്രി എ കെ ബാലൻ നാളെ ഡൽഹിക്ക് യാത്ര തിരിക്കും. സുപ്രീംകോടതി അഭിഭാഷകരുമായി ചർച്ച നടത്താനാണ് യാത്ര. പ്രതി ഗോവിന്ദചാമിക്ക് വധശിക്ഷ നൽകണമെന്നാണ് പുനപരിശോധന ഹർജിയിൽ ആവശ്യപ്പെടുക. കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് ഗോവിന്ദചാമിയെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത നിരവധി കേസുകൾ പ്രോസിക്യൂഷന്റെ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന കാലത്ത് സൗമ്യ കേസിൽ ഇത്തരമൊരു വീഴ്‌ച്ച വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിൽ കേസെത്തിയപ്പോൾ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടുനിർത്തി കേസ് കൂട്ടികൊഴച്ചുവെന്നാണ് കേസിലെ വിധിക്ക് പിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. കേസിൽ വിധി വന്നതിന് പി

തിരുവനന്തപുരം: സൗമ്യ വധക്കേസിൽ സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ജനരോഷം ശക്തമായിരിക്കവേ വിധിയിൽ പുനപരിശോധനാ ഹർജിയുടെ സാധ്യത തേടി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. സുപ്രീം കോടതി അഭിഭാഷകരെ നിയമിച്ച് കേസിൽ തെറ്റുതിരുത്തൽ ഹർജി നൽകാനാണ് സർക്കാർ ശ്രമം. ഇതിനായുള്ള ചർച്ചകൾക്കായി മന്ത്രി എ കെ ബാലൻ നാളെ ഡൽഹിക്ക് യാത്ര തിരിക്കും. സുപ്രീംകോടതി അഭിഭാഷകരുമായി ചർച്ച നടത്താനാണ് യാത്ര. പ്രതി ഗോവിന്ദചാമിക്ക് വധശിക്ഷ നൽകണമെന്നാണ് പുനപരിശോധന ഹർജിയിൽ ആവശ്യപ്പെടുക.
കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് ഗോവിന്ദചാമിയെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത നിരവധി കേസുകൾ പ്രോസിക്യൂഷന്റെ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന കാലത്ത് സൗമ്യ കേസിൽ ഇത്തരമൊരു വീഴ്‌ച്ച വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിൽ കേസെത്തിയപ്പോൾ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടുനിർത്തി കേസ് കൂട്ടികൊഴച്ചുവെന്നാണ് കേസിലെ വിധിക്ക് പിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. കേസിൽ വിധി വന്നതിന് പിന്നാലെ റിവ്യൂ ഹർജി നൽകുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കേസ് വാദിക്കാൻ രാജ്യത്തെ പ്രഗൽഭരായ അഭിഭാഷകരെ തന്നെ അണിനിരത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി ബാലൻ ഡൽഹിയിലേക്ക് തിരിക്കുന്നത്.
സിപിഐ(എം) കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്ന നിയമമന്ത്രി എ.കെ ബാലൻ നിയമവിദഗ്ദ്ധരുമായും സ്റ്റാൻഡിങ് കൗൺസിലുമായും ചർച്ച നടത്തും. റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കുകയാണങ്കിൽ എന്തെല്ലാം പുതുതായി ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങൾ മുതിർന്ന അഭിഭാഷകരുമായി മന്ത്രി ബാലൻ ചർച്ച ചെയ്യും. പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള നീക്കവുമുണ്ട്. പ്രോസിക്യൂഷന്റെ പിടിപ്പുകേടാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെടാൻ കാരണമെന്ന ശക്തമായ വിമർശം ഉയർന്ന സാഹചര്യത്തിൽ പോരായ്മകൾ കണ്ടെത്തി പഴുതകളടച്ചായിരിക്കും പുതിയ നീക്കങ്ങൾ.
അതേസമയം പുനഃപരിശോധനാ ഹർജി കോടതി പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. ശക്തമായ ജനരോഷം കണക്കിലെടുത്താണ് തിരക്കിട്ട നീക്കങ്ങൾ സർക്കാർ നടത്തുന്നത്. ശരിയായ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നതുസംബന്ധിച്ച നിയമോപദേശം മന്ത്രി തേടും.
ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സൗമ്യ കേസിൽ സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായത്. സൗമ്യയെ ഗോവിന്ദചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകൾ നിരത്തി ബോധ്യപ്പെടുത്താൻ ഇവർക്കായില്ല. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. കേസ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശനെ മാറ്റിനിർത്തിയതാണ് കോടതിയിൽ സർക്കാരിന് ഉത്തരംമുട്ടാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
സർക്കാർ ഉത്തരവുണ്ടായിട്ടും സുപ്രീംകോടതിയിൽ സൗമ്യ കേസ് നടത്താൻ പ്രോസിക്യൂഷനു സഹായം ലഭിച്ചില്ലെന്നാണ് ആരോപണം. സുപ്രീംകോടതിയിൽ കേസ് നടത്തിയ സീനിയർ സ്റ്റാൻഡിങ് കൗൺസലിനെ സഹായിക്കാൻ എ. സുരേശനെ നിയമിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് 2015 ഫെബ്രുവരി 18ന് ഉത്തരവിറക്കിയെങ്കിലും അതു നടപ്പായില്ല. സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്താൻ സുരേശൻ തയാറായില്ലെന്നാണു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. സുരേശൻ അസൗകര്യം അറിയിച്ചതായി അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദും പറയുന്നു. എന്നാൽ, സുപ്രീം കോടതിയിൽ കേസ് നടത്തിപ്പിനു സഹായിക്കാനോ സംശയങ്ങൾ ദൂരീകരിക്കാനോ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണു സുരേശന്റെ വിശദീകരണം.
സുപ്രീംകോടതിയിൽ കേസ് നടത്തിയവരും മുമ്പ് കേസ് വാദിച്ചവരും ഒരുമിച്ചിരുന്നു ചർച്ച നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെന്നു സുരേശൻ പറയുന്നു. സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഉയർന്നതാണ്. അന്നെല്ലാം തെളിവുകളും സാക്ഷിമൊഴികളും വച്ചു കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷനു കഴിഞ്ഞു. കഴിഞ്ഞ എട്ടിന്, സുപ്രീംകോടതി അന്തിമ വാദം കേട്ടു കേസ് വിധി പറയാൻ മാറ്റിയ ദിവസം വൈകിട്ടാണു സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ തന്റെ അഭിപ്രായം ചോദിച്ചത്. അതിന് അഞ്ചു ദിവസം മുൻപ് പത്രവാർത്ത കണ്ടു താൻ അങ്ങോട്ടു വിളിച്ചിരുന്നു. കേസിൽ പറയാനുള്ളത് എഴുതി നൽകാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ, മറ്റൊരു ചർച്ചയും നടന്നിട്ടില്ലെന്നും സുരേശൻ വ്യക്തമാക്കി.
സുപ്രീംകോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലായിരുന്ന നിഷെ രാജൻ ശങ്കർ രണ്ടു തവണ സുരേശനെ ഇക്കാര്യത്തിനു വിളിക്കുകയും ആവശ്യമായ ഫീസ് സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചുവെന്നാണ് എജി പറഞ്ഞത്. വാദത്തിന്റെ ഒരു ഘട്ടത്തിൽ കൊലക്കുറ്റം തെളിയിക്കാൻ നേരിട്ടുള്ള തെളിവുണ്ടോ എന്ന ചോദ്യം സുപ്രീംകോടതിയിൽനിന്നുണ്ടായി. സാഹചര്യത്തെളിവുകൾതന്നെ ശിക്ഷയ്ക്കു മതിയായതാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. ശിക്ഷിക്കാൻ സാഹചര്യത്തെളിവു മതിയെന്ന വാദത്തിനു ബലംനൽകാൻ സുപ്രീം കോടതി വിധികളും ഉദ്ധരിച്ചു. എന്നാൽ ആ വാദം സുപ്രീംകോടതിയിൽ അംഗീകരിക്കപ്പെട്ടില്ലെന്നും എജി വിശദീകരിക്കുന്നു.

