ന്യുഡൽഹി: ഗോവിന്ദച്ചാമിക്ക് വധശിക്ഷ നൽകണമെന്നാണ് കേരളം ഒരുപോലെ ആഗ്രഹിക്കുന്നത്. എന്നാൽ, കേരളം മരണശിക്ഷ ആഗ്രഹിച്ച വ്യക്തി തൂക്കുകയറിൽ നിന്നും രക്ഷപെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധിപറയുകയാണ്. സൗമ്യയുടെ മരണം അപകടമാണെന്നും ഇക്കാര്യത്തിൽ കീഴ് കോടതികളിൽ നിന്നുമുണ്ടായ വിധി റദ്ദു ചെയ്യണമെന്നുമാണ് പ്രതിയൂടെ ആവശ്യം.

ജസ്്റ്റീസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തേ ഗോവിന്ദചാമിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്‌കോടതി വിധി ഹൈക്കോടതി ശരി വച്ചതിന് പിന്നാലെയാണ് പ്രതി സുപ്രീംകോടതിയിലെത്തിയത്. ഹർജി പരിഗണിച്ച കോടതി ഗോവിന്ദചാമിയാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിന് ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ ഊഹാപോഹങ്ങളല്ല കോടതിക്ക് വേണ്ടത്, തെളിവുകളാണെന്നും സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്നതിൽ ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷന് സാധ്യമായിട്ടില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരതരമായി വീഴ്‌ച്ചയാണെന്ന് പൊതുവിലയിരുത്തലുമുണ്ടായി. ഇതോടെ പ്രോസിക്യൂഷനെ മാറ്റാനുള്ള ശ്രമങ്ങളുണ്ടെങ്കിലും വാദം പൂർത്തിയായ സ്ഥിതിക്ക് ഇനി അതിനും സാധിക്കില്ല. കേസിൽ കീഴ്‌കോടതിയിൽ ഹാജരായ പ്രോസിക്യൂട്ടറെ സുപ്രീംകോടതിയിൽ മാറ്റിയതിന് കടുത്ത വിമർശനമാണ് സർക്കാരിന് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് ഇത്തരമൊരു നീക്കമുണ്ടായത്.

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നൽകി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. ഈ ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ഗോവിന്ദച്ചാമി ഹർജി നൽകിയത്.

കൊലപാതകം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തലെങ്കിൽ ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടും. ബലാത്സംഗംമോഷണം ഉൾപ്പെടെ മറ്റ് 13 കുറ്റങ്ങളിൽ മാത്രമാകും ഗോവിന്ദച്ചാമിയുടെ ശിക്ഷ.