ന്യൂഡൽഹി: കേരളം വധശിക്ഷ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേത്. കേസിലെ പ്രതിക്ക് വധശിക്ഷ പുനഃസ്ഥാപിക്കാൻ വേണ്ടി കേരളം നടത്തുന്ന നിയമപോരാട്ടങ്ങൾ വിജയം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. സൗമ്യ വധക്കേസിൽ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ. ചലമെശ്വറും അംഗങ്ങളാണ്. ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്ഥാപിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാർ വിപുലമായ ബെഞ്ചിൽ തുടരും.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ അവസാനവട്ട പരിശ്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വിജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയിൽ വാദം കേട്ട ശേഷം കോടതി തള്ളി.

നിരവധി കേസുകളിൽ പ്രത്യാഘാതമുണ്ടാക്കുകയും കുറ്റവാളികൾക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്ന വിധിയിലെ തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അറ്റോർണി ജനറൽ മുകുൾ റോത്തഗി തയ്യാറാക്കിയ തിരുത്തൽ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന മൂന്ന് ജഡ്ജിമാർ അടങ്ങുന്ന ആറംഗ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രൂപം നൽകിയിരിക്കുന്നത്.

കേസിൽ വിധി പ്രസ്താവിച്ച രഞ്ജൻ ഗോഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിൽ ഉണ്ടാകും. ജഡ്ജിമാർ ചേമ്പറിൽവച്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുക. ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഹർജി തള്ളാൻ ബെഞ്ച് തീരുമാനിച്ചാൽ ഇതിനുള്ള അവസരം ലഭിക്കില്ല.

സൗമ്യയെ തീവണ്ടിയിൽ നിന്ന് തള്ളിയിട്ടത് ഗോവിന്ദ ചാമിയാണെന്നതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നാണ് ശിക്ഷ ഇളവ് ചെയ്യാൻ കോടതി കണ്ടെത്തിയ കാരണം. എന്നാൽ മറ്റെല്ലാ തെളിവുകളും എതിരാകുമ്പോൾ ഗോവിന്ദചാമിക്ക് സംശയത്തിന്റെ ഇളവ് നൽകരുതെന്നാണ് തിരുത്തൽ ഹർജിയിൽ സർക്കാർ വാദം. പുനപരിശോധന ഹർജി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന് അനുകൂലമായി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തിന് എതിരായ കോടതിയലക്ഷ്യ നടപടികൾക്കാണ് അന്ന് ഊന്നൽ നൽകിയതെന്നും വസ്തുതകൾക്ക് മതിയായ പ്രാധാന്യം നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011 ഫെബ്രുവരിയിലാണ് സൗമ്യ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്.