കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്നു കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപ്രതി അധികൃതർ. പ്രധാന പരിശോധനകളിലെ ഫലങ്ങളിൽ പ്രശ്‌നങ്ങളില്ലെന്ന് അപ്പോളോ ഗ്ലെനിഗിൽസ് ആശുപത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഗാംഗുലിയെ വ്യാഴാഴ്ച ആൻജിയോഗ്രഫിക്ക് വിധേയനാക്കുമെന്ന് മുതിർന്ന ഡോക്ടർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭാര്യ ഡോണ, സഹോദരൻ സ്‌നേഹസിഷ് ഗാംഗുലി എന്നിവർ ആശുപത്രിയിൽ സൗരവ് ഗാംഗുലിക്കൊപ്പമുണ്ട്.

48കാരനായ ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച, ഇസിജിയിൽ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

അഞ്ചുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ജനുവരി 7നാണ് അദ്ദേഹം ആശുപത്രി വിട്ടത്. സൗരവ് ഗാംഗുലിക്ക് വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയിരുന്നത്. ഇതിൽ ഒന്നിൽ മാത്രമാണ് സ്റ്റെന്റ്റ് ഇട്ടത്.