- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2013ന് ശേഷം ഐസിസി കിരീടം നേടാൻ ടീം ഇന്ത്യക്കായിട്ടില്ല; കരുത്തരുടെ സാന്നിധ്യം വമ്പൻ ടൂർണമെന്റുകളിൽ ഗുണകരമാകും; ധോനിയെ ഉപദേശകനാക്കിയതിന്റെ കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായത് ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയുടെ തിരിച്ചുവരവായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ധോണി ഇന്ത്യൻ ടീമിനൊപ്പം ആദ്യമായി ചേരുകയാണ്. 2019 ലോകകപ്പിൽ ന്യൂസീലന്റിനെതിരായ സെമി ഫൈനലാണ് ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരം.
ടീം ഇന്ത്യയുടെ നിർണായക ചുമതലയിലേക്ക് ധോണിയുടെ മടങ്ങിവരവിനെ നിരവധി പേർ സ്വാഗതം ചെയ്തെങ്കിലും മുൻതാരങ്ങളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. സുനിൽ ഗാവസ്കറിനെയും കപിൽ ദേവിനേയും പോലുള്ള ഇതിഹാസങ്ങൾ ബിസിസിഐ തീരുമാനം സ്വാഗതം ചെയ്തപ്പോൾ അജയ് ജഡേജയും ഗൗതം ഗംഭീറുമടക്കം വിമർശനവുമായി രംഗത്തെത്തി. എന്നാൽ ധോണിയുടെ ഉൾപ്പെടുത്തിയതിന്റെ കാരണം വിമർശകർക്ക് മറുപടിയായി നൽകുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
'ലോകകപ്പിൽ ടീമിനെ സഹായിക്കാൻ വേണ്ടിയാണ് ധോണിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടീം ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിങ്സിനായും ട്വന്റി-20 ഫോർമാറ്റിൽ മികച്ച റെക്കോർഡ് ധോണിക്കുണ്ട്. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ധോണിയെ നിയമിക്കാൻ തീരുമാനിച്ചത്. 2013ന് ശേഷം ഐസിസി കിരീടം നേടാൻ ടീം ഇന്ത്യക്കായിട്ടില്ല. ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഷസിൽ 2-2ന് സമനില നേടിയപ്പോൾ സ്റ്റീവ് വോ സമാന ചുമതലയിൽ ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു എന്നോർക്കുക. ഇത്തരം കരുത്തരുടെ സാന്നിധ്യം വമ്പൻ ടൂർണമെന്റുകളിൽ ഗുണകരമാണ്' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.
ടീം ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത് 2013ൽ എം എസ് ധോണിക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫിയാണ്. ട്വന്റി-20, ഏകദിന ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും നേടിയ ഏക നായകൻ കൂടിയാണ് ധോണി. 2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ ഇന്ത്യയെ ധോണി നയിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ധോണി ഒരു ദേശീയ ടീമുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.
ബിസിസിഐയുടെയും ടീം ഇന്ത്യയുടേയും പൂർണ പിന്തുണ ധോണിക്കുണ്ട്. ബിസിസിഐയിലെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോൾ ധോണിയുടെ കാര്യത്തിൽ എല്ലാവർക്കും അനുകൂല അഭിപ്രായമായിരുന്നു. ഇന്ത്യൻ ടീം നായകൻ വിരാട് കോലി, ഉപനായകൻ രോഹിത് ശർമ്മ, പരിശീലകൻ രവി ശാസ്ത്രി എന്നിവരും തീരുമാനത്തെ പിന്തുണച്ചു എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്