- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിഷയം ബിസിസിഐയ്ക്ക് വിട്ടേക്കൂ; അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളാം; വാർത്താ സമ്മേളനമോ പ്രത്യേക പ്രസ്താവനയോ ഉണ്ടാകില്ല'; കോലി വിഷയത്തിൽ പ്രതികരിച്ച് ഗാംഗുലി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാന കൈമാറ്റത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രശ്‌നം ബിസിസിഐ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ വിരാട് കോലിയെ നിർബന്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ വിരാട് കോലി തള്ളിക്കളഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കെയാണ്, വിഷയത്തിൽ സൗരവ് ഗാംഗുലിയുടെ പ്രതികരണം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ്, ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തു തുടരാൻ താൻ കോലിയെ നിർബന്ധിച്ചിരുന്നുവെന്ന ഗാംഗുലിയുടെ വെളിപ്പെടുത്തൽ കോലി തള്ളിക്കളഞ്ഞത്. ഇതേത്തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്‌കർ, കപിൽ ദേവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഇന്ന് മാധ്യമപ്രവർത്തകർ വിരാട് കോലിയുടെ വാർത്താ സമ്മേളനത്തിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ഗാംഗുലിയുടെ പ്രതികരണം തേടിയത്. എന്നാൽ കാര്യമായി പ്രതികരിക്കാതിരുന്ന ഗാംഗുലി, ഈ വിഷയത്തിൽ ഇനി ബിസിസിഐ പ്രത്യേക വാർത്താ സമ്മേളനം വിളിക്കുകയോ പ്രസ്താവന പുറത്തുവിടുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി.
'ഈ വിഷയം ബിസിസിഐയ്ക്ക് വിട്ടേക്കൂ. അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളാം' ഇതായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 'വാർത്താ സമ്മേളനമോ പ്രത്യേക പ്രസ്താവനയോ ഈ വിഷയത്തിൽ ഉണ്ടാകില്ലെ'ന്നും ഗാംഗുലി പ്രതികരിച്ചു.
ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന, കോലി നേരിട്ട് നിഷേധിച്ചതോടെയാണ് പുതിയ വിവാദം രൂപപ്പെട്ടത്. ട്വന്റി20ക്കു പിന്നാലെ ഏകദിന ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോലിയെ നീക്കിയതിന്റെ തുടർച്ചയായിരുന്നു ഈ വിവാദം. കോലിയുടെ വാർത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഗാംഗുലി വ്യക്തത വരുത്തണമെന്ന് മുൻ താരം സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്