- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറികളുമായി വിജയ പ്രതീക്ഷ ഉയർത്തി ധവാനും കോലിയും; പൊരുതാതെ കീഴടങ്ങി മധ്യനിര; വാലറ്റത്ത് ഷർദ്ദുലിന്റെ പോരാട്ടം വിഫലം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം 31 റൺസിന്

പാൾ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 31 റൺസിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ആതിഥേയർ മുന്നോട്ടുവെച്ച 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് മത്സര പരമ്പരയിൽ 1-0ന് പ്രോട്ടീസ് മുന്നിലെത്തി. ഓപ്പണർ ശിഖർ ധവാന്റെയും വിരാട് കോലിയുടെയും അർധസെഞ്ചുറികളുടെ കരുത്തിൽ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞു. വാലറ്റത്ത് ഷർദ്ദുൽ ഠാക്കൂർ പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.
29-ാം ഓവറിൽ 152-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ കോലി പുറത്തായതിന് ശേഷം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 79 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കോലി 51 റൺസെടുത്ത് പുറത്തായി. വാലറ്റത്ത് 43 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ഷർദ്ദുൽ ഠാക്കൂറിന്റെ പോരാട്ടം ഇന്ത്യയുടെ തോൽവിഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ആൻഡിൽ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയുമാണ് ടബ്രൈസ് ഷംസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സ്‌കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 296-4, ഇന്ത്യ 50 ഓവറിൽ 265--8.
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ കെ എൽ രാഹുലിൽ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി തുടക്കത്തിലെ തല മടങ്ങി. 17 പന്തിൽ 12 റൺസെടുത്ത രാഹുലിനെ ഏയ്ഡൻ മാർക്രം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. ആദ്യ വിക്കറ്റ് വീഴുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 46 റൺസെ ഉണ്ടായിരുന്നുള്ളു.
രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും വിരാട് കോലിയും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്‌കോർ ബോർഡ് അനായാസം മുന്നോട്ട് നീങ്ങി. കോലി സിംഗിളുകളും ഡബിളുകളുമായി അനായാസം സ്‌കോർ ചെയ്തപ്പോൾ മോശം പന്തുകൾ തെരഞ്ഞെടുത്ത് ബൗണ്ടറി കടത്തിയ ധവാൻ ഇന്ത്യൻ സ്‌കോറിംഗിന് ഗതിവേഗം നൽകി. രണ്ടാം വിക്കറ്റിൽ 92 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 26-ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ ധവാൻ പുറത്താവുമ്പോൾ ഇന്ത്യൻ സ്‌കോർ 150ന് അടുത്ത് എത്തിയിരുന്നു. 84 പന്തിൽ 79 റൺസെടുത്ത ധവാൻ 10 ബൗണ്ടറി പറത്തി.
റൺസ് പിന്തുരുമ്പോൾ എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് അറിയാവുന്ന കോലി പക്ഷെ അഞ്ച് വർഷത്തിനിടെയ ക്യാപ്റ്റനല്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തിൽ ഫിനിഷ് ചെയ്യാതെ മടങ്ങി. അർധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ടബ്രൈസ് ഷംസിയെ സ്വീപ് ചെയ്യാനുള്ള കോലിയുടെ ശ്രമം ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമയുടെ കൈകളിലൊതുങ്ങി. 63 പന്തിൽ 51 റൺസെടുത്ത കോലി മൂന്ന് ബൗണ്ടറി മാത്രമാണ് നേടിയത്.
കോലിയും ധവാനും പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരും റിഷഭ് പന്തും നല്ല തുടക്കമിട്ടെങ്കിലും വിജയത്തിലേക്ക് ബാറ്റുവീശാൻ നിൽക്കാതെ വീണു. 17 റൺസെടുത്ത ശ്രേയസ് അയ്യരെ ലുങ്കി എങ്കിഡി ഡികോക്കിന്റെ കൈകളിലെത്തിച്ചപ്പോൾ 16 റൺസെടുത്ത റിഷഭ് പന്തിനെ ഫെലുക്കുവായോയുടെ പന്തിൽ ഡീ കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ എത്തിയ വെങ്കടേഷ് അയ്യർ(2) വമ്പനടിക്ക് ശ്രമിച്ച് മടങ്ങിയപ്പോൾ അശ്വിനും(7) അധികം പൊരുതി നിൽക്കാനായില്ല. വാലറ്റത്ത് ബുമ്രയെ(14*) കൂട്ടുപിടിച്ച് ഷർദ്ദുൽ ഠാക്കൂർ(50*) നടത്തിയ പോരാട്ടം ഇന്ത്യയുടെ തോൽവിഭാരം കുറച്ചു. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 51 റൺസടിച്ചു. അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയാണ് ഷർദ്ദുൽ 50 റൺസടിച്ചത്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സെഞ്ചുറി നേടിയ റാസി വാൻ ഡ്യൂസന്റെയും നായകൻ തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോർ പടുത്തുയർത്തിയത്.
ഡസ്സൻ 129 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ബാവുമ 110 റൺസെടുത്ത് പുറത്തായി.മൂന്ന് വിക്കറ്റിന് 68 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ഡസനും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 204 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. ഡസന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്
ഇന്ത്യൻ ബൗളർമാരിൽ ബുംറ മാത്രമാണ് തിളങ്ങിയത്. 10 ഓവറിൽ 48 റൺസ് വഴങ്ങിയ താരം രണ്ടുവിക്കറ്റെടുത്തു. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ വെങ്കടേഷ് അയ്യർ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.


