- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെംബ ബവുമയുടെ ചെറുത്ത് നിൽപ്പ്; കില്ലർ മില്ലറുടെ ഫിനിഷിങ്; ഹാട്രിക്ക് വിക്കറ്റ് നേട്ടവുമായി വാനിന്ദു ഹസരംഗ തിളങ്ങിയിട്ടും ശ്രീലങ്കയെ നാല് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക; 143 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെ
ഷാർജ: ട്വന്റി 20 ലോകകപ്പിൽ അവസാന ഓവർ വരെ ജയപരാജയങ്ങൾ മാറി മറിഞ്ഞ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ നാലു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക സെമി സാധ്യത നിലനിർത്തി.
143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് അവസാന രണ്ടോവറിൽ 25 റൺസും അവസാന ഓവറിൽ 15 റൺസുമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.
ലഹിരു കുമാര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ റബാദ സിംഗിളെടുത്തപ്പോൾ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലർ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാദ ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി. തുടർച്ചയായ രണ്ടാം ജയം.
13 പന്തുകൾ നേരിട്ട മില്ലർ 23 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 46 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹാട്രിക്ക് നേടിയ വാനിന്ദു ഹസരംഗ ശ്രീലങ്കയ്ക്കായി തിളങ്ങി. ഏയ്ഡൻ മാർക്രം, ടെംബ ബവുമ, ഡ്വെയ്ൻ പ്രെറ്റോറിയസ് എന്നിവരെയാണ് ഹസരംഗ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്. സ്കോർ ശ്രീലങ്ക 20 ഓവറിൽ 142ന് ഓൾ ഔട്ട്, ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ 146-6.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെയും തോൽച്ചിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമാക്കിയപ്പോൾ തുടർച്ചയായ രണ്ടാം തോൽവി ലങ്കക്ക് കനത്ത തിരിച്ചടിയായി.
143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ഓവറിൽ ഇരട്ട പ്രഹരമേറ്റു. ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (11) മടക്കിയ ദുഷ്മാന്ദ ചമീര, നാലാം പന്തിൽ മറ്റൊരു ഓപ്പണറായ ക്വിന്റൺ ഡിക്കോക്കിനെയും (12) പവലിയനിലെത്തിച്ചു.
പിന്നാലെ ടെംബ ബവുമയും റസ്സി വാൻഡെർ ദസ്സനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിക്കവെ എട്ടാം ഓവറിൽ വാൻഡെർ ദസ്സൻ (16) റണ്ണൗട്ടായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ബവുമ - ഏയ്ഡൻ മാർക്രം സഖ്യം 47 റൺസ് കൂട്ടിച്ചേർത്ത് സ്കോർ 96-ൽ എത്തിച്ചു. 20 പന്തിൽ നിന്ന് 19 റൺസെടുത്ത മാർക്രത്തെ ഹസരംഗ 15-ാം ഓവറിൽ മടക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. പതിനെട്ടാം ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ ബാവുമയെയും(46) പ്രിട്ടോറിയസിനെയും(0) നഷ്ടമായതോടെ 112-6ലേക്ക് വീണ ദക്ഷിണാഫ്രിക്ക തോൽവി മുന്നിൽ കണ്ടു.
എന്നാൽ അവസാന ഓവറുകളിൽ മില്ലർക്ക് കൂട്ടായി എത്തിയ റബാദ തകർപ്പൻ സിക്സിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നീടായിരുന്നു മില്ലറുടെ ഫിനിഷിങ്. ശ്രീലങ്കക്കായി ഹസരങ്ക 20 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ചമീര രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണർ പാതും നിസങ്കയുടെ അർധസെഞ്ചുറി കരുത്തിലാണ് 20 ഓവറിൽ 142 റൺസെടുത്തത്. ദക്ഷിണാഫ്രിക്കക്കായി തബ്രൈസ് ഷംസിയും പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് വീതമെടുത്തു.
കുശാൽ പെരേരയെ(7) നോർട്യ മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ചരിത അസലങ്കക്കൊപ്പം(14 പന്തിൽ 21) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസങ്ക ലങ്കയെ 50 കടത്തി. ഒമ്പതാം ഓവറിൽ 61-1 എന്ന മികച്ച നിലയിലയിലായിരുന്ന ലങ്ക വളരെ വേഗമാണ് തകർന്നടിഞ്ഞത്. അസലങ്ക(14 പന്തിൽ 21) റണ്ണൗട്ടായതോടെ ലങ്കയെ കാത്തിരുന്നത് കൂട്ടത്തകർച്ചയായിരുന്നു. അസലങ്കക്ക് പിന്നാലെ ഭാനുക രജപക്സെ(0), അവിഷ്ക ഫെർണാണ്ടോ(3), വാനിദു ഹസരങ്ക(4) എന്നിവർ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ലങ്ക 91-5ലേക്ക് കൂപ്പുകുത്തി.
ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ഒറ്റയാൾ പോരാട്ടം തുടർന്ന നിസങ്കയാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിൽ നിസങ്ക(58 പന്തിൽ 72) പുറത്തായതോടെ 150 കടക്കാമെന്ന ലങ്കൻ മോഹം പൊലിഞ്ഞു. ക്യാപ്റ്റൻ ദസൻ ഷനക മാത്രമാണ് പിന്നീട് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. 46 പന്തിൽ അർധസെഞ്ചുറി തികച്ച നിസങ്ക ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് 58 പന്തിൽ 72 റൺസടിച്ചത്.
ദക്ഷിണാഫ്രിക്കക്കായി ഡ്വയിൻ പ്രിട്ടോറിയസും തബ്രൈസ് ഷംസിയും 17 റൺസ് വീതം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നാലോവറിൽ 27 റൺസിന് നോർട്യ രണ്ട് വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്