കേപ്ടൗൺ: വംശീയ അധിക്ഷേപ ആരോപണത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഗ്രേയം സ്മിത്ത് മാർക് ബൗച്ചർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. സ്പിന്നർ പോൾ ആഡംസ് അടക്കം അന്നത്തെ ചില സഹതാരങ്ങളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം. നിലവിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഡയറക്റ്ററാണ് സ്മിത്ത്. ബൗച്ചർ പരിശീലകനും. ഓംബുഡ്‌സ്മാൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണം നടത്താനുള്ള തീരുമാനം.

മുൻ ദക്ഷിണാഫ്രിക്കൻ സ്പിന്നർ പോൾ ആഡംസ് ഉൾപ്പെടെയുള്ള താരങ്ങൾ സ്മിത്തിനും ബൗച്ചറിനുമെതിരെ തിരിഞ്ഞിരുന്നു. ടീമിൽ കളിച്ചുകൊണ്ടിരിക്കെ വംശീയാധിക്ഷേപത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്ന് ആഡംസ് വ്യക്തമാക്കിയിരുന്നു. ബൗച്ചർ ഉൾപ്പെടെയുള്ള താരങ്ങൾ തന്നെ 'ബ്രൗൺ ഷിറ്റ്' എന്ന് വിളിച്ചിരുന്നതായി ആഡംസ് ആരോപിച്ചിരുന്നു.

പിന്നാലെ ബൗച്ചർ ആദംസിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെ ഓംബുഡ്സ്മാൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ ഗുരുതര വെളിപ്പെടുത്തലുകളുണ്ടായി. സ്മിത്തിനെ കൂടാതെ മുൻ താരം എബി ഡിവില്ലിയേഴ്സിനെതിരേയും ആരോപണം ഉയർന്നു.

ടീമിലേക്കുള്ള സെലക്ഷൻ സമയത്ത് സ്മിത്തും ബൗച്ചറും ഡിവില്ലിയേഴ്‌സും കറുത്ത വർഗക്കാരായ താരങ്ങളെ മാറ്റിനിർത്തിയെന്നാണ് പ്രധാന ആരോപണം. എന്നാൽ സ്മിത്തും ഡിവില്ലിയേഴ്‌സും റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പാടേ നിഷേധിക്കുകയാണുണ്ടായത്.

ജനുവരിയിൽ അന്വേഷണം ആരംഭിക്കും. എങ്കിലും ഇരുവരേയും തൽസ്ഥാനങ്ങളിൽ നിന്ന് തൽക്കാലം മാറ്റില്ല. അതേസയമം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഭാരവാഹിത്തം ഒന്നുമില്ലാത്തതിനാൽ ഡിവില്ലിയേഴ്സിനെ അന്വേഷണ പരിധിയിൽ നിന്നൊഴിവാക്കും.

ഇന്ത്യയുമായുള്ള ടെസ്റ്റ് ഏകദിന പരമ്പരകൾക്കു ശേഷമാകും ഔദ്യോഗിക അന്വേഷണമെന്നും ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ സ്മിത്തും ബൗച്ചറും നിലവിലെ സ്ഥാനങ്ങളിൽ തുടരുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു.