മെൽബൺ: ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ കൂടുതൽ സാഹചര്യമൊരുക്കിക്കൊണ്ട് സൗത്ത് ഓസ്‌ട്രേലിയ 2016-17 വർഷത്തേക്കുള്ള സ്റ്റേറ്റ് നോമിനേറ്റഡ് ഒക്യുപ്പേഷൻ ലിസ്റ്റ് (എസ്എൻഒഎൽ) പ്രസിദ്ധീകരിച്ചു. ജൂലൈ നാലു മുതൽ പ്രാബല്യത്തിൽ വരുന്ന എസ്എൽഒഎൽ പ്രകാരം കൂടുതൽ പേർക്ക് കുടിയേറ്റത്തിന് സാഹചര്യമൊരുങ്ങുകയാണ്.

ഓസ്‌ട്രേലിയൻ ഇൻഡസ്ട്രിയിലേക്ക് ആവശ്യമുള്ള തൊഴിലുകളുടേയും വിഭാഗങ്ങളുടേയും ലിസ്റ്റുകളും അവ നേരിടുന്ന സ്‌കിൽ ഷോർട്ടേജുകളുമാണ് എസ്എൻഒ ലിസ്റ്റിലുള്ളത്. വിദേശത്തു നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് മികച്ച അവസരമൊരുക്കിക്കൊണ്ടാണ് സൗത്ത് ഓസ്‌ട്രേലിയ ഇമിഗ്രേഷൻ ലിസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. മതിയായ വർക്ക് എക്‌സ്പീരിയൻ ഉള്ള വിദേശ തൊഴിലാളിക്ക് ലിസ്റ്റ് പ്രകാരം ഇവിടെ കുടിയേറുകയും മികച്ച തൊഴിലിൽ പ്രവേശിക്കുകയും ചെയ്യാം.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ യോഗ്യതയും മറ്റും എസ്എൻഒ ലിസ്റ്റുമായി ഒത്തുചേരുമോയെന്നാണ് ആദ്യം നോക്കേണ്ടത്. സൗത്ത് ഓസ്‌ട്രേലിയയിലെ വ്യാവസായിക കേന്ദ്രങ്ങളുമായും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായും നടത്തിയ സമഗ്രപഠനത്തിനു ശേഷമാണ് ഇമിഗ്രേഷൻ സൗത്ത് ഓസ്‌ട്രേലിയ ലിസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. ഇന്റർ സ്റ്റേറ്റ് മൈഗ്രേഷൻ, ഏജിങ് വർക്ക്‌ഫോഴ്‌സ്, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സിന്റെ ലഭ്യത, വ്യാവസായിക മേഖലയിലേക്ക് പ്രാദേശിക വ്യക്തികളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തിയ ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഐസിടി പ്രൊഫഷണലുകൾ, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റേഴ്‌സ്, സോഫ്റ്റ് വെയർ പ്രൊഫഷണലുകൾ, റെസ്റ്റോറന്റ് മാനേജർ, ഷെഫുമാർ തുടങ്ങിയവർക്കാണ് നിലവിൽ ഏറെ ഡിമാൻഡ് ഉള്ളത്. ഈ മേഖലയിലുള്ളവർ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ ഉണ്ടെന്ന് ഉറപ്പിച്ച ശേഷം കുടിയേറാൻ അപേക്ഷ നൽകാവുന്നതാണ്.