ഫ്ലോറൻസ് : ഇന്നലെ വൈകിട്ട് സൗത്ത് കാരലൈന ഫ്ലോറൻസ് വിന്റേജ് പ്ലേയ്സ് സബ് ഡിവിഷനിൽ അക്രമിയുടെ വെടിയേറ്റു പരുക്കേറ്റ ഏഴു പൊലീസ് ഓഫിസർമാരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചതായി ഡപ്യൂട്ടി ചീഫ് ഗ്ലെൻ കിർബി സ്ഥിരീകരിച്ചു. ടെറൻസ് കരാവെ (52) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്. മുപ്പതു വർഷത്തെ സർവ്വീസുണ്ടായിരുന്നു.

വീടിനകത്ത് വെടിയൊച്ച കേൾക്കുന്നു എന്ന് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലീസിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. നിറയൊഴിച്ച പ്രതി കുട്ടികളെ ബന്ധികളാക്കി രണ്ടു മണിക്കൂർ പൊലീസുമായി വിലപേശൽ നടത്തിയതിനുശേഷമാണ് കീഴടങ്ങിയത്. കുട്ടികൾക്ക് അപകടമൊന്നും സംഭവിച്ചില്ല. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

നൂറുകണക്കിന് പൊലീസ് ഓഫിസർമാർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെടിയേറ്റ മറ്റുള്ളവരുടെ സ്ഥിതിയെ കുറിച്ചു പൊലീസ് ഒന്നും വെളിപ്പെടുത്തിയില്ല.

പ്രസിഡന്റ ്ട്രംപ്, ഗവർണർ ഹെൻട്രി മെക്മാസ്റ്റർ എന്നിവർ സംഭവത്തെ അപലപിച്ചു. മരിച്ച ഓഫിസറുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും ഇവർ അറിയിച്ചു.