സയക്സഫാൾസ്(സൗത്ത് ഡക്കോട്ട): 2012 നുശേഷം സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആദ്യ വധശിക്ഷ ഒക്ടോബർ 29 തിങ്കളാഴ്ച വൈകീട്ട് വിഷമിശ്രിതം കുത്തിവെച്ചു നടപ്പാക്കി.

1979 ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം സംസ്ഥാനത്തെ നാലാമത്തെ വധശിക്ഷയാണിത്.ഏഴുവർഷങ്ങൾക്കു മുമ്പ് സൗത്ത് ഡക്കോട്ട ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജയിൽ ഗാർഡിനെ വധിച്ച കേസ്സിലാണ് റോഡ്നി ബെർഗെററി(56) നെ വധശിക്ഷക്കു വിധിച്ചിരുന്നത്. റൊണാൾഡ് ജോൺസൻ എന്ന ഗാർഡിന്റെ 63ാം ജന്മദിനത്തിലായിരുന്നു ഇയ്യാൾ കൊല്ലപ്പെട്ടത്.ഉച്ചക്ക് 1.30 ന് നടത്തേണ്ടിയിരുന്ന വധശിക്ഷ സുപ്രീം കോടതി ഉത്തരവ് ലഭിക്കുന്നതിന് വൈകിയതിനാൽ രാത്രിയാണ് നടപ്പാക്കിയത്. വിഷമിശ്രിതം കുത്തിവെച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

വധശിക്ഷക്കു വിധേയനാക്കപ്പെട്ട റോഡ്നിയുടെ ജേഷ്ഠ സഹോദരൻ റോജറിനെ കാർ മോഷ്ടിക്കുന്നതിനിടയിൽ കാറിന്റെ ഉടമസ്ഥനെ കൊലപ്പെടുത്തിയതിന് 2000 ൽ ഒക്കലഹോമയിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.

വധശിക്ഷ ജയിലനകത്തു നടക്കുമ്പോൾ പുറത്ത് വധശിക്ഷയ്ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുറ്റമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ എന്ന ബോർഡ് പ്രകടനത്തിൽ പങ്കെടുത്തവർ ഉയർത്തിപിടിച്ചിരുന്നു.