- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എംജിആറിന്റെ നഷ്ടനായികയായ ജയലളിത; നാലു ഭാര്യമാരുള്ള, 75ാം വയസ്സിൽ ഡിവോഴ്സായ ജെമിനി ഗണേശൻ; മൂന്ന് പങ്കാളികളെയും പിരിഞ്ഞ കമൽ; നയൻതാരക്കായി ഭാര്യയെ ഉപേക്ഷിച്ച പ്രഭുദേവ; മുറിഞ്ഞ ബന്ധങ്ങളുമായി അരവിന്ദ് സ്വാമി മുതൽ അമല പോൾ വരെയുള്ള നീണ്ട നിര; ഇപ്പോൾ നടൻ ധനുഷും ഐശ്വര്യയും; തമിഴ് ചലച്ചിത്രലോകത്തെ ഞെട്ടിപ്പിച്ച വിവാഹ മോചനങ്ങളിലൂടെ
ഈ കോവിഡ് കാലത്ത് ഹിന്ദി ചലച്ചിത്രലോകം അമ്പരന്ന വാർത്തയായിരുന്നു സൂപ്പർതാരം അമീർഖാനും, ഭാര്യ കിരൺ റാവുവും 15വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് പിരിയാൻ തീരുമാനിച്ചത്. കേസുകളോ ആരോപണ പ്രത്യാരോപണങ്ങളോ ഒന്നുമില്ലാതെ തീർത്തും മാന്യമായി ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കയായിരുന്നു. ചലച്ചിത്ര ലോകത്തിന് പുറത്തും, ഒരു നല്ല മനുഷ്യസ്നേഹിയെന്ന് പേരെടുത്ത അമീർഖാന്റെ വിവാഹമോചനം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് ഇപ്പോൾ കോളിവുഡ് എന്ന തമിഴ് ഇൻഡസ്ട്രിയിലും വന്നുചേർന്നരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായ സാക്ഷാൽ രജീകാന്തിന്റെ മകൾ ഐശര്യയും, ഭർത്താവ് നടൻ ധനൂഷും വേർപരിഞ്ഞ വാർത്തയായിരുന്നു അത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് നേരത്തെ വാർത്തയായിരുന്നെങ്കിലും അത് പരിഹരിച്ചുവെന്നായിരുന്നു പീന്നീട് വന്ന റിപ്പോർട്ടുകൾ. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ഐശ്വര്യ രജനീകാന്തും, ധനൂഷും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങൾ പിരയുകയാണെന്ന് വ്യക്തമാക്കുന്നു.
പക്ഷേ തമിഴ് ചലച്ചിത്രലോകത്തിന് ഈ ഞെട്ടൽ പുതുമയുള്ളതല്ല. പ്രണയവും അവിഹിതവും ഡിവോഴ്സുമൊക്കെയായി കലുഷിതമാണ് ഇവിടം. സിനിമയെ രാഷ്ട്രീയ നിയന്ത്രിക്കുന്ന തമിഴകത്ത്, ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ പുതിയ പാർട്ടികൾക്കുപോലും ഇടയാക്കും. എം.ജി.ആർ- ജയലളിത ബന്ധം തന്നെ ഉദാഹരണം. ജയലളിത ജയറാം എന്ന നടിയുടെ ജീവിത്തിൽ എം.ജി രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരന് ഉണ്ടായിരുന്ന പങ്ക് എന്തായിരുന്നുവെന്ന് ആരും വിശദീകരിച്ച് കൊടുക്കേണ്ടതില്ല. പക്ഷേ തന്റെ ഇദയക്കനിയെ ഒരിക്കലും ജീവിത സഖിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എം.ജി.ആർ മരിച്ചപ്പോൾ ആ ശവമഞ്ചത്തിൽ നിന്ന് ജയലളിത വലിച്ചിറക്കപ്പെടുക കൂടി ചെയ്തു. ആ അപമാനത്തിൽനിന്ന് ജയലളിത എടുത്ത ദൃഢ നിശ്ചയമാണ് അവരെ തമിഴകത്തിന്റെ അമ്മയാക്കി വളർത്തിയത്. (കുറച്ചുകാലം എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ പിന്നെ കാണാൻപോലും ഇല്ലായിരുന്നു.) അതായത് ഒരു പ്രണയ നഷ്ടം ഒരു ജനതയുടെ ഭാഗധേയം നിർണ്ണയിക്കുന്നു!
ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും വലിയ വാർത്തകളാണ് സെലിബ്രിറ്റി വിവാഹങ്ങളും വേർപിരിയലുകളും. പക്ഷേ തമിഴ്‌നാട്ടിലേതുപോലെ പ്രണയവും സിനിമയുമൊന്നും രാഷ്ട്രീയത്തെയും ജനങ്ങളെയും ബാധിക്കാറില്ലെന്ന് മാത്രം.
ഐശ്വര്യയുടെയും ധനൂഷിന്റെ പിരിയലോടെ, താരവേർപിരിയലുകൾ സോഷ്യൽ മീഡിയിലും വലിയ ചർച്ചയാവുകയാണ്.
പ്രണയം കൊണ്ട് റിക്കോർഡിട്ട ജെമിനി ഗണേശൻ
ഇന്ത്യൻ കാസനോവ! തമിഴ് നടൻ ജമിനി ഗണേശന്റെ ഓമനപ്പേര് അതായിരുന്നു.
നിരവധി സ്ത്രീകളുമായി ബന്ധവും, വിവാഹങ്ങളും, വിവാഹ മോചനവും ഒക്കെയായി അദ്ദേഹത്തിന്റെ വ്യക്തി ജീവിതം സംഭവബഹുലമായിരുന്നു. ഇന്ത്യയിൽ ഒരു നടനുമില്ലാത്ത റൊമാന്റിക്ക് ഹീറോ പരിവേഷമായിരുന്നു 60കളിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നത്്. പല സ്ത്രീകളും ജമിനി ഗണേശന്റെ കൂടെ താമസിക്കാനായി വീട് വിട്ട് വരാറുണ്ടായിരുന്നെന്നും, അക്കാലത്തത്ത് ഇത്തരം സ്ത്രീകളെ സ്ഥിരമായ പറഞ്ഞയക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ജോലിയെന്ന്, മകൾ പിൽക്കാലത്ത് എഴുതുകയുണ്ടായി. അത്രക്ക് ശക്തമായ തരംഗമാണ് ജമിനി സൃഷ്ടിച്ചത്.
ആചാരപ്രകാരം വളരെ ചെറുപ്രായത്തിൽതന്നെ അലമേലു എന്ന യുവതിയെ വളരെ ചെറുപ്പത്തിൽ തന്നെ ജമിനി ഗണേശൻ ജീവിത സഖിയാക്കി. അദ്ദേഹം നടൻ ആയത് പോലും പിന്നീടാണ്. അതിനു ശേഷം നടി പുഷ്പവല്ലി, നടി സാവിത്രി എന്നിവർക്കൊപ്പം ലിവിങ്ങ് ടുഗദർപോലെ ജീവിക്കുകയും പിരിയുകയും ചെയ്തു. പ്രശസ്ത ഹിന്ദി സിനിമാതാരവും, മാദകസുന്ദരി ഇമേജുമുള്ള രേഖ അദ്ദേഹത്തിന് പുഷ്പവല്ലിയിലുണ്ടായ മകളാണ്. 75ാം വയസ്സിൽ ജൂലിയാന എന്ന 39കാരിയെയും അദ്ദേഹം വിവാഹം കഴിച്ചു.
നാല് ഭാര്യമാരിലായി ജമിനിക്ക് എഴു മക്കളുണ്ട്. എന്നാൽ തന്റെ ആത്മകഥയിൽ അദ്ദേഹം രേഖപ്പെടുത്തുന്നത് ആദ്യഭാര്യ അലമെലുവിനോടായിരുന്നു മനസ്സുകൊണ്ട് ഏറെ അടുപ്പം എന്നാണ്. ഇതിൽ നടി പുഷ്പവല്ലിയുടെയും നടി സാവിത്രിയുടെയും ജീവിതം തകർത്തത് ജെമിനിയാണെന്ന് പിൽക്കാലത്ത് വിമർശനം വന്നു. ഒരുകാലത്ത് തെന്നിന്ത്യൻ താര റാണിയായ സാവിത്രി എല്ലാം നശിച്ച്, റോഡിലിരുന്ന് മദ്യപിക്കുന്ന അവസ്ഥപോലും ഉണ്ടാക്കിയത് ജെമിനി ഗണേശനാണെന്ന് പരാതി ഉയർന്നു. ഇതിൽ സാവിത്രിയുടെ കഥയാണ് 'മഹാനടി' എന്ന ചിത്രം. ഇതിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ജെമിനിയുടെ വേഷം ചെയ്തത് ദുൽഖർ സൽമാനാണ്.
75ാം വയസ്സിലായിരുന്നു ജെമിനി ഗണേശന്റ അവസാനം വിവാഹം. 39കാരി ജൂലിയാന എന്ന മലേഷ്യയിൽ നിന്നുള്ള ഒരു വനിതയെയാണ് അദ്ദേഹം കല്യാണം കഴിക്കുന്നത്. വൈകാതെ ഈ ബന്ധവും തെറ്റി പിരിഞ്ഞു. ആ ഡിവോഴ്സിന് ആദ്ദേഹം കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. പിന്നെ അദ്ദേഹം കാലങ്ങളോളം ഒരു ജോലിക്കാരൻ പോലുമില്ലാതെ തികച്ചും ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
മൂന്ന് പങ്കാളികളെയും പിരിഞ്ഞ കമൽഹാസൻ
തമിഴക മാധ്യമങ്ങൾക്ക് എന്നും ചൂടുള്ള വാർത്തകളായിരുന്നു ഉലകനായകൻ കമൽഹാസന്റെ പ്രണയങ്ങളും വിവാഹങ്ങളും. ആദ്യകാലത്ത് നടി ശ്രീദേവിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നെന്നാണ് വാർത്തകൾ വന്നത്. പിന്നീട് അത് നമ്മുടെ ശ്രീവിദ്യയുടെ പേരിലായി. ശ്രീവിദ്യ മരണക്കിടക്കയിലായിരുന്നപ്പോൾ കമൽ സന്ദർശിച്ചതും വാർത്തയായിരുന്നു. ഈ രംഗത്തിൽനിന്നാണ് പ്രിയാമണിക്ക് അവാർഡ് കിട്ടിയ തിരക്കഥ എന്ന സിനിമയുണ്ടായത്.
പക്ഷേ കമൽഹാസന്റെ ആദ്യ വിവാഹം ഭരതനാട്യ നർത്തകി വാണി ഗണപതിയുമായിട്ടായിരുന്നു. പത്തുവർഷത്തിനുശേഷം ഇവർ പിരിഞ്ഞു. എന്നാൽ വാണിയുമായുള്ള ഡിവോഴ്സിന് കൊടുക്കേണ്ടിവന്ന വൻ തുക തന്നെ സാമ്പത്തികമായി തകർത്തുവെന്ന് നടൻ പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ മാധ്യമങ്ങൾ കുത്തിക്കുത്തി ചോദിച്ചിട്ടും,' ആ പറഞ്ഞത് ശരിയല്ലെന്നും തീർത്തും വ്യക്തിപരമായ വിഷയമാണ് തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്' എന്നുമാത്രമാണ് വാണി ഗണപതി പ്രതികരിച്ചത്. ഒരു നടൻ എന്ന നിലയിൽ താൻ കമൽഹാസനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും വാണി കൂട്ടിച്ചേർക്കുന്നു.
വാണിയുമായുള്ള ഡിവോഴ്സിന് ശേഷമാണ് കമൽ പ്രശ്സത നടി സരികയെ വിവാഹം കഴിക്കുന്നത്. 60 കളിലെ ഹിന്ദി ചലച്ചിത്രങ്ങളിൽ ബേബി സൂരജ് എന്ന തന്റെ ജനന നാമത്തിൽ ഒരു ബാല താരമായിട്ടാണ് സരിക അഭിനയം തുടങ്ങിയത്. 1980 കളിൽ ഒരു വിദേശ പെൺകുട്ടിയുടെ പ്രതിച്ഛായയായിരുന്നു സരികക്ക്. കമലമായുള്ള ബന്ധത്തിൽ ഇവർക്ക് ശ്രുതി ഹാസൻ, അക്ഷര ഹസൻ എന്നീ രണ്ട് പെണ്മക്കളുണ്ടായി. വിവാഹത്തോടെ അഭിനയം നിർത്തിയ ഇവർ പിന്നെ കമലുമായുള്ള വിവാഹ മോചനത്തിനു ശേഷം ഹിന്ദി ചലച്ചിത്രത്തിലേക്ക് തിരിച്ചുവന്നു. 2002 ലെ പർസാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.
പരിഞ്ഞതിനുശേഷവും ഇവർ പരസ്പരം കുറ്റം പറഞ്ഞില്ല. മാത്രമല്ല മക്കളുമായും കമലിന് നല്ല ബന്ധമാണ്. കമലിന്റെ തന്നെ ഹേ റാം എന്ന ചിത്രത്തിൽ വസ്ത്രാലങ്കരത്തിൽ ഇവർ സഹകരിച്ചു. ഇതിന് അവാർഡും കിട്ടി. 2005ലാണ് കമൽഹാസനോടൊപ്പം പ്രശസ്ത നടി ഗൗതമി ലിവിങ്ങ് ടുഗദർ റിലേഷൻ ഷിപ്പ് ആരംഭിച്ചു .ഗൗതമി 1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിയുകയായിരുന്നു. ഗൗതമിക്ക് അർബുദം വന്നപ്പോൾ കുടെ നിൽക്കുകയും മികിച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തത് കമലാണ്. ഇപ്പോ അവർ പരിഞ്ഞിരിക്കയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ ഒറ്റക്കാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. തന്റെ പെൺ മക്കളാണ് കമൽഹാസന്റെ കൂട്ട്. ഗൗതമി ഇടക്ക് വന്നുപോകുന്നുവെന്ന് മാത്രം.
പക്ഷേ കമലിന്റെ ഒരു പ്രത്യേകതയായി തമിഴ് മാധ്യമ പ്രവർത്തകർ എടുത്തുപറയുന്നത്, അദ്ദേഹം തന്റെ ഒരു മുൻഭാര്യമാരെയു ഉപദ്രവിക്കാനോ, ഗോസിപ്പ് എഴുതുവാനോ, അവസരം നഷടമാക്കാനോ ശ്രമിച്ചില്ല എന്നതാണ്. (ആനപ്പകയുള്ളയാൾ എന്ന് വിമർശിക്കപ്പെടുന്ന നമ്മുടെ ദിലീപ് ഒക്കെ കണ്ടുപടിക്കേണ്ട ഒരു ഗുണമാണ് അത്.) ഇത് ചോദിച്ചപ്പോൾ 'കമൽഹാസൻ ഈസ് നോട്ട് ഫേമസ് ഫോർ ഹിസ് മാരേജ്' എന്ന് ഒരു അഭിമുഖത്തിൽ തമാശ പറയുകയാണ് കമൽ ഒരു അഭിമുഖത്തിൽ ചെയ്തത്. താൻ ഇടക്കിടെ മറ്റ് പ്രണയങ്ങളിൽ ചെന്ന് ചാടുന്നതാണ് പ്രശ്നമെന്നാണ് ഒരു സ്വകാര്യ സദസ്സിൽ അദ്ദേഹം പറഞ്ഞത്. മൂൻ ഭാര്യമാർ ആരും തന്നെ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടുമില്ല.
നയൻസിനു വേണ്ടി ഭാര്യയെ ഉപക്ഷേിച്ച പ്രഭുദേവ
തമിഴകത്ത് സിനിമ വാരികളുടെ പേജുകൾ എറെ കവർന്നെടുത്ത ഒന്നായിരുന്ന നടൻ പ്രഭുദേവയും നടി നയൻതാരയുമായുള്ള പ്രണയം. 2011ൽ പ്രഭുദേവ തന്റെ ഭാര്യ റംലത്തുമായ വിവാഹമോചനം നേടി. ആ സമയത്ത് റംലത്ത് നയൻതാരക്കെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. തന്റെ ഭർത്താവിനെ അവൾ കറക്കിയെടുത്തു എന്നായിരുന്നു അതിൽ പ്രധാനം. നയൻയാരക്കുവേണ്ടി പ്രഭുദേവ സിനിമ നിർമ്മിച്ചുവെന്നും അതുവഴി തന്റെ കുടുംബം നോക്കാതായി എന്നുമൊക്കെയുള്ള കടുത്ത ആരോപണങ്ങൾ വേറെയും. ഇത് വലിയ ചർച്ചയാപ്പോൾ ആദ്യം ഇരുവരും പ്രതികരിച്ചില്ല. ഒടുവിൽ പ്രഭുദേവ പറഞ്ഞു, 'എനിക്കവൾ സ്പെഷ്യൽ ആണ്. ഞങ്ങൾ ഉടൻ വിവാഹിതരാകും' .പക്ഷെ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും പിരിഞ്ഞു. അതോടെ നയൻതാര സിനിമകളിൽ നിന്നും വിട വാങ്ങി. നീണ്ട ഇടവേളയ്ക്കു ശേഷം തിരികെ എത്തിയപ്പോൾ നയൻതാര പ്രതികരിച്ചത് , 'ഒരു പ്രണയ തകർച്ച ഒരാളെ തകർക്കുന്നത് വലിയ രീതിയിലാണ്' എന്നാണ്. പിന്നീട് പ്രഭുദേവ ഒരു അടത്ത ബന്ധുവിനെ വിവാഹം ചെയ്തതായാണ് അറിയുന്നത്.
നയൻതാരയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടല്ല ഇത്തരം പ്രണയ ഗോസിപ്പുകൾ കേൾക്കെണ്ടി വരുന്നത്. ആദ്യം നടൻ ചിമ്പുവും നയൻസും തമ്മിലുള്ള പ്രണയമായിരുന്നു തലക്കെട്ടായിരുന്നത്. അതിനിടയിലാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നത്. ലിപ് ലോക്ക് ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ ലീക്ക് ആയതോടെ ഇരുവരും പിരിഞ്ഞു. പിന്നെയാണ് അവളുടെ ജീവിതത്തിലേക്ക് പ്രഭുദേവ എത്തുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്‌കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. ഡയാന കുര്യൻ നയൻതാര എന്ന പേരിൽ അരങ്ങേറിയപ്പോൾ ഒരു സാധാരണ നടി മാത്രം ആയിരുന്നു. മലയാളത്തിൽ അത്രക്ക് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ ഒന്നും നയൻതാരയ്ക്ക് ലഭിച്ചില്ല . പക്ഷെ തമിഴകം നയൻസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആദ്യം മാദക നടിയായി അറിയപ്പെട്ടെങ്കിലും പിന്നീട് ആ ഇമേജ് നയൻ മാറ്റി. ഇന്നിപ്പോൾ അവർ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ്. 2011 ഓഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും അവർ ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.
പ്രഭുദേവയുമായുള്ള പ്രണയം തകർന്നതോടെ ഒരു ബ്രേക്ക് എടുത്ത നയൻതാര,
തിരിച്ചു വരവിൽ ഉയർത്തെഴുന്നേക്കുകയായിരുന്നു. കൈ നിറയെ ചിത്രങ്ങൾ, സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ. എല്ലാം സൂപ്പർഹിറ്റ്. പേര്, പ്രസിദ്ധി ,എല്ലാമായി. ഒടുവിൽ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ് നയൻതാര.വിഘ്‌നേഷ് ശിവൻ എന്ന സംവിയായകൻ.
ഈ ബന്ധം നയൻതാര മറച്ചുവെക്കുന്നില്ല. വിഘ്‌നേഷ് ശിവനുമായുള്ള സൗഹൃദവും പ്രണയവും തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന്, സീ സിനിമ പുരസ്‌കാര ചടങ്ങിൽ സംസാരിക്കവേ അവർ തുറന്നടിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള അഭിനേത്രി എന്ന അംഗീകാരവും പ്രേക്ഷകരുടെ പ്രിയ നായിക എന്ന പുരസ്‌കാരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നയൻതാര.''പ്രണയം ജീവിതത്തെ മനോഹരമാക്കുന്നു. ഒരുമിച്ചുള്ള യാത്ര എന്റെ ജീവിതത്തെ മാറ്റി മറിച്ചു. സ്വപ്നങ്ങളിലേക്ക് എന്നെ കൈപ്പിടിച്ചു നടത്തിയ വ്യക്തിയാണ് വിഘ്‌നേഷ് ശിവൻ. അദ്ദേഹത്തിന് ഞാൻ നന്ദി പറയുന്നു. അതുപോലെ വർഷങ്ങളായി എനിക്ക് പിന്തുണ നൽകിയ പ്രേക്ഷകർക്കും''- നയൻതാര പറഞ്ഞു. വിഘ്നേഷുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നും അതോടെ നയൻതാര അഭിനയത്തിൽനിന്ന് വിരമിക്കുമെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്.
അമലാ പോൾ തൊട്ട് അരവിന്ദ് സ്വാമി വരെ
തകർന്നുപോയ ബന്ധങ്ങളുടെ കണക്ക് എടുക്കയാണെങ്കിൽ തമിഴ് സിനിമാലോകം ഒരു ശവപ്പറമ്പാണെന്നാണ് ചലച്ചിത്ര നിരൂപകൻ സ്വരൂപ് ദാസൻ എഴുതിയത്. രഘുവരൻ -രോഹിണി താരദമ്പതികളുടെ വിവാഹം പോലെ വിവാഹമോചനവും വിവാദമായി. മയക്കുമരുന്ന് ഉപയോഗം തൊട്ട് ഗാർഹിക പീഡനംവരെയുള്ള നിരവധി ആരോപണങ്ങളാണ് രോഹിണി ഉയർത്തിയത്. അസാധ്യ നടനായിരുന്നെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായിപ്പോയ രഘുവരൻ അകാലത്തിൽ പൊലിയുകയും ചെയ്തു.
മണിരത്നത്തിന്റെ റോജ, ബോംബെ സിനിമകളിലൂടെ യൂത്ത് ഐക്കൺ ആയി മാറിയ അരവിന്ദ് സ്വാമിയുടെ വിവാഹ മോചനവും വാർത്തായായിരുന്നു. 16 വർഷത്തെ ദാമ്പത്ത്യത്തിന് ഷേശമാണ് അദ്ദേഹം ഗായത്രി രാമമൂർത്തിയെ പിരിഞ്ഞത്. യുവ നടൻ പ്രശാന്തിന്റെ വിവാഹവും പുലിവാൽ കല്യാണമായി. 2005ൽ ഗൃഹലക്ഷ്മി എന്ന യുവതിയുമായായിരുന്നു വിവാഹം. രണ്ടുവർഷത്തിനുശേഷം ഇവർ സ്വന്തം വീട്ടിലേക്ക് പോയി. 2007ൽ കോടതിയെ സമീപിച്ച നടൻ പ്രശാന്ത് ചൂണ്ടിക്കാട്ടിയത്, 1998ൽ വേണു പ്രസാദ് എന്നയാളെ വിവാഹം ചെയ്തത് ഗൃഹലക്ഷ്മി മറച്ചുവെച്ചുവെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഡിവോഴ്സ് അനുവദിക്കയായിരുന്നു. പാർഥിപൻ -സീത, പ്രകാശ് രാജ് -ലതാകുമാരി, സെൽവരാഘവൻ- നടി സോണിയ അഗർവാൾ, ( ഈ സെൽവരാഘവൻ നടൻ ധനൂഷിന്റെ സഹോദരനാണ്) രേവതി- സംവിധയാകൻ സുരേഷ് മേനോൻ... തമിഴകത്ത് പിരിഞ്ഞ സെലിബ്രിറ്റികളുടെ ലിസ്റ്റ് നീളുകയാണ്.
ഒടുവിലായി തമിഴകത്ത് വിവാദമായത് നടി അമലാപോൾ ആണ്. 2014ലാണ് അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. 2017ൽ ഇരുവരും മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ കുടുംബകോടതിയിൽ നൽകി. വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പോൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് അഴകപ്പൻ പിന്നീട് രംഗത്തെത്തി. വിജയുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതാണ് പ്രശ്നമായതെന്നാണ് പിതാവ് പറയുന്നത്.
ഇതോടെ സ്ത്രീയുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും വിവാഹവും സംബന്ധിച്ച് ഏറെ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇതോടെ അമലയെ അഭിനയിക്കാൻ താൻ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ.എൽ. വിജയ് പറഞ്ഞു. ''എന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല.''- വിജയ് പറഞ്ഞു. അമല പോളുമായുള്ള വിവാഹമോചനശേഷം വിജയ് ഡോ ആർ ഐശ്വര്യയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തിൽ വിജയക്ക് ആശംസകൾ നേർന്ന് അമല രംഗത്തെത്തിയതും ഏറെ വാർത്തയായിരുന്നു. ഡിവോഴ്സിനുശേഷം സിനിമയിൽ തിരിച്ചെത്തിയ അമലാപോളിനും ഇപ്പോൾ വെച്ചടി കയറ്റമാണ്.
എല്ലാം നന്മക്കുവേണ്ടിയെന്ന് ധനുഷും ഐശ്വര്യയും
മലയാളത്തിൽ മമ്മൂട്ടിയെന്നപോലെ തമിഴകത്തിന്റെ മോറൽ ബ്രാൻഡ് അംബാസിഡറാണ് രജനീകാന്ത്. രജനിയും ലതയും ശരാശരി തമിഴ് കുടുംബത്തിന് മാതൃകാ ദമ്പതികളാണ്. അതുകൊണ്ടുതന്നെ രജനിയുടെ മകളും മരുമകനും പിരിയുക എന്നതും, സിനിമ ജീവിതമായ തമിഴ് മക്കളെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. ഇതുമനസ്സിലാക്കി അങ്ങേയറ്റം മാന്യമായാണ് ഇരുവരും വേർപിരിയിൽ സ്റ്റേറ്റ് മെന്റ് തയ്യാറാക്കിയത്.
സോഷ്യൽ മീഡിയയിലുടെയാണ് വിവാഹമോചന വിവരം പങ്കുവെക്കുന്ന കുറിപ്പ് ഇരുവരും പുറത്ത് വിട്ടത്. അത് ഇങ്ങനെയാണ്.- ''സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.-ധനുഷ്, ഐശ്വര്യ രജനീകാന്ത്''.
2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. ഇപ്പോൾ അവർ ഗ്രാഫിക്സ് രംഗത്തും വിദഗ്ധയാണ്. രജനീകാന്തിന്റെ ഇളയമകളായ സൗന്ദര്യയുടെയും ആദ്യ വിവാഹം ഡിവോഴ്സിലാണ് കലാശിച്ചത്. വ്യവസായി അശ്വിൻ രാംകുമാറുമായുള്ള ദാമ്പത്യം അഞ്ചുവർഷം മാത്രമാണ് നീണ്ടത്. ഇതിനുശഷം വിശാഖൻ എന്ന നടനും വ്യവസായിയുമായ ഒരാളെ സൗന്ദര്യ വിവാഹം കഴിച്ചു.
നടൻ ധനൂഷും രജനീകാന്തും തമ്മിലുള്ള ബന്ധമാണ് തമിഴ് മാധ്യമങ്ങൾ ഏറെ വികാര വായ്‌പ്പോടെ എഴുതുന്നത്. ധനൂഷിന് സ്വന്തം പിതാവിനോടുള്ള അതേ വികാരമായിരുന്നു രജനിയോട്. മഹാനടന് തിരിച്ചും. രജനിയുടെ ചലച്ചിത്ര സിംഹാസനത്തിൽ ഇനി ഇരിക്കുക മരുമകനാണെന്നുവരെ, ഒരു വേള വാർത്തവന്നു. അപ്പോഴാണ് ഈ വിവാഹ മോചന വാർത്തവരുന്നത്. രജനിയെ ഫേസ് ചെയ്യാനുള്ള കരുത്തില്ലാതെ ധനൂഷ് മുങ്ങിക്കളഞ്ഞെന്നും ചില മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്. എന്തായാലും അദ്ദേഹം തന്റെ പിതാവ് തുല്യനാണെന്നും ആ ബന്ധം ഒരിക്കലും മാറില്ലെന്നുമാണ് ധനൂഷ് ഇതുസംബന്ധിച്ച് പറഞ്ഞത്.
വാൽക്കഷ്ണം: തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ താര ഡിവോഴ്സുകൾ ഒക്കെ നോക്കുക. ആധുനിക കാലത്ത് മുൻ പങ്കാളിയെ പകവെച്ച് ഉപദ്രവിക്കുന്നതും, അവസരങ്ങൾ മുടക്കുന്ന രീതിയൊന്നും ഇവിടെയില്ല. അപവാദ പ്രചരണമില്ല, ചെളിവാരി എറിയലുകളില്ല. വ്യക്തി പ്രശ്നങ്ങൾ വേറെ, തൊഴിൽ വേറെ. നമ്മുടെ ദിലീപേട്ടനൊക്കെ കണ്ടുപഠിക്കേണ്ട സംസ്‌ക്കാരമാണിത്.