കൊറിയൻ മുനമ്പിനെ വീണ്ടും യുദ്ധഭീതിയിലാഴ്‌ത്തി ഇരുകൊറിയകളുടെയും മിസൈൽ പരീക്ഷണം. ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് 24 മണിക്കൂർ തികയുംമുമ്പ് ദക്ഷിണ കൊറിയ അമേരിക്കയുമായി ചേർന്ന് ബാലിസ്റ്റിക് മിസൈൽ അഭ്യാസം നടത്തി. ഉത്തരകൊറിയ നടത്തിയ പ്രകോപനത്തിനുള്ള മറുപടിയായാണ് മിസൈൽ അഭ്യാസമെന്ന് ദക്ഷിണകൊറിയൻ വക്താവ് പറഞ്ഞു.

എട്ടാം അമേരിക്കൻ ആർമിയും ദക്ഷിണ കൊറിയൻ സേനയും ചേർന്നാണ് ദക്ഷിണകൊറിയൻ തീരത്ത് മിസൈൽ അഭ്യാസം നടത്തിയത്. അമേരിക്കയുടെ ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റവും കൊറിയയുടെ ഹ്യൂന്മോ മിസൈൽ രണ്ടുമാണ് പരീക്ഷിച്ചത്. ഏത് കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മിസൈലുകൾ ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ പര്യാപ്തമാണെന്ന് കൊറിയ-അമേരിക്ക സേനകൾ പുറത്തിറക്കിയ സംയുക്ത പത്ര്ക്കുറിപ്പിൽ പറയുന്നു.

കൊറിയൻ മുനമ്പിലും ഏഷ്യ-പസഫിക് മേഖലയിലു സമാധാനം പുലർത്തുന്നതിനാണ് കൊറിയയും അമേരിക്കയും ആഗ്രഹിക്കുന്നതെന്നും പത്രക്കുറിപ്പിൽ വ്യകതമാക്കി. എന്നാൽ, കൊറിയ നേരിടുന്ന ഭീഷണിയെ പ്രതിരോധിക്കാനുള്ള എല്ലാ സന്നാഹവും ഒരുക്കിയതായും അവർ അവകാശപ്പെട്ടു.

അമേരിക്കയിലെ അലാസ്‌കവരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ പരീക്ഷിച്ചത്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം അമേരിക്കയും റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതോടെ, ഉത്തര കൊറിയ അമേരിക്കയ്ക്കും ലോകത്തിനാകെയും പുതിയൊരു ഭീഷണി ഉയർത്തിയിരിക്കുകയാണെന്ന് ടില്ലേഴ്‌സൺ പറഞ്ഞു. ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാസമിതിയിൽ ഇക്കാര്യം രഹസ്യമായി ചർച്ച ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ് അപലപിച്ചു. രക്ഷാമസമിതിയുടെ പ്രമേയങ്ങളുടെ മറ്റൊരു ലംഘനമാണ് ഉത്തര കൊറിയ നടത്തിയതെന്നും മേഖലയിലെ സമാധാന പാനലത്തിന് മറ്റൊരു ഭീഷണിയാണിതെന്നും വക്താവ് മുഖേന ഗുട്ടിറെസ് പറഞ്ഞു.