വേണ്ടത്ര ജനസംഖ്യയില്ലാതെ ദക്ഷിണ കൊറിയ നേരിടുന്ന വിഷമങ്ങൾ വർധിച്ചതിനാൽ ജനന നിരക്ക് വർധിപ്പിക്കുന്നതിനുള്ള ചില വിവാദ നീക്കങ്ങളാണ് രാജ്യം നടത്തുന്നത്.ലോകത്തിൽ ഏറ്റവും കുറഞ്ഞ ജനനിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറിയിരിക്കുകയാണ്. ഇവിടെ പുതുതലമുറക്കാർ വിവാഹത്തിൽ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതിൽ നിന്നും അന്യം നിൽക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം. അതിനെ നേരിടാനായി പുതിയ നീക്കങ്ങളുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു വിവാദമായ കോഴ്സാണ് ഇപ്പോൾ ദക്ഷിണ കൊറിയ ആരംഭിച്ചിരിക്കുന്നത്.

ഇതിൽ ചേരുന്ന വിദ്യാർത്ഥികൾ മാസത്തിൽ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. അതായത് ഡേറ്റിങ് ഇല്ലാത്തവർക്ക് ഇവിടെ അഡ്‌മിഷൻ ഇല്ലെന്ന് സാരം. സിയോളിലെ ഡോൻഗുക്, ക്യോംഗ് ഹീ യൂണിവേഴ്സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നത്. ഡേറ്റിങ്, ലൈംഗികത, സ്നേഹം തുടങ്ങിയവയിൽ അധിഷ്ഠിതമായ കോഴ്സാണിത്. പരമ്പരാഗത കുടുംബജീവിതത്തിൽ നിന്നും അകന്ന് നിൽക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണീ കോഴ്സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ യൂണിവേഴ്സിറ്റികൾ വ്യക്തമാക്കുന്നു.

രാജ്യത്ത് വളർന്ന് വരുന്ന സാമ്പത്തിക സമ്മർദം മൂലമാണ് നിരവധി ചെറുപ്പക്കാർ വിവാഹത്തിൽ നിന്നും കുടുംബജീവിതത്തിൽ നിന്നും അകന്ന് നിൽക്കുന്നതിന് പ്രധാന കാരണം. തൽഫലമായി രാജ്യത്തെ ജനന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുമെത്തിയിരിക്കുന്നു. വീടുകൾ വാങ്ങുന്നതിനുള്ള ഉയർന്ന ചെലവ്, തൊഴിലില്ലായ്മ, ട്യൂഷൻ ഫീസിലെ വർധന തുടങ്ങിയ നിരവധി കാര്യങ്ങൾ ചെറുപ്പക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കിയതിനാൽ അവരിൽ ചിലർക്ക് വിവാഹത്തെക്കുറിച്ചോ കുട്ടികളെ ജനിപ്പിക്കുന്നതിനെക്കുറിച്ചോ ആലോചിക്കാൻ പോലും താൽപര്യമില്ല.

ഇത്തരത്തിൽ വിവാഹത്തിൽ നിന്നും അകന്ന് ജീവിക്കുന്ന പുതു തലമുറയെ വിശേഷിപ്പിക്കാൻ സാമ്പൂ ജനറേഷൻ എന്ന പുതിയ പദവും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ തുടങ്ങിയിരിക്കുന്ന പുതിയ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോൻഗുക്ക് യൂണിവേഴ്സിറ്റിയിലെ പ്രഫ. ജാൻഗ് ജേയ് സൂക്ക് പറയുന്നത്. ഇവിടെ മാര്യേജ് ആൻഡ് ഫാമിലി കോഴ്സ് ആരംഭിച്ചിരിക്കുന്നത് ഇവരാണ്.

ക്യോംഗ് ഹീ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചിരിക്കുന്ന കോഴ്സിന്റെ പേരാണ് ലൗ ആൻഡ് മാര്യേജ് കോഴ്സ്. ഇവിടെ ഇതിനെ സംബന്ധിച്ച ക്ലാസുകൾ വിജയകരമായി നടന്ന് വരുന്നു. ഇൻചിയോണിലെ ഇൻഹാ യൂണിവേഴ്സിറ്റി എൻജിനീയറിംഗിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെങ്കിലും ഇവിടെ നിലവിൽ കുട്ടികൾക്ക് വിജയം, സ്നേഹം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലാസുകൾ നൽകി വരുന്നുണ്ട്. 1977ന് ശേഷം സൗത്തുകൊറിയയിൽ വിവാഹങ്ങളുടെ എണ്ണം ഏറ്റവും അധികം കുറഞ്ഞിരുന്നത് 2016ലായിരുന്നു. ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സിയോൾ 50 ബില്യൺ പൗണ്ടാണ് ചെലവിട്ടിരിക്കുന്നത്.