സോൾ: ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന് 24 വർഷം തടവു ശിക്ഷ. അഴിമതിക്കുറ്റത്തിനാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് ആയിരുന്ന പാർക്ക് ഗ്യുൻ ഹൈയെ കോടതി 24 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അധികാര ദുർവിനിയോഗം, കോഴവാങ്ങൽ അടക്കം 18 കുറ്റങ്ങളാണ് അവർക്കെതിരെ ചാർത്തിയിരുന്നത്.

വധിക്കപ്പെട്ട ഏകാധിപതി പാർക്ക് ചുങ് ഹീയുടെ മകളായ പാർക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വർഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരിൽ ഇംപീച്ച്മെന്റിലൂടെ പുറത്താക്കുകയായിരുന്നു. പാർക്കിനു വേണ്ടി ഉറ്റ തോഴി ചോയി സൂൺ സില്ലി നടത്തിയ അഴിമതികളാണ് ജയിലിൽ കൊണ്ടെത്തിച്ചത്. കോർപറേറ്റുകൾക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.

വിചാരണയുടെ പലഘട്ടങ്ങളും അവർ ബഹിഷ്‌കരിച്ചിരുന്നു. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന സമയത്തും അവർ കോടതിയിൽ ഹാജരായിരുന്നില്ല. വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. പാർക്കിനെതിരെ വൻ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു.

സാംസങ്, റീട്ടെയിൽ ഭീമൻ ലോട്ടെ എന്നിവരിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഫെബ്രുവരിയിൽ ചോയിയെ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയാരോപണങ്ങളെ തുടർന്നാണ് പാർക്കിനെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും.