ഡാളസ്: ജൂലൈ 8 മുതൽ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ ലോഗോ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. ഈവർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം 'ഭവനം ഒരു ദേവാലയം' എന്നുള്ളതാണ്. ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ചാണ് ഈ കോൺഫറൻസ് നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 190 ഡോളറാണ്. കുട്ടികൾക്ക് 95 ഡോളർ. ഹോട്ടലിൽ താമസിച്ച് കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ഒരു കുടുംബത്തിന് 390 ഡോളർ നൽകണം.

ഈ കോൺഫറൻസിന് ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്നും, ആവേശോജ്വമായ തുടക്കം ഈ കുടുംബമേളയുടെ വിജയത്തിനു ശുഭസൂചനയായി കണക്കാക്കുന്നുവെന്നും, സഭാംഗങ്ങളുടെ ഇത്തരം സഹകരണത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നും, കാതോലിക്കാബാവയുടെ സാന്നിധ്യം കോൺഫറൻസിന്റെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുള്ളതുകൊണ്ട് ഇത് ഒരു ചരിത്ര സംഭവമാകുമെന്നും തിരുമേനി പ്രസംഗത്തിൽ സൂചിപ്പിച്ചു. കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഫറൻസ് ഡയറക്ടർ റവ.ഫാ. മാത്യു അലക്‌സാണ്ടർ വിവരിച്ചു. സെന്റ് മേരീസ് ഓഫ് ഇന്ത്യ കരോൾട്ടണിൽ നടന്ന ചടങ്ങിൽ റവ.ഫാ. ബിനോയ് ജോർജ്, കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ, ട്രസ്റ്റി ലജീത്ത് മാത്യു എന്നിവർ പങ്കെടുത്തു.