തൃശ്ശൂർ: കുടിക്കാനായി ഒരു ലിറ്റർ ചാരായം വാറ്റിയാൽ പടം സഹിതം വലിയ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ എന്തുകൊണ്ടാണ് കോടി കണക്കിന് രൂപ പറ്റിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ വീഴുമ്പോൾ മിണ്ടാതിരിക്കുന്നത്. കോടികൾ പറ്റിച്ചു ഹീരയെ പോലൊരു കമ്പനി പൊട്ടി പാളീസായ കാര്യം എത്ര പേർക്കറിയാം. ഏറ്റവും ഒടുവിൽ എസ്. ഐ ഹോംസ് എന്നറിയപ്പെടുന്ന സതേൺ ഇൻവസ്റ്റ്മെന്റ് കമ്പനി പൊളിഞ്ഞടുങ്ങുകയും ഉടമ അജിത്ത് തോമസ് എബ്രഹാം അകത്താവുകയും ചെയ്തിട്ടും എന്റെ മാധ്യമങ്ങൾക്ക് അനക്കമില്ലാത്തത്. കോടികളുടെ പരസ്യം ഇവരിൽ നിന്നും വാങ്ങി വായനക്കാരെ പറ്റിച്ചതിന്റെ കുറ്റബോധം കൊണ്ടാവുമോ?

നാട്ടിലെ ചെറിയ തട്ടിപ്പു പോലും ചിത്രം സഹിതം വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് എന്നാൽ പരസ്യം ധാരാളം നൽകുന്ന ഒരു വ്യവസായിക്കെതിരെ സംസാരിക്കാൻ പോലും താൽപ്പര്യമില്ല. ഫ്ളാറ്റ് നിർമ്മിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 37 പേരിൽനിന്നായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എസ്ഐ ഉടമ അറസ്റ്റിലായിട്ടും മിക്ക ചാനലുകളും പത്രങ്ങളും കണ്ണടച്ചു. ചിലർ ചെറുകോളത്തിൽ വാർത്ത ഒതുക്കുകയും ചെയ്തു. സതേൺ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി. ചെന്നൈ അജിത് തോമസ് എബ്രാഹം (52) ആണ് ചെന്നൈ എഗ്മൂറിൽ വെച്ച് അറസ്റ്റിലായത്.

വെളപ്പായ സ്വദേശി ഡോ. രാജീവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2017-ൽ നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബാബു െക. തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അജിത് കുമാറിന്റെ എസ്ഐ പ്രോപ്പർട്ടീസ് കമ്പനി ചിയ്യാരത്ത് റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഡോ. രാജീവനിൽനിന്ന് 43,43,381 രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ, കരാർപ്രകാരം പണി പൂർത്തിയാക്കാതെ വരികയും ഫ്ളാറ്റ് ലഭിക്കാത്തതുമായി അവസ്ഥയുണ്ടായി. ഇതോടെയാണ് ഈ വിഷയത്തിൽ രാജീവൻ പരാതി നൽകിയത്. തീറ് നൽകാതെയും തന്നെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഫ്ളാറ്റിന്റെ 50 ശതമാനം പണി പൂർത്തിയാകും മുമ്പുതന്നെ ബുക്ക് ചെയ്തവരിൽനിന്ന് 95 ശതമാനവും തുക അജിത് തോമസ് എബ്രാഹം വാങ്ങിയതായി പൊലീസ് കണ്ടെത്തി. ചെന്നൈ, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സതേൺ ഇൻവെസ്റ്റ്‌മെന്റ്‌സ് കമ്പനി സമീപകാലത്ത് സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. അന്വേഷണസംഘത്തിൽ എഎസ്‌ഐ.മാരായ കെ.എ. മുഹമ്മദ് അഷ്‌റഫ്, ഗ്ളാഡ്സ്റ്റൺ, പൈലോത്, സീനിയർ സി.പി.ഒ. ഹബീബ് എന്നിവരുമുണ്ടായി.

എസ്ഐ ഹോംസിനെതിരെ അടുത്തകാലത്തായി സമാനമായ ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തുമായി വീടു വാങ്ങിയ ഉപഭോക്താക്കൾ പരാതി നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ എസ്‌ഐ ഹോംസിന്റെ ഗ്രീൻ ഹിൽ ഹെയ്റ്റ്സ് എന്ന ഫ്ളാറ്റ് പറഞ്ഞ സമയം കഴിഞ്ഞ് നാല് വർഷമായിട്ടും പൂർത്തിയാക്കി ലഭിക്കാത്തതിനെതുടർന്ന് പരാതിയുമായി ആളുകൾ രംഗ്തതെത്തിയിരുന്നു. തലസ്ഥാനത്തെ ഫ്ളാറ്റ് തട്ടിപ്പിൽ എസ്‌ഐ ഹോംസ് മാനേജിങ്ങ് ഡയറക്ടർ അജിത്ത് നേരത്തെ അറസ്റ്റിലായിരുന്നു.

ഇവിടെ 14 കോടിയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു ആക്ഷേപം. 2010 ഒക്ടോബർ നവംബർ കാലഘട്ടത്തിലാണ് എസ്‌ഐ ഹോംസിന്റെ ഗ്രീൻ ഹിൽ ഹെയ്റ്റ്സ് എന്ന ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചത്. 39 ആളുകളാണ് ഇവിടെ ഫ്ളാറ്റ് വാങ്ങുന്നതിനായി പണം മുടക്കിയത്. ആദ്യ ഗഡുവായി 10 ലക്ഷം രൂപയോളമാണ് നൽകിയത്. ഇവർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് അജിത്കുമാർ അറസ്റ്റിലായത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാത്രം 33 പേർ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. ഒത്ത് തീർപ്പിൽ അവസാന ഡേറ്റ് നൽകിയിരുന്നെങ്കിലും ആ അവധിയും അവസാനിച്ചതോടെ നിക്ഷേപകർ പരാതിയുമായെത്തുകയായിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദേശത്ത് നിന്നുള്ള സമ്പാദ്യം മുഴുവൻ നാട്ടിൽ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് കുരുക്കിലായത്. പലരും നാട്ടിൽ ബാങ്കുകളിൽ നിന്നും ഭവന വായ്‌പ്പയെടുത്ത ശേഷം വിദേശത്ത് അധ്വാനിക്കുന്ന പണം വായ്പ തിരിച്ചടയ്ക്കുന്നവരാണ്. ഫ്ളാറ്റ് ലഭിക്കാത്തിനാൽ വിദേശത്തുനിന്നും മടങ്ങിയവർ വാടകവീടുകളിൽ താമസിക്കുകയാണ് ഇപ്പോഴും.

ഈ വാർത്തയുമായി ബന്ധപ്പെട്ട് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയിൽ തെറ്റായ ചിത്രം നൽകേണ്ടിവന്നതിൽ ഖേദിക്കുന്നു..