തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനം കേരള ഹൈക്കോടതിയും ശരിവച്ചതിൽ പ്രതികരണവുമായി എസ്‌പി. നായർ. കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനു പിന്നാലെ ബീഫ് നിരോധനം നടപ്പാക്കുന്നുവെന്ന പ്രതിഷേധം അലയടിച്ചപ്പോൾ, ബീഫ് നോരധനവോ കശാപ്പ് നിരോധനമോ നടന്നിട്ടില്ലെന്നു വ്യക്തമാക്കി നായർ ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് കശാപ്പ് നിരോധിക്കുകയല്ല ചെയ്തിട്ടുള്ളതെന്ന് ഈ കോട്ടയം സ്വദേശി വിശദീകരിച്ചു. നായരുടെ ഫേസ്‌ബുക് വീഡിയോ ആറു ലക്ഷം പേരാണ് കണ്ടത്. താൻ അന്നു ചോദിച്ച ചോദ്യം ഇപ്പോൾ ഹൈക്കോടതിയും ചോദിച്ചിരിക്കുകയാണെന്ന് നായർ വ്യക്തമാക്കുന്നു.

  സത്യം പറഞ്ഞാൽ ജനം അംഗീകരിക്കുമെന്നതിനു തെളിവാണിതെന്നും നായർ പറയുന്നു. രാജ്യത്ത് കശാപ്പ് നിരോധിച്ചുവെന്നു കള്ളപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണു നടന്നത്. ജനങ്ങളിൽ വൈരാഗ്യബുദ്ധി വളർത്തുന്നതിനു തടയിടണമെന്നു തോന്നിയതുകൊണ്ടാണ് കേന്ദ്ര വിജ്ഞാപനത്തെക്കുറിച്ച് വിശദീകരിച്ച് വിഡീയോ പോസ്റ്റ് ചെയ്തത്. ഇതിന് എന്തു പ്രതിഫലം കിട്ടിയെന്നായിരുന്നു പലരുടെയും ചോദ്യം. ഒരു കട്ടൻചായ പോലും ലഭിച്ചിട്ടില്ലെന്നാണ് ഉത്തരം. എന്നാൽ ഇപ്പോൾ ഹൈക്കോടതി വിധിയും കേന്ദ്രവിജ്ഞാപനം ശരിവച്ചിരിക്കുന്നു. ഹൈക്കോടതി വിധി വന്നു കഴിഞ്ഞപ്പോൾ ചിലരൊക്കെ വിളിക്കുന്നുണ്ട്. നായരേ നിങ്ങൾ പറഞ്ഞതാണ് കോടതിയും പറഞ്ഞിരിക്കുന്നതെന്നാണ് പലരും വിളിച്ചു പറയുന്നത്.

തന്റെ വീഡിയോ കണ്ട് നന്നായി എന്നോ, കൊള്ളാമെന്നോ പറഞ്ഞ് ഒരാൾ പോലും ഫോൺ വിളിക്കുകയോ നേരിട്ട് അഭിനന്ദിക്കുകയോ ചെയ്തില്ല. നല്ലതു ചെയ്താൻ കൊള്ളാമെന്നു കേരളത്തിലെ ജനങ്ങൾ പറയണം. മാലിന്യമുക്തവും ആരോഗ്യപൂർണവുമായ മാംസ ഭക്ഷണം ലഭിക്കാൻ വഴിയൊരുക്കുന്നതാണ് കേന്ദ്ര വിജ്ഞാപനം. വിദേശത്തെ അറവുശാലകൾക്ക് കേരളത്തിലെ സ്വർണക്കടയുടെ വൃത്തിയുണ്ട്. മാംസാഹാരികളുടെ ആരോഗ്യം ഉറപ്പുവരുത്താനുള്ള ഏറ്റവും നല്ല അവസരമായി വിജ്ഞാപനത്തെ പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. പൊതുജനാരോഗ്യത്തിൽ വന്മുന്നേറ്റം ഇതിലൂടെ നടത്താൻ കഴിയുമെന്നും പുതിയ വീഡിയോയിൽ നായർ വിശദീകരിക്കുന്നു.

നേരത്തേ കേന്ദ്രവിജ്ഞാപനത്തിൽ കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയായിരുന്നു നായരുടെ ആദ്യ വീഡിയോ ഫേസ്‌ബുക്കിലൂടെ പുറത്തുവന്നത്. രാജ്യത്ത് കശാപ്പ് നിരോധിക്കുന്ന വിജ്ഞാപനമല്ലിതെന്ന് അദ്ദേഹം വിശദീകരിച്ചു. സുപ്രീംകോടതി വിധി അനുസരിച്ചാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. കാർഷിക ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും 1960 ലെ നെഹ്രു സർക്കാർ ഉണ്ടാക്കിയ നിയമത്തിനു വിരുദ്ധമായതുകൊണ്ട് അതിനെ തടയണമെന്ന് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയാണ് ഉണ്ടായത്. സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.

റംസാൻ നോമ്പ് തുടങ്ങുന്ന സമയത്ത് മുസ്ലിം സഹോദരന്മാരെ പേടിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള മാർഗമായി മാധ്യമങ്ങൾ വാർത്തയെ ഉപയോഗിച്ചത് വേദനാജനകമാമെന്നും നായർ പറഞ്ഞു. സത്യം മറച്ചുവെച്ചുകൊണ്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതല്ല മാധ്യമധർമം. കാലിച്ചന്തകൾ അന്താരാഷ്ട്ര അതിൽത്തിയിൽനിന്ന് 50 കിലോമീറ്ററും സംസ്ഥാന അതിർത്തികളിൽനിന്ന് 25 കിലോമീറ്ററും അകലത്തിലായിരിക്കണമെന്ന നിബന്ധനകൾ 1960ൽ നെഹ്രു സർക്കാർ ഉണ്ടാക്കിയതാണ്. ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്കപ്പെട്ടു. തുടർന്ന് സ്ുപ്രീംകോടതി നല്കിയ നിർദ്ദേശ പ്രകാരം നെഹ്രു സർക്കാർ പാസാക്കിയ നിയമം നടപ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം.

വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. നിയമപരമായി പ്രവർത്തിക്കുന്ന കശാപ്പ്ശാലകൾക്കും യാതൊരു പ്രശ്നവുമില്ല. പഞ്ചസാരയ്ക്കു വെളുത്തനിറം ലഭിക്കാൻ എല്ലുപൊടി വേണം. ചെരിപ്പും പഴ്സും ഒക്കെ ഉണ്ടാക്കാൻ തുകലു വേണം. ക്യാപ്സൂൾ ഉണ്ടാക്കുന്ന പഥാർത്ഥം മൃഗങ്ങളുടെ എല്ലിലെ മജ്ജയിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത്രയും വ്യവസായങ്ങൾക്കു ദോഷകരമാകുന്ന തീരുമാനം പാർലമെന്റ് അറിയാതെ കേന്ദ്ര സർക്കാർ എടുക്കുമോ. രാജ്യത്ത് ആരും വർഗീയ നിയമങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും നായർ തന്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ കേരളഘടകം കമ്യൂണിക്കേഷൻ സെല്ലിന്റെ ഫേസ്‌ബുക് പേജിലടക്കം വീഡിയോ ഷെയർ ചെയ്യപ്പെട്ടു.